കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ കാബൂള്‍ വിമാനത്താവളത്തിലായിരുന്നു ഇന്ത്യക്കാരെ തടഞ്ഞുവച്ചത്.
രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാന്‍ ട്രക്കുകളില്‍ പുറത്തേക്ക് കൊണ്ടു പോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്കൊപ്പം ഏതാനും അഫ്ഗാന്‍ പൗരന്മാരും അഫ്ഗാനിലെ സിഖ് വംശജരും ഉണ്ടായിരുന്നു.
85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തില്‍ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്.
കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇനിയും ആയിരത്തോളം ഇന്ത്യക്കാര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരില്‍ പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കണ്ടെത്തുക ദുഷ്‌കരമാണെന്നും അധികൃതര്‍ പറയുന്നു.
അതിനിടെ, കാബൂള്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന രക്ഷാദൗത്യം തടസപ്പെടുത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ താലിബാന് മുന്നറിയിപ്പു നല്‍കി. യു.എസ് സൈനികരെ ആക്രമിക്കുകയോ രക്ഷാദൗത്യം തടസപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ നേതാവ് മുല്ല അബ്ദുള്‍ ഗനി ബരാദര്‍ കാബൂളിലെത്തി. താലിബാന്‍ കമാന്‍ഡര്‍ അടക്കമുള്ളവരുമായി ബരാദര്‍ ചര്‍ച്ച നടത്തും. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്റഫി ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി അഹമ്മദ്സായി താലിബാന് പിന്തുണ പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.