മോസ്കോ: റഷ്യ- ഉക്രെയ്ന്‍ സമാധാന പദ്ധതിക്കുള്ള കരട് രേഖയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരാഴ്ചത്തെ സമയ പരിധിക്കുള്ളില്‍ കരട് രേഖ അംഗീകരിച്ചില്ലെങ്കില്‍ ആയുധ - ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് ഉക്രെയ്‌ന് മേല്‍ സമ്മര്‍ദം കടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം.
ഡോണ്‍ബാസ് പ്രവിശ്യയിലെ ലുഹാന്‍സ്‌കും ഡൊണെറ്റ്‌സ്‌കും പൂര്‍ണമായും കെര്‍സണും സപോരീഷ്യയും ഭാഗികമായും വിട്ടുനല്‍കണം, നിലവില്‍ 8,80,000 സൈനികരുള്ള ഉക്രെയ്ന്‍ സായു ധസേനയുടെ വലിപ്പം ആറ് ലക്ഷമായി കുറയ്ക്കും, ഉക്രൈന് നാറ്റോ അംഗത്വം നല്‍കില്ല, ആവശ്യമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടാം, ഇരുപക്ഷവും കരാര്‍ അംഗീകരിച്ചാല്‍ ഉടനടി വെടിനിര്‍ത്തല്‍ ഉറപ്പ്. വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ 100 ദിവസത്തിനുള്ളില്‍ ഉക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടത്തണം. തുടങ്ങിയവയാണ് അമേരിക്ക മുന്നോട്ടുവെച്ച 28 ഇന റഷ്യ-ഉക്രെയ്ന്‍ സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.
ഗാസ സമാധാന കരാറിന്റെ മാതൃകയില്‍ ട്രംപ് അധ്യക്ഷനായ സമാധാന കൗണ്‍സിലാകും വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നത്. റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ സംയുക്ത സൈനിക പ്രതികരണമുണ്ടാകുമെന്നും ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും കരാറില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഉക്രെയ്ന്‍ തിരിച്ചടിച്ചാല്‍ ഈ ഉറപ്പ് അസാധുവാകും. സുരക്ഷാ ഉറപ്പുകള്‍ക്ക് പകരം ഉക്രെയ്ന്‍ യുഎസിന് നഷ്ട പരിഹാരം നല്‍കേണ്ടി വരും. റഷ്യയ്‍ക്കെതിരായ ഉപരോധങ്ങള്‍ ക്രമേണ പിന്‍വലിക്കാനും, G8 കൂട്ടായ്മയിലേക്ക് റഷ്യയ്ക്ക് വീണ്ടും പ്രവേശനം അനുവദിക്കാനും കരാര്‍ നിര്‍ദേശിക്കുന്നു.
സമാധാന പദ്ധതി അംഗീകരിക്കാൻ യുഎസിന്റെ സമ്മർദം ഏറിവരുന്നതിനാൽ വരും ദിവസങ്ങൾ ഉക്രെയ്‌ന് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും എന്ന് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ‘ഒന്നുകിൽ രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടുത്തുക അല്ലെങ്കിൽ സുപ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുത്തുക... വളരെ കടുപ്പമേറിയ ഒരു തീരുമാനം എടുക്കേണ്ടിവരും. യുഎസുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെങ്കിലും ഉക്രെയ്‌നിന്റെ ദേശീയ താൽപര്യങ്ങളോ പരമാധികാരമോ വിട്ടുവീഴ്ച ചെയ്യില്ല.‘- സെലെൻസ്കി പറഞ്ഞു.
ഉക്രെയ്‌ൻ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യയ്‌ക്ക് വാദിക്കാൻ അവസരം നൽകാതിരിക്കാൻ നിർദിഷ്ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടും. ബദലുകൾ നിർദേശിക്കും. 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌നിൽ ആക്രമണം ആരംഭിച്ചപ്പോൾ നമ്മൾ നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്തില്ല. ഇപ്പോഴും അങ്ങനെ ചെയ്യില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൊന്നാണിതെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു,
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.