ഓസ്‌ട്രേലിയന്‍ ആകാശത്ത് ചിറകടിച്ചു പറന്നിരുന്നു പത്തു കോടി വര്‍ഷം മുമ്പ് കൂറ്റന്‍ 'ഡ്രാഗണ്‍'; താടിയെല്ല് മ്യൂസിയത്തില്‍

ഓസ്‌ട്രേലിയന്‍ ആകാശത്ത് ചിറകടിച്ചു പറന്നിരുന്നു പത്തു കോടി  വര്‍ഷം മുമ്പ് കൂറ്റന്‍ 'ഡ്രാഗണ്‍'; താടിയെല്ല് മ്യൂസിയത്തില്‍

മെല്‍ബണ്‍: പത്തു കോടി വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയുടെ ആകാശത്തെ ഭീകരതയിലാഴ്ത്തി പറന്നു നടന്നിരുന്ന ഭീമാകാര 'ഡ്രാഗണി'ന്റേതെന്നു കരുതപ്പെടുന്ന അസ്ഥിശകലം വിശകലനം ചെയ്ത വിദഗ്ധര്‍ക്കു ലഭിച്ചത്, ഇരു ചിറകുകള്‍ക്കിടയില്‍ 30 അടി അകലമുണ്ടായിരുന്ന ഉരഗ ജീവിയെ സംബന്ധിച്ച വിസ്‌യകരമായ വിവരങ്ങള്‍.ഡ്രാഗണ്‍ എന്ന ജീവി സാങ്കല്പികമാണെങ്കിലും അതിനോട് ഏറ്റവും അടുത്ത ഉദാഹരണമായി ഈ റ്റെറോസോര്‍ വര്‍ഗാംഗത്തെ ചൂണ്ടിക്കാണിക്കാവുന്നതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

റ്റെറോസോര്‍ ( pterosaur) എന്ന പറക്കുന്ന ഉരഗത്തിന്റെ വര്‍ഗത്തില്‍പ്പെട്ട ഭീമന്‍ ഫോസിലാണ്(fossil) ഈ കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നത്.ലഭ്യമായ താടിയെല്ലിന്റെ ഭാഗം പരിശോധിച്ച ശേഷം ശാസ്ത്ജ്ഞര്‍ പറയുന്നത് നട്ടെല്ലുള്ള ഈ ജീവിയുടെ തലയോട്ടിക്ക് ഒരു മീറ്ററിലേറെ വ്യാസമുണ്ടായിരുന്നെന്നാണ്. ഓസ്‌ട്രേലിയയില്‍ ഇതു വരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ പറക്കും ഉരഗത്തിന്റെ ഫോസിലാണിത്.അസ്ഥി ബന്ധമുള്ള പൗരാണിക അവശിഷ്ടങ്ങളെപ്പറ്റിയുള്ള ശാസ്ത്ര പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് വെര്‍ട്ടിബ്രേറ്റ് പാലിയന്റോളജിയില്‍(journal of vertebrate paleontology) പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.റിച്ച്‌മോണ്ടിലെ ക്രോണെസോറസ് കോര്‍നര്‍ മ്യൂസിയത്തില്‍ ഈ ഫോസില്‍ ഇനി കാണാനാകും.

യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്ലന്‍ഡില്‍ ഡോ. ടിം റിച്ചാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് റ്റെറോസോറിന്റെ ഫോസില്‍ പഠനവിധേയമാക്കിയത്. ക്വീന്‍സ്ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശത്തും വ്യാപിച്ചിരുന്ന 'എറൊമാംഗ സീ' മേഖലയ്ക്കു മീതെ ഈ റ്റെറോസോറുകള്‍ പറന്നിരിക്കാമെന്നാണ്് ഗവേഷകരുടെ നിഗമനം.40 കൂര്‍ത്ത പല്ലുകളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്. കടലില്‍ നിന്ന് മത്സ്യങ്ങളെ കൊത്തിയെടുത്ത് പറക്കാന്‍ ഇവയുടെ കൂര്‍ത്ത കൊക്ക് ഏറെ അനുയോജ്യമായിരുന്നു.ദിനോസറിന്റെ കുഞ്ഞുങ്ങളെ വരെ അകത്താക്കിയിരുന്നു ഈ റ്റെറോസോറുകളെന്ന് ഗവേഷകര്‍ കരുതുന്നു.പൊള്ളയായ അതിദൃഢ അസ്ഥികളായിരുന്നു ഇവയുടേത്.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസര്‍ യുഗത്തില്‍ ജീവിച്ചിരുന്ന റ്റെറോസോറുകള്‍ ആണ് നട്ടെല്ലുള്ള ജീവികളില്‍ പറക്കാനുള്ള കഴിവ് ആദ്യമായി ആര്‍ജ്ജിച്ചെടുത്തത്. ഭൂമുഖത്തുണ്ടായിരുന്നതില്‍ ഏറ്റവും വലിയ പക്ഷിയെന്നു പറയാവുന്നതും റ്റെറോസോറിനക്കുറിച്ചാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അസാധാരണമായ വലിപ്പമുള്ള തലയും നീണ്ട കഴുത്തുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഏകദേശം 250 കിലോഗ്രാമെങ്കിലും ഇവയ്ക്ക് ഭാരമുണ്ടായിരുന്നതായി കരുതുന്നു.

വടക്ക് പടിഞ്ഞാറന്‍ ക്വീന്‍സ്ലന്‍ഡിലെ റിച്ച്മോണ്ടിന് സമീപം ഒരു ക്വാറിയില്‍ നിന്നാണ് 2011 ജൂണില്‍ പറക്കും ഡ്രാഗണിന്റെ ഫോസില്‍ ലഭിച്ചത്. റിച്ച്മോണ്ടില്‍ ജീവിച്ചിരുന്ന വനാമരാ ഗോത്രവര്‍ഗ്ഗക്കാരോടുള്ള ആദര സൂചകമായി ഈ സ്പീഷില്‍പ്പെട്ട റ്റെറോസോറിന് ' തപുന്‍ഗാകാ ഷോവി ' എന്ന് പേരിട്ടു. ആന്‍ഹന്‍ഗ്വെറിയന്‍സ് റ്റെറോസോര്‍ വിഭാഗത്തിന്റെ ഭാഗമാണ് പുതിയതായി കണ്ടെത്തിയിരിക്കുന്ന തപുന്‍ഗാകാ ഷോവി സ്പീഷീസ്. കുന്തം, വായ എന്നെല്ലാം അര്‍ത്ഥം വരുന്ന വനാമരാ ഭാഷയിലെ വാക്കുകള്‍ ചേര്‍ന്നതാണ് ' തപുന്‍ഗാകാ '. ഫോസില്‍ കണ്ടെത്തിയ ലെന്‍ ഷോയോടുള്ള ആദരാര്‍ത്ഥമാണ് ഷോവി. ഓസ്‌ട്രേലിയയ്ക്ക് പുറത്ത് മറ്റ് ഭൂഖണ്ഡങ്ങളിലും ഇവ ജീവിച്ചിരുന്നുവെന്ന് കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.