ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇപിഎഫ്‌ഒ) കേന്ദ്ര തൊഴില്‍ മന്ത്രാലയവും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. ജസ്റ്റിസ് യു യു ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം.
ആര്‍ സി ഗുപ്ത കേസിലെ മുന്‍വിധി അംഗീകരിക്കണമോ വേണ്ടയോ എന്നത് അടക്കമുള്ള വിഷയങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി വിധി ഉണ്ടായത്.
എന്നാൽ കേരള ഹൈക്കോടതി അടക്കം ഇക്കാര്യത്തില്‍ നല്‍കിയിട്ടുള്ള ഉത്തരവിന്റെ പേരില്‍ ഇപിഎഫ്‌ഒയ്ക്കെതിരെ കേടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി നേരത്തേ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. ആ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
15,000 രൂപ ശമ്പള പരിധിയും ജോലി ചെയ്യുന്ന വര്‍ഷവും കണക്കാക്കിയാണ് നിലവില്‍ ഇപിഎഫ് പെന്‍ഷന്‍ തീരുമാനിക്കുന്നത്. ഈ പരിധിയാണ് ഹൈക്കോടതി എടുത്തുകളഞ്ഞത്. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചെങ്കിലും പിന്നീട് തൊഴില്‍ മന്ത്രാലയവും ഇപിഎഫ്‌ഒയും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് കേസ് പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ പ്രായോഗികമല്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ ജീവനക്കാരില്‍ നിന്ന് കൂടുതല്‍ വിഹിതം സ്വീകരിക്കണമെന്ന നിര്‍ദേശത്തെയും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.