ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി; രാജ്യം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവില്‍

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി; രാജ്യം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവില്‍

ന്യൂഡല്‍ഹി: 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ ഏഴ് മണിയോടെ രാഷ്ട്ര പിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി.

7.30ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമര പോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാര്‍ക്ക് ആദരം അര്‍പ്പിച്ചുമാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്.

വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നു പറഞ്ഞ മോഡി പുതു ഊര്‍ജം പകരുന്ന വര്‍ഷമാകട്ടെയെന്നും ആശംസിച്ചു. ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പകര്‍ന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്.

സ്വന്തമായി കോവിഡ് വാക്സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു.

കോവിഡ് മഹാമാരിക്കിടയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കുന്നത്. ഒളിംപിക്‌സിലെ ഇന്ത്യയുടെ അഭിമാന താരങ്ങള്‍ വിശിഷ്ടാതിഥികളായി എത്തി എന്നപ്രത്യേകത ഇത്തവണയുണ്ട്. ആഘോഷങ്ങള്‍ക്കായി കനത്ത സുരക്ഷാ വലയത്തിലാണ് ഡല്‍ഹിയും തൊട്ടടുത്ത നഗരങ്ങളും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അമൃത് മഹോത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

അതിനിടെ, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ സ്വാതന്ത്ര്യദിനം 'കിസാന്‍ മസ്ദൂര്‍ ആസാദി സംഗ്രം ദിവസ്' ആയി ആചാരിക്കും. സമര കേന്ദ്രമായ ഡല്‍ഹി അതിര്‍ത്തികളിലടക്കം രാജ്യവ്യാപകമായി റാലികള്‍ സംഘടിപ്പിക്കും.11 മുതല്‍ ഒരു മണി വരെയാണ് റാലി.

സിംഘു അതിര്‍ത്തിയില്‍നിന്ന് എട്ട് കിലോമീറ്റര്‍ റാലി സംഘടിപ്പിക്കാനാണ് തീരുമാനം. ട്രാക്ടറുകളിലും ബൈക്കുകളിലും ദേശീയപതാകയ്‌ക്കൊപ്പം കര്‍ഷക സംഘടനാ പതാകകളും കെട്ടിയാകും റാലി. ഡല്‍ഹിക്കുള്ളിലേക്ക് റാലി കടക്കില്ലെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു. ഹരിയാനയിലെ ജിന്ദില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയ പാത ഉപരോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.