അഫ്ഗാനില്‍ നിന്ന് വീണ്ടും ദുരന്ത വാര്‍ത്ത; കാബൂള്‍ വിമാനത്താവളത്തിന് സമീപം തിരക്കില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ചു

അഫ്ഗാനില്‍ നിന്ന് വീണ്ടും ദുരന്ത വാര്‍ത്ത; കാബൂള്‍ വിമാനത്താവളത്തിന് സമീപം തിരക്കില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ചു

അമേരിക്ക ഉപേക്ഷിച്ച് പോയ ആയുധങ്ങളും യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും കൈയ്യടക്കി താലിബാന്‍ പ്രതിരോധം ശക്തമാക്കുന്നു.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മരിച്ച ഏഴ് പേരും അഫ്ഗാന്‍ പൗരന്മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും പിടിമുറുക്കിയതിന് പിന്നാലെ ആയിരക്കണക്കിനാളുകളാണ് രാജ്യം വിടാന്‍ ശ്രമിക്കുന്നത്. അതിനിടെയാണ് വിമാനത്താവളത്തിന് സമീപം തിക്കും തിരക്കും ഉണ്ടായത്. ഇത് സംഘര്‍ഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം കൊടുക്കാന്‍ മറ്റു രാജ്യങ്ങള്‍ തയാറായിട്ടുണ്ട്. എന്നാല്‍ താലിബാന്‍ നിരീക്ഷണം ശക്തമാക്കിയത് കൂട്ട ഒഴിപ്പിക്കലിന് തടസമായിട്ടുണ്ട്. ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടെന്നും ഈ മാസം അവസാനം വരെ രക്ഷാദൗത്യം തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.

അതിനിടെ അമേരിക്ക ഉപേക്ഷിച്ചു പോയ ഉഗ്രശേഷിയുളള ആയുധങ്ങള്‍, പ്രതിരോധ വാഹനങ്ങള്‍, യുദ്ധ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, പ്രതിരോധ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകള്‍ എന്നിവ താലിബാന്‍ കൈക്കലാക്കി. ഇത് ശരിവയ്ക്കുന്ന വിവിധ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

താലിബാന്‍ അമേരിക്കയുടെ ആയുധങ്ങള്‍ കൈക്കലാക്കുന്നത് ആദ്യമല്ല. അമേരിക്കന്‍ ഓട്ടോമാറ്റിക് റൈഫിളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, റേഡിയോകള്‍ തുടങ്ങി പലതും പലപ്പോഴായി താലിബാന്‍ തട്ടിയെടുത്തിട്ടുണ്ട്.

ഏതാണ്ട് 2000 സേനാ കവചിത വാഹനങ്ങള്‍ ഇപ്പോള്‍ താലിബാന്റെ കൈവശമുണ്ട്. ബ്‌ളാക് ഹൊക്ക് ഹെലികോപ്റ്ററുകള്‍, സ്‌കൗട്ട് അറ്റാക്ക് ഹെലികോപ്റ്ററുകള്‍, സ്‌കാന്‍ ഈഗിള്‍ മിലിറ്ററി ഡ്രോണ്‍ എന്നിവയും ഇപ്പോള്‍ താലിബാന്റെ പക്കലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.