ഒക്ടോബര്‍ 30 ന് ശേഷം തങ്ങളുടെ അംഗീകൃത തൊഴില്‍ രേഖകള്‍ പുതുക്കാന്‍ അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഓട്ടോമാറ്റിക്കായി പുതുക്കുന്ന സൗകര്യം ഇനി ഉണ്ടായിരിക്കില്ല.
വാഷിങ്ടണ്‍: അമേരിക്കയിലെ  കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാകുന്ന  പുതിയ നിയമവുമായി  ട്രംപ് ഭരണകൂടം. കുടിയേറ്റക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണ് എന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് (ഡിഎച്ച്എസ്) അറിയിച്ചിരിക്കുന്നത്. 
ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ ആശങ്ക ഉളവാക്കുന്നതാണ് പുതിയ നടപടി. അമേരിക്കയില്‍ ജോലി ചെയ്യാനും താമസിക്കാനും ഉള്ള അംഗീകാരത്തെ ബാധിക്കുന്ന പുതിയ നിയമം ഒക്ടോബര്‍ 30 ന് അമേരിക്കന്‍ സമയം അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.
കുടിയേറ്റ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാലും അത് പുതുക്കാനുള്ള അപേക്ഷ നല്‍കിയ ശേഷം 540 ദിവസം വരെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അനുമതി നല്‍കുന്ന ജോ ബൈഡന്‍ സര്‍ക്കാരിന്റെ തീരുമാനമാണ് ട്രംപ് ഭരണകൂടം റദ്ദാക്കിയത്.
'ഒക്ടോബര്‍ 30 ന് ശേഷം തങ്ങളുടെ അംഗീകൃത തൊഴില്‍ രേഖകള്‍ പുതുക്കാന്‍ അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഓട്ടോമാറ്റിക്കായി പുതുക്കുന്ന സൗകര്യം ഇനി ഉണ്ടായിരിക്കില്ല. ദേശീയ സുരക്ഷയെ സംരക്ഷിക്കുന്നതിനായി വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ സമഗ്രമായ സ്‌ക്രീനിങിന് വിധേയരാകണം. ഇവരുടെ പശ്ചാത്തലം വീണ്ടും അവലോകനം ചെയ്യുന്നതും നിയമത്തില്‍ ഉള്‍പ്പെടുന്നു' - പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്  പ്രസ്താവനയില്‍ അറിയിച്ചു. 
അമേരിക്കയിലെ പൗരത്വ നിയമങ്ങളെ കബളിപ്പിച്ചും ദേശീയ താല്‍പര്യത്തിന് വിരുദ്ധമായ ലക്ഷ്യങ്ങളോടെ താമസിക്കുകയും ചെയ്യുന്ന വിദേശ കുടിയേറ്റക്കാരെ കണ്ടെത്താനാണ് പുതിയ നിയമം എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. 
അമേരിക്കയില്‍  ജോലി ചെയ്യുന്നത് ഒരു പ്രിവിലേജ് ആയിട്ടാണ് കാണേണ്ടതെന്നും അല്ലാതെ അവകാശമല്ലെന്നും  ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. കുടിയേറ്റക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമവും.
വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് 180 ദിവസം മുന്‍പ് പുതുക്കാനുള്ള അപേക്ഷ ഫയല്‍ ചെയ്യണമെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വകുപ്പ് നിര്‍ദേശിക്കുന്നു. കാലാവധി കഴിഞ്ഞ് അപേക്ഷിക്കുന്നത് ജോലി നഷ്ടപ്പെടാന്‍ വരെ കാരണമാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 
അമേരിക്കയില്‍ ഒരു പ്രത്യേക കാലയളവിലേക്ക് ജോലി ചെയ്യാന്‍ അനുവദിക്കുന്ന രേഖയാണ് എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ്സ്(ഇഎഡി).  ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും എച്ച് 1 ബി വിസ ഉടമകള്‍ക്കും ഇത് ബാധകമല്ല. എന്നാല്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ പങ്കാളികള്‍ക്കും എഫ് 1 വിസയുള്ള വിദ്യാര്‍ഥികള്‍ക്കും ഈ രേഖ ആവശ്യമാണ്.
സെപ്റ്റംബറില്‍ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ ഫീസ് 88 ലക്ഷം രൂപയിലേറെ വര്‍ധിപ്പിച്ചത് കുടിയേറ്റക്കാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. സാങ്കേതിക മേഖലയിലാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം ഉണ്ടായത്. അമേരിക്കന്‍ കമ്പനികള്‍ മാതൃ രാജ്യത്തെ തൊഴിലാളികളെ മാറ്റി വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കാനായിരുന്നു അമേരിക്കന്‍ സര്‍ക്കാരിന്റെ ഈ നടപടി. പിന്നീട് ഇതില്‍ ചില ഇളവുകള്‍ വരുത്തിയിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.