കോവിഡ് വ്യാപകം: നോര്‍ത്ത് ടെക്‌സസിലെ സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചു

കോവിഡ് വ്യാപകം: നോര്‍ത്ത് ടെക്‌സസിലെ സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചു


ടെക്‌സസ്:നോര്‍ത്ത് ടെക്‌സസ് മേഖലയില്‍ കോവിഡ് -19 കേസുകള്‍ ഏറിയതോടെ മിക്ക സ്‌കൂള്‍ ജില്ലകളിലെയും കാമ്പസുകള്‍ താല്‍ക്കാലികമായി അടച്ചു. സ്‌കൂള്‍ വര്‍ഷം ആരംഭിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പല അധ്യാപകര്‍ക്കും ക്വാറന്റൈന്‍ പ്രശ്‌നങ്ങളാല്‍ എത്താനാകാതെ വന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അധികൃതര്‍ ഈ തീരുമാനമെടുത്ത്.

'ഈ സമയത്ത് ഞങ്ങളുടെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച തീരുമാനമാണിതെന്ന് ഞങ്ങള്‍ കരുതുന്നു.കഴിഞ്ഞ വാരാന്ത്യത്തിലുടനീളം സ്റ്റാഫ് ഇക്കാര്യത്തിനായി ഞങ്ങളെ ബന്ധപ്പെട്ടിരുന്നു' വാസ്‌കോം ഐഎസ്ഡി സൂപ്രണ്ട് റെയ് ആന്‍ പാറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ കൂടുകയും ആശുപത്രികള്‍ നിറയുകയുമാണ്.ടെക്‌സാസിലുടനീളമുള്ള മിക്ക ആശുപത്രികളിലും ഐസിയു കിടക്കകള്‍ ഒഴിവില്ലാത്ത സ്ഥിതിയാണ്. ഹ്യൂസ്റ്റണ്‍, ഡാളസ് തുടങ്ങിയ നഗരങ്ങളിലെ കുട്ടികളില്‍ കോവിഡിനു പുറമേ ശ്വസനത്തകരാറുണ്ടാക്കുന്ന ആര്‍ എസ് വി കേസുകളുടെ വര്‍ദ്ധനവും ആശുപത്രികളെ പ്രതിസന്ധിയിലാക്കിത്തുടങ്ങി. പീഡിയാട്രിക് ഐസിയു കിടക്കകള്‍ക്ക് മിക്കയിടത്തും കടുത്ത ദൗര്‍ലഭ്യമുണ്ട്.



നോര്‍ത്ത് ടെക്‌സസിലെ മുഴുവന്‍ സ്ഥലങ്ങളും നിലവില്‍ 'ഉയര്‍ന്ന' കോവിഡ് സമൂഹ വ്യാപന തലത്തിലാണ്.ഇതിനിടെ ഗവര്‍ണര്‍ അബോട്ട് കോവിഡ് ബാധിതനായതും വലിയ വാര്‍ത്തയായി. അബോട്ടും മറ്റ് പല ഉന്നത ഉദ്യോഗസ്ഥരും വിശ്വസിക്കുന്നത് മുഖംമൂടിയും പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട വ്യക്തിഗത ഉത്തരവാദിത്തവും തിരഞ്ഞെടുപ്പു സ്വാതന്ത്ര്യവും മാനിക്കപ്പെടണമെന്നാണ്.

മാസ്‌ക് നിര്‍ബന്ധമാക്കരുതെന്ന ഗവര്‍ണറുടെ ഉത്തരവിനെതിരെ ഡോക്ടര്‍മാരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വ്യാപകമായി സ്വരമുയര്‍ത്തി വരുന്നു. ഇതിന്റെ പേരില്‍ ഗവര്‍ണറുമായുള്ള കോടതികളുടെ ഇടപെടലും ചര്‍ച്ചയാണ്.പൊതുജനാരോഗ്യത്തെ മൊത്തത്തില്‍ പരിരക്ഷിക്കുന്നതിന് മാസ്‌കുകള്‍ നിര്‍ബന്ധമാക്കണമെന്ന് പലരും അഭ്യര്‍ത്ഥിക്കുന്നു, പ്രത്യേകിച്ചും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇതുവരെ കുത്തിവയ്പ്പ് നല്‍കാന്‍ കഴിയാത്ത സ്‌കൂളുകളില്‍.വ്യാപനം കൂടുതലാകുമ്പോള്‍, പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും വീടിനുള്ളില്‍ പോലും മുഖംമൂടി ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.യുഎസ് ജനസംഖ്യയുടെ ഏകദേശം 51 ശതമാനം പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നാണ് കണക്ക്.

സംസ്ഥാനത്തൊട്ടാകെയുള്ള ഒന്നിലധികം സ്‌കൂള്‍ ജില്ലകള്‍ ഗവര്‍ണറുടെ ഉത്തരവ് പരസ്യമായി ധിക്കരിക്കുന്ന സാഹചര്യമുണ്ടായി. തങ്ങളുടെ സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍, വേണ്ടിവന്നാല്‍ സിവില്‍ അനുസരണക്കേടുമായി ബന്ധപ്പെട്ട പിഴ അടയ്ക്കാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.ഗവര്‍ണറുമായി കോടതിയില്‍ പോരാടുന്നതിന് സ്‌കൂള്‍ ജില്ലകള്‍ക്കായി ഫണ്ട് സമാഹരിക്കാന്‍ പോകുന്നതായി സാന്‍ അന്റോണിയോയില്‍ നിന്നുള്ള ടെക്‌സസ് സ്റ്റേറ്റ് സെനറ്റര്‍ ജോസ് മെനെന്‍ഡസ് ട്വീറ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.