തകർന്ന് കൊല്‍ക്കത്ത, പ്ലേ ഓഫ് പ്രതീക്ഷയുമായി ബാംഗ്ലൂർ

തകർന്ന് കൊല്‍ക്കത്ത, പ്ലേ ഓഫ് പ്രതീക്ഷയുമായി ബാംഗ്ലൂർ

ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വിരസമായ മത്സരമായിരുന്നു ബാംഗ്ലൂ‍‍ർ റോയല്‍ ചലഞ്ചേഴ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം. ടൂർണമെന്‍റ് പുരോഗമിക്കുമ്പോള്‍ ഒരേ ഗ്രൗണ്ടില്‍ കളിക്കുന്നതിന്‍റെ പ്രശ്നം. ഒരേ വിക്കറ്റുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിന്‍റെ പ്രശ്നം എല്ലാ വിക്കറ്റുകള്‍ക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഷെയ്ഖ് സയ്യീദ് സ്റ്റേഡിയത്തിലെ വിക്കറ്റിന് അത്തരത്തിലുളള ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. നിരുത്തരവാദപരമായ ബാറ്റിംഗ്. മികച്ച ബൗളിംഗും ഫീല്‍ഡിംഗും അതുകൊണ്ടുതന്നെയായിരിക്കണം ഇത്തരത്തിലൊരു തകർച്ച കൊല്‍ക്കത്തക്ക് നേരിടേണ്ടി വന്നത്. പലപ്പോഴും വലിയ വിമർശങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ട്രോളുകള്‍ക്കുമൊക്കെ വിധേയനാകേണ്ടിവന്നിട്ടുളള ഹൈദരാബാദില്‍ നിന്നുളള, സ്വന്തം അധ്വാനത്തിന്‍‍റെ മികവ് കൊണ്ട് മാത്രം വള‍ർന്നുവന്നിട്ടുളള താരമായ മുഹമ്മദ് സിറാജ്, അദ്ദേഹത്തിന്‍റെ വിമർശകർക്കുളള ഏറ്റവും നല്ല മറുപടിയായിട്ട് ഇന്നത്തെ ബൗളിംഗിനെ കാണാം. രണ്ട് ലെഫ്റ്റ് ഹാന്‍ഡേഴ്സുളള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ടോപ് ഓർഡറിനെ ഒരു പക്ഷെ ലെഫ്റ്റ് ആം സ്പിന്നറിനെ ഷഹബാസ് അഹമ്മതെന്ന ലെഫ്റ്റ് ആം സ്പിന്നർക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചതും ന്യൂബോള്‍ അദ്ദേഹത്തിന് നല്കിയതും മത്സരത്തിന്‍റെ വഴിത്തിരിവായെന്ന് വിലയിരുത്താം.

ഒരു പക്ഷെ ടെസ്റ്റ് മത്സരങ്ങളില്‍ പോലും വളരെ അപൂർവ്വമായി കാണുന്ന സീ മൂവ് മെന്‍റ് ബൗളിംഗില്‍ കാണാനായി. രാഹുല്‍ ത്രിപാഠിയെ പുറത്താക്കിയത് മികച്ചുനിന്നു. 116 സ്ട്രൈക്ക് റേറ്റിലാണ് താന്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും 200 റണ്‍സിലെങ്കിലും കൂടുതല്‍ അടിച്ചിട്ടുളള താരങ്ങളില്‍ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റ് തന്‍റേതാണെന്ന ബോധ്യം ശുഭ്മാന്‍ ഗില്ലിനുണ്ടായിരുന്നു. വീരേന്ദ്രസേവാഗിനെ പോലുളള ക്രിക്കറ്റ് നിരീക്ഷകർ അത് സൂചിപ്പിക്കുകയും ചെയ്യുമ്പോള്‍ അല്‍പം സമ്മർദ്ദത്തിലായിരുന്നു ശുഭ്മാന്‍ ഗില്‍. മോശം ഷോട്ടിലേക്ക് പോയി പുറത്തായി. അവിടെ നിന്ന് ഇങ്ങോട്ട് സമ്മർദ്ദത്തില്‍ നിന്ന് കര കയറാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. മധ്യനിരയ്ക്ക് സമ്മർദത്തെ അതിജീവിക്കാനുളള കരുത്തുമുണ്ടായില്ല. രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത എത്തിയത്. ശിവം മാവിക്ക് പകരം പ്രസിദ് കൃഷ്ണയെ കൊണ്ടുവരുന്നു. ആന്ദ്രേ റസ്സല്‍ പരുക്കുമൂലം വിട്ടുനില്‍ക്കുന്നു. ടോം ബാന്‍റണ് അവസരം കിട്ടുന്നു. പക്ഷെ രണ്ടും അവർക്ക് ഗുണം ചെയ്തില്ല. വിലക്ക് കിട്ടിയതിന് ശേഷം സുനില്‍ നരെയ്ന്‍ നൂറു ശതമാനം ഫിറ്റ് നസിലേക്ക് വരാത്തതും തിരിച്ചടിയാകുന്നു.

മറുവശത്ത് അദ്ദേഹത്തിന്‍റെ പ്രകടനത്തിന്‍റെ അതേ നിലവാരത്തിലേക്ക് മറ്റുളളവർ വരാത്തപ്പോള്‍ വിഷമിക്കുന്ന നായകന്‍ വിരാട് കോലിക്ക് പകരം അത്രയൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന മുഹമ്മദ് സിറാജിനെ പോലും ചേർത്ത് നിർത്തുന്ന മറ്റൊരു വിരാട് കോലിയെയാണ് കാണാന്‍ സാധിക്കുന്നത്. എ ബി ഡിവില്ലേഴ്സിനോട് വലിയ സൗഹൃദം പങ്കിടുന്ന ഡ്രെസിംഗ് റൂമിനെ പോലും സന്തോഷത്തിലാക്കുന്ന നായകന്‍, അത് ടീമിന്‍റെ മൊത്തം പ്രകടത്തെ സ്വാധീനിക്കുന്നുണ്ട്. ടീം പ്ലേ ഓഫിലേക്ക് എത്താനുളള സാധ്യത കൂടിയെങ്കിലും ഏത് സ്ഥാനത്തായിരിക്കും എത്തുകയെന്നത് അനുസരിച്ചിരിക്കും ഫൈനലിലേക്കുളള അവരുടെ പ്രവേശനം. ഇതുവരെ കിരീടം നേടാത്ത ടീമാണ് ബാംഗ്ലൂർ. നിർണായക സമയങ്ങളില്‍ പതറിപോകുന്നുവെന്നുളള വിമർശനം കേള്‍ക്കുന്ന ടീമാണ്. നല്ല മത്സരങ്ങള്‍ ഇനിയും കളിക്കാനുണ്ടെന്നുളളത് നിലനില്‍ക്കെ തന്നെ നിലവിലുളള രീതിയില്‍ കളി തുടന്നാല്‍, വിരാട് കോലിയേയും ഡിവില്ലേഴ്സിനെയും അമിതമായി ആശ്രയിക്കാതെ ഒത്തിണക്കത്തോടെ കളിച്ചാല്‍ കിരീടനേട്ടം ബാംഗ്ലൂരിന് അപ്രാപ്യമല്ല.

 സ്കോ‍ർ KKR 84/8 (20)RCB 85/2 (13.3)

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.