കളിക്കളത്തില്‍ ബിക്കിനി വേണ്ട; മാന്യമായ വസ്ത്രം അനുവദിക്കണമെന്ന് വനിതാ കായിക താരങ്ങള്‍

കളിക്കളത്തില്‍ ബിക്കിനി വേണ്ട; മാന്യമായ വസ്ത്രം  അനുവദിക്കണമെന്ന് വനിതാ കായിക താരങ്ങള്‍

ഓസ്ലോ: കളിക്കളത്തില്‍ മാന്യമായ വസ്ത്രം ധരിക്കാനുള്ള വനിതാ കായിക താരങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ യൂറോപ്പിലുടനീളമുള്ള വനിതാ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ രംഗത്ത്. യൂറോപ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബിക്കിനി (bikini) ബോട്ടം ധരിക്കാത്തതിന് നോര്‍വീജിയന്‍ വനിതാ ബീച്ച് ഹാന്‍ഡ് ബോള്‍ ടീമിന് പിഴയിട്ട യൂറോപ്യന്‍ അസോസിയേഷന്റെ നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെ രാജ്യാന്തര, യൂറോപ്യന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷനുകളുടെ പ്രസിഡന്റുമാര്‍ രാജിവയ്ക്കണമെന്ന് വനിതാ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. വനിതാ കളിക്കാര്‍ ബിക്കിനിയാണു ധരിക്കേണ്ടതെന്ന നിയമം 'തുറന്ന ലൈംഗികത' ആണെന്ന വിവാദം ഇതോടെ കൂടുതല്‍ ശക്തമായി.

ജൂലൈ 19 ന് ബള്‍ഗേറിയയില്‍ സ്പെയിനിനെതിരായ യൂറോപ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലാണ് നോര്‍വീജിയന്‍ ടീമിന് ഷോര്‍ട്ട്‌സ് ധരിച്ചതിന്റെ പേരില്‍ 1,500 പൗണ്ട് പിഴ ചുമത്തിയത്. 'അച്ചടക്കമില്ലാത്ത വസ്ത്രം ധരിച്ചു' എന്നു പറഞ്ഞായിരുന്നു യൂറോപ്യന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന്റെ (ഇഎച്ച്എഫ്) ശിക്ഷാ വിധി. തുടര്‍ന്നുള്ള പ്രസ്താവനയില്‍, ഇന്റര്‍നാഷണല്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷനോടൊപ്പം തങ്ങളും ബീച്ച് ഹാന്‍ഡ്ബോള്‍ ജനപ്രിയമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ഓഗസ്റ്റില്‍ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതി കളിക്കാരുടെ യൂണിഫോം ചര്‍ച്ച ചെയ്യുമെന്നും ഇഎച്ച്എഫ് വിശദീകരിച്ചതോടെ മാന്യമായ വസ്ത്രം ധരിക്കാനുള്ള വനിതാ കായിക താരങ്ങളുടെ അവകാശത്തിനെതിരായ നിയമം അരക്കിട്ടുറപ്പിക്കാനാണ് അണിയറ നീക്കമെന്ന കാര്യം വ്യക്തമായി.

യൂറോപ്യന്‍ ബീച്ച് ഹാന്‍ഡ് ബോള്‍ അസോസിയേഷനെതിരെ വ്യാപക വിമര്‍ശമാണുയര്‍ന്നത്. പിഴ അടയ്ക്കാനുള്ള സന്നദ്ധതയുമായി യുഎസ് പോപ് ഗായിക പിങ്ക് മുന്നോട്ടുവന്നതോടെ വിവാദം മൂത്തു. 'യൂണിഫോമിലെ ലൈംഗികച്ചട്ടങ്ങള്‍ക്കെതിരെ പ്രതികരിച്ച നോര്‍വീജിയന്‍ വനിതാ ബീച്ച് ഹാന്‍ഡ് ബോള്‍ ടീമിനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. വനിതകളേ, അഭിവാദ്യങ്ങള്‍ ! നിങ്ങളുടെ പിഴ അടയ്ക്കുന്നതില്‍ സന്തോഷം. ഇതു തുടരൂ ! ' -എന്നായിരുന്നു പിങ്കിന്റെ ട്വീറ്റ്. വനിതാ കായിക താരങ്ങളെ ലൈംഗികവത്കരിക്കുന്നത് നിര്‍ത്തണമെന്ന് മുന്‍ ടെന്നിസ് താരം ബില്ലി ജീന്‍ കിങ്ങും ആവശ്യപ്പെട്ടു.എന്തായാലും ബള്‍ഗേറിയയിലെ ശിക്ഷാ വിധി സ്വീകരിച്ച് ഓരോ കളിക്കാരനും 150 പൗണ്ടിന് തുല്യമായ പിഴ, നോര്‍വീജിയന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍ അടച്ചു.

ഇതിനിടെ, ജര്‍മന്‍ താരങ്ങള്‍ പ്രതിഷേധം ടോക്യോ ഒളിംപിക്സ് വേദിയിലുമെത്തിച്ചു. അവരുടെ വനിതാ ജിംനാസ്റ്റുകള്‍ സ്വിം സ്യൂട്ട് (swim suit) മാതൃകയിലുള്ള ബിക്കിനി കട്ട് ലിയോടാര്‍ഡി(leotard)ന് പകരം കണങ്കാല്‍ വരെയെത്തുന്നതും ശരീരം മുഴുവന്‍ മറയുന്നതുമായ യൂണിറ്റാര്‍ഡ് (unitard) ധരിച്ചാണ് എത്തിയത്. എലിസബത്ത് സീത്സ്, കിം ബുയി, പൗളിന്‍ ഷഫര്‍, സാറ വോസ് എന്നിവരാണ് യൂണിറ്റാര്‍ഡ് അണിഞ്ഞ് മത്സരത്തില്‍ പങ്കെടുത്തത്. പുതുതലമുറയ്ക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായ ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം സാറ വോസ് പറഞ്ഞു. 'ഞങ്ങള്‍ ഏറ്റവുമധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ് 'എന്ന് പൗളിന്‍ ഷഫര്‍ പ്രതികരിച്ചു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഉണ്ടാവണം. ഇത് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം- ഷഫര്‍ കൂട്ടിച്ചേര്‍ത്തു.

വനിതാ ജിംനാസ്റ്റുകള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങളുടെ ചിത്രങ്ങള്‍ ലൈംഗികാതിപ്രസരത്തോടെ സംപ്രേഷണം ചെയ്യുന്നത് തടയുമെന്ന് ഇതിനിടെ ഒളിമ്പിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് അറിയിച്ചിരുന്നു. വനിതാ താരങ്ങളുടെ ശരീരഭാഗങ്ങള്‍ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനും വിലക്കു വന്നു. കായികതാരങ്ങളുടെ പ്രകടനത്തിനാണ് മുന്‍ഗണനയെന്നും, എല്ലാവരും തന്നെ ബഹുമാനം അര്‍ഹിക്കുന്നവരാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍ നിയമാവലി പ്രകാരം വനിതാ താരങ്ങള്‍ ബിക്കിനി ബോട്ടം ധരിച്ചിരിക്കണം. ബിക്കിനി നാല് ഇഞ്ചില്‍ കൂടുതല്‍ ആകരുതെന്നും നിഷ്‌കര്‍ഷയുണ്ട്. എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് നാല് ഇഞ്ചില്‍ കൂടുതലുള്ള ഷോര്‍ട്ട്സ് ധരിക്കാം. വളരെയധികം വിമര്‍ശിക്കപ്പെടുന്നതും വിവാദപരവുമായ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് നോര്‍വീജിയന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. തങ്ങള്‍ 2006 മുതല്‍ ഈ നിയമത്തെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്. സംഭവത്തില്‍ തങ്ങളുടെ താരങ്ങള്‍ക്കൊപ്പമാണ് സംഘടനയെന്ന് ഭാരവാഹികള്‍ ഇന്‍സ്റ്റഗ്രാം പേജിലുടെ അറിയിച്ചു. കൂടാതെ കളിക്കാര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ അവരുടെ സൗകര്യത്തിന് അനുസരിച്ച് വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

നോര്‍വേയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് 'ഇത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ഒരു ലൈംഗിക ആചാരമാണ്,' എന്ന് വനിതാ കായികതാരങ്ങളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇറ്റാലിയന്‍ അസോസിയേഷനായ അസിസ്റ്റി (Assist)ന്റെ പ്രസിഡന്റ് ലൂയിസ റിസിറ്റെല്ലി പറഞ്ഞു.ഫ്രാന്‍സിലെ ആലീസ് മിലിയറ്റ് ഫൗണ്ടേഷനും ജര്‍മ്മനിയിലെ ഡിസ്‌കവര്‍ ഫുട്‌ബോളും ഉള്‍പ്പെടെ ശക്തമായി രംഗത്തുവന്ന ഏഴ് അസോസിയേഷനുകളില്‍ ഒന്നാണ് അസിസ്റ്റ്. രാജ്യാന്തര ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹസ്സന്‍ മുസ്തഫയും അദ്ദേഹത്തിന്റെ യൂറോപ്യന്‍ കൂട്ടാളിയായ മൈക്കിള്‍ വീഡറും രാജിവെക്കണമെന്ന് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.

രണ്ട് അന്താരാഷ്ട്ര കായിക സ്ഥാപനങ്ങളും ചേര്‍ന്ന് സൃഷ്ടിച്ചത്, തിരിച്ചെടുക്കാനാവാത്ത നിലയില്‍ തങ്ങളുടെ പ്രതിച്ഛായ നശിപ്പിച്ച ലജ്ജാകരമായ അവസ്ഥയാണെന്ന് അവര്‍ കത്തിലൂടെ അവര്‍ അഭിപ്രായപ്പെട്ടു. ഒരു സ്ത്രീയുടെ ശരീരം ചൂഷണം ചെയ്യുക എന്നതായിരിക്കരുത് ഇത്തരം നിബന്ധനകളുടെ ലക്ഷ്യം - റിസിറ്റെല്ലി പറഞ്ഞു: 'നോര്‍വേ പ്രതിഷേധിച്ച സംഭവത്തിന് ശേഷം അവര്‍ ഉടന്‍ ഭരണം ഉപേക്ഷിച്ചില്ലെന്ന് മാത്രമല്ല, പിഴ ഉറപ്പിച്ചു.അതും ലജ്ജാകരമാണ്.' നവംബറിലെ ഭരണ സമിതി യോഗത്തില്‍ പുതിയ യൂണിഫോമിനുള്ള ഒരു നിര്‍ദ്ദേശം അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടെന്ന പ്രതികരണം ഇതിനിടെ രാജ്യാന്തര ഹാന്‍ഡ്ബോള്‍ ഫെഡറേഷനില്‍ നിന്ന് അനൗദ്യോഗികമായി പുറത്തുവന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.