ഇരുപത്തിയഞ്ചാം മാർപാപ്പ വി. ഡയോനിസിയൂസ് മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-26)

ഇരുപത്തിയഞ്ചാം  മാർപാപ്പ  വി. ഡയോനിസിയൂസ് മാര്‍പ്പാപ്പ  (കേപ്പാമാരിലൂടെ ഭാഗം-26)

ഏ.ഡി. 258 ആഗസ്റ്റ് 6-ാം തീയതി വി. സിക്സ്റ്റസ് രണ്ടാമന്‍ മാര്‍പ്പാപ്പ വലേരിയന്‍ ചക്രവര്‍ത്തിയാല്‍ ശിരഛേദം ചെയ്യപ്പെട്ടതിനുശേഷം ഏകദേശം ഒരു വര്‍ഷക്കാലത്തോളം വി. പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞുകിടന്നു. പിന്നീട് ഏ.ഡി. 259, ജൂലൈ 2-ാം തീയതി തിരുസഭയുടെ ഇരുപത്തിയഞ്ചാമത്തെ തലവനും വി. പത്രോസിന്റെ പിന്‍ഗാമിയുമായി വി. ഡയോനിസിയൂസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു.

വി. ഡയോനിസിയൂസ് മാര്‍പ്പാപ്പ ഏ.ഡി. 200-ല്‍ ഇറ്റലിയില്‍ ഗ്രീക്ക് വംശജരായ മാതാപിതാക്കള്‍ക്ക് ജനിച്ചു. വലേരിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനക്കാലത്ത് അദ്ദേഹം റോമില്‍ ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു. പാഷണ്ഡികളായ നോവേഷ്യനിസ്റ്റ് പരികര്‍മ്മം ചെയ്ത മാമ്മോദീസയുടെ സാധുതയെ സംബന്ധിച്ച് റോമിലെയും ആഫ്രിക്കയിലെയും സഭാസമൂഹങ്ങള്‍ തമ്മില്‍ വിഭാഗിയതയും തര്‍ക്കവും നിലനിന്നിരുന്നു. പ്രസ്തുത വിഭാഗിയത പരിഹരിക്കുന്നതിനായി ഡയോനിസിയൂസ് സഭാനേതൃത്വത്തിന് രണ്ട് കത്തുകള്‍ എഴുതി എന്ന് സഭാചരിത്രകാരനായ യൗസേബിയൂസ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

വി. സിക്സ്റ്റസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ രക്തസാക്ഷിത്വത്തിനുശേഷം പത്രോസിന്റെ സിംഹാസനം ഏകദേശം ഒരു വര്‍ഷത്തോളം ഒഴിഞ്ഞുകിടന്നുവെങ്കിലും പുതിയ മാര്‍പ്പാപ്പയെ കണ്ടെത്തുവാന്‍ അതിതീവ്രമായ മതപീഡനത്തിന്റെ പശ്ചാതലത്തില്‍ സഭാനേതൃത്വത്തിനു കഴിഞ്ഞില്ല. സഭയുടെ പുതിയ തലവനെ കണ്ടെത്തുവാന്‍ പല ശ്രമങ്ങളും നടന്നുവെങ്കിലും അതിതീവ്രമായ മതപീഡനം മൂലം തിഞ്ഞെടുക്കപ്പെട്ടവര്‍ പലരും പത്രോസിന്റെ പിന്‍ഗാമി എന്ന വിശുദ്ധവും മൂല്യമേറിയതും എന്നാല്‍ ഭാരിച്ചതുമായ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയ്യാറായില്ല. എന്നാല്‍ ഏകദേശം ഒരു വര്‍ഷത്തിനുശേഷം ഏ.ഡി. ജൂലൈ 9-ാം തീയതി ഡയോനിസിയൂസ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

ഏ.ഡി. 260-ല്‍ പേര്‍ഷ്യന്‍ സൈന്യം റോമന്‍ ചക്രവര്‍ത്തിയായിരുന്ന വലേരിയനെ ബന്ധനസ്ഥനാക്കുകയും വധിക്കുകയും ചെയ്തു. തുടര്‍ന്ന് റോമന്‍ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ട വലേരിയന്‍ ചക്രവര്‍ത്തിയുടെ മകനായ ഗലിയേനൂസ് തന്റെ പുതിയ ഉത്തരവ് വഴിയായി ക്രിസ്ത്യാനികളോട് സഹിഷ്ണുത കാണിക്കുവാനും ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം നിര്‍ത്താലാക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. അതിനോടൊപ്പം ഗലിയേനൂസ് തന്റെ ഉത്തരവ് വഴി സഭയ്ക്ക് നിയമസാധുത നല്കുകയും ചെയ്തു. ഈ സാഹചര്യം തിരുസഭയ്ക്ക് പുത്തനുണര്‍വും സമാധാനവും നല്കുന്നതായിരുന്നു. മാത്രമല്ല ദേവലായങ്ങള്‍ പുതുക്കി പണിയുവാനും ക്രിസ്ത്യന്‍ ആരാധന പുനഃരാരംഭിക്കുവാനും ചക്രവര്‍ത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു. സമാധാനത്തിന്റെ ഈ കാലയളവ് നാലു ദശകങ്ങള്‍ നീണ്ടുനിന്നു.

മതപീഡനം മൂലം താറുമാറായിരുന്ന സഭാ സംവിധാനത്തെ പുനഃസംഘടിപ്പിക്കുവാനും നവീകരിക്കുവാനും ഡയോസിനിയൂസ് മാര്‍പ്പാപ്പ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. തന്റെ മുന്‍ഗാമികളെപ്പോലെതന്നെ നോവേഷ്യനിസത്തിന് എതിരെ ശക്തമായ നിലപാടുകള്‍ എടുക്കുകയും മതപീഡനക്കാലത്ത് വിശ്വാസത്യാഗം ചെയുകയും എന്നാല്‍ മനസ്തപിച്ച് തിരുസഭയുമായി വീണ്ടും ഐക്യപ്പെടുവാന്‍ ആഗ്രഹിക്കുന്നവരെ തീര്‍ച്ചയായും സഭയില്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു.

മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെതന്നെ ഡയോനിസിയൂസ് മാര്‍പ്പാപ്പയ്ക്ക് സഭയില്‍ ഉടലെടുത്ത പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച പുതിയ വിവാദത്തിന് ഒരു പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഉടലെടുത്തു. അലക്‌സാണ്ട്രിയിലെ ഡയോനിസിയൂസ് മെത്രാന്‍ സബെല്ലിയനിസം എന്ന പാഷണ്ഡതയ്‌ക്കെതിരെയുള്ള തന്റെ രചനയില്‍ പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ പുത്രന്‍ കപ്പല്‍ കപ്പല്‍ നിര്‍മ്മിതാവില്‍ നിന്നും എപ്രകാരം വിത്യസ്തമാണോ അപ്രകാരം സത്തയില്‍ പുത്രന്‍ പിതാവില്‍ നിന്നും ഭിന്നമാണെന്നുമുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തി. ഇത്തരമൊരു അഭിപ്രായപ്രകടനത്തിന്റെ അനന്തരഫലമായി അലക്‌സാണ്ട്രിയയിലെ ഡയോനിസിയൂസ് പാഷണ്ഡത പഠിപ്പിക്കുകയാണെന്ന അരോപണം അദ്ദേഹത്തിനെതിരായി ഉയര്‍ന്നുവന്നു. 

പ്രസ്തുത വിവാദത്തിന് പരിഹാരം കണ്ടെത്തുവാന്‍ ഡയോനിസിയൂസ് മാര്‍പ്പാപ്പ റോമില്‍ ഒരു സിനഡ് വിളിച്ചുച്ചേര്‍ത്തു. പ്രസ്തുത സിനഡില്‍വെച്ച് അദ്ദേഹം പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പഠനം ഉള്‍ച്ചേര്‍ന്ന ഒരു ലിഖിതം പുറപ്പെടുവിച്ചു. പ്രസ്തുത ലിഖിതത്തിലൂടെ അദ്ദേഹം സബെല്ലിയനിസം എന്ന പാഷ്ണ്ഡതയെയും ക്രിസ്തു ഒരു സൃഷ്ടി മാത്രമാണ് എന്ന് പഠിപ്പിക്കുന്നവരെയും ഖണ്ഡിക്കുകയും അത്തരം പഠനങ്ങള്‍ തെറ്റാണ് എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെപ്പം തന്നെ അലക്‌സാണ്ട്രിയയിലെ ഡയോനിസിയൂസ് മെത്രാനോട് തന്റെ അഭിപ്രായങ്ങളെയും പഠനങ്ങളെയും വ്യക്തമായി നിര്‍വചിക്കുവാന്‍ ഡയോനിസിയൂസ് മാര്‍പ്പാപ്പ ആവശ്യപ്പെടുകയും ചെയ്തു. മാര്‍പ്പാപ്പയുടെ ആഹ്വാനപ്രകാരം അദ്ദേഹം തന്റെ പഠനത്തെ വ്യക്തമായി നിര്‍വ്വചിക്കുകകയും ഇപ്രകാരം പഠിപ്പിക്കുകയും ചെയ്തു, അതായത്, ക്രിസ്തു പിതാവിനോടൊപ്പം നിത്യമായി വസിക്കുന്നുവെന്നും പിതാവിന്റെ പുത്രന്റെയും ഐക്യം സൂചിപ്പിച്ചുകൊണ്ട് പിതാവും പുത്രനും പരമസത്തയാണെന്നും (consubstatial) പഠിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു പഠനം പില്‍ക്കാലത്തെ നിഖ്യാ സൂനഹദോസിന്റെ ക്രിസ്തുവിനെക്കുറിച്ചുള്ള ഔദ്യോഗിക പഠനത്തിന്റെ മുന്നോടിയായിരുന്നു.

തന്റെ മുന്‍ഗാമികളെപ്പോലെതന്നെ സഭയുടെ പൗരാണിക പാരമ്പര്യമനുസരിച്ച് ഡയോനിസിയൂസ് മാര്‍പ്പാപ്പയും വിദൂരസ്ഥ സ്ഥലങ്ങളിലുള്ള വിശ്വാസികളെ സഹായിക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു. ഗോത്ത് ഗോത്രവംശജരുടെ അക്രമണമൂലം കപ്പദൊസിയായിലുള്ള സഭാസമൂഹം വളരെ കഷ്ടത അനുഭവിച്ചിരുന്നു. ഗോത്ത് ഗോത്രവംശജര്‍ ദേവാലയങ്ങള്‍ നശിപ്പിക്കുകയും അനേകരെ ബന്ധികളാക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മാര്‍പ്പാപ്പ സാമ്പത്തിക സഹായം കപ്പദോസിയായിലേക്ക് അയക്കുകയും അത്തരം സഹായങ്ങള്‍ വഴി സഭാസമൂഹം ബന്ധികളാക്കിയവരുടെ മോചനത്തിനായും ദേവാലയങ്ങള്‍ പുനഃരുദ്ധരിക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു.

വി. ഡയോനിസിയൂസ് മാര്‍പ്പാപ്പ ഒമ്പതുവര്‍ഷത്തിലധികം ധീരമായി സഭയെ നയിച്ചു. അദ്ദേഹം വാര്‍ദ്ധക്യ സഹജമായ രോഗങ്ങമൂലം മരണമടഞ്ഞടു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഡയോനിസിയൂസ് മാര്‍പ്പാപ്പ ഏ.ഡി. 268 ഡിസംബര്‍ 26-ാം തീയതി ഇഹലോകവാസം വെടിഞ്ഞു.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26