ഒട്ടാവ: അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം കര്‍ശന ജാഗ്രതയോടെ നടപ്പാക്കാനൊരുങ്ങി ന്യുസിലാന്‍ഡ്. രാജ്യം വിജയകരമായി നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും അടുത്ത വര്‍ഷം ആദ്യം അതിര്‍ത്തികള്‍ തുറക്കുകയെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അറിയിച്ചു. കാര്യങ്ങള്‍ അനുകൂലമായാല്‍ ഘട്ടം ഘട്ടമായി അതീവ ജാഗ്രതയോടെ അതിര്‍ത്തികള്‍ തുറന്നുകൊടുക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. 2020 മാര്‍ച്ചിലാണ് കോവിഡിനെതുടര്‍ന്ന് ന്യൂസിലാന്‍ഡ് അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചത്.
കോവിഡ് കേസുകള്‍ കുറഞ്ഞ രാജ്യങ്ങളില്‍നിന്ന് വാക്‌സിനേഷന്‍ സ്വീകരിച്ചു വരുന്ന യാത്രക്കാരെയായിരിക്കും ആദ്യം പ്രവേശിപ്പിക്കുക. ഇവര്‍ക്ക് ക്വാറന്റീനും ഒഴിവാക്കും. ഇടത്തരം കോവിഡ് കേസുകളുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ഹോട്ടലില്‍ കുറഞ്ഞ കാലയളവില്‍ ക്വാറന്റീനില്‍ കഴിയണം. അതേസമയം കോവിഡ് കേസുകള്‍ രൂക്ഷമായ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും കുത്തിവയ്പ് എടുക്കാത്തവര്‍ക്കും നേരത്തെയുള്ള പോലെ രണ്ട് ആഴ്ച്ച ക്വാറന്റീന്‍ നിര്‍ബന്ധമായിരിക്കും.
കോവിഡ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും പദ്ധതിയുണ്ട്. കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും രോഗികളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ അവലംബിച്ച രീതികളും ഉള്‍പ്പെടെയുള്ള ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ പ്രതിരോധ നടപടികളാണ് കോവിഡിനെ തുരത്താന്‍ രാജ്യത്തെ സഹായിച്ചത്. 165 ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്താകെ 26 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്.
കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്ന ന്യൂസിലാന്‍ഡിന്റെ സമ്പദ്വ്യവസ്ഥയെ കോവിഡ് നിയന്ത്രണങ്ങള്‍ ബാധിച്ചെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്നാണ് അതിര്‍ത്തികള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ തീരുമാനമെടുത്തത്്. രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികള്‍ തുടരുമെന്നു പ്രധാനമന്ത്രി അറിയിച്ചു.
ഒക്‌ടോബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനം നടപ്പാക്കും. പ്രതിരോധ കുത്തിവയ്പ് എടുത്ത തൊഴിലാളികളെ ഒക്ടോബര്‍ മുതല്‍ വിദേശത്തേക്കു യാത്ര ചെയ്യാനും വീട്ടില്‍ ക്വാറന്റീനിലിരിക്കാനും അനുവദിക്കും. സര്‍ക്കാര്‍ നിയന്ത്രിത ഐസൊലേഷനില്‍നിന്ന് ഒഴിവാക്കും. വാക്‌സിനെടുത്ത എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നു ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി. അതുകൊണ്ട് ഉടനടി അതിര്‍ത്തികള്‍ തുറന്നുകൊടുക്കാനാവില്ല.
അതേസമയം അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായാല്‍ ഇപ്പോഴുള്ള പദ്ധതിയില്‍ മാറ്റം വരാം. അതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്നതിനു മുന്‍പ് വാക്‌സിനേഷന്‍ വിതരണം വേഗത്തിലാക്കും. സെപ്റ്റംബര്‍ 1 മുതല്‍ 16 വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാവര്‍ക്കും ആദ്യ ഡോസ് ബുക്ക് ചെയ്യാന്‍ കഴിയും.
ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം, ന്യൂസിലാന്‍ഡിലെ ജനസംഖ്യയുടെ ഏകദേശം 34% പേര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 20% പേര്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.