ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമംമൂലം മരണം സംഭവിച്ചിട്ടുണ്ടോയെന്ന് കൃത്യമായ അന്വേഷണം നടത്താതെ ഉറപ്പുവരുത്താനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തെഴുതിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
മരണകാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതുമൂലം സമിതി രൂപവത്കരണം നടന്നില്ല. ഫയല്‍ വീണ്ടും ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും.
കോവിഡ് മൂലം ഡല്‍ഹിയില്‍ 25,000 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവയില്‍ എത്ര മരണം ഓക്സിജന്‍ ക്ഷാമംമൂലം ഉണ്ടായി എന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഓക്സിജന്‍ ക്ഷാമം ഉണ്ടായിരുന്നില്ലെന്ന് നമുക്ക് പറയാനാവില്ല. രോഗികളുടെ കുടുംബങ്ങളും ആശുപത്രികളും ആ സമയത്ത് സഹായത്തിനായി ബന്ധപ്പെട്ടിരുന്നുവെന്നും സിസോദിയ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്‌സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
എന്നാല്‍, രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത വന്‍തോതില്‍ വര്‍ധിച്ചുവെന്നും സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുവെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞിരുന്നു.
ഇതിനെതിരേ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും തെറ്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മനീഷ് സിസോദിയ നേരത്തെ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.