പ്രതികരണത്തില്‍ അടിതെറ്റി അടൂര്‍ പ്രകാശ്; യുഡിഎഫ് കണ്‍വീനറെ തള്ളി കെപിസിസി: കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് നേതാക്കള്‍

പ്രതികരണത്തില്‍ അടിതെറ്റി അടൂര്‍ പ്രകാശ്; യുഡിഎഫ് കണ്‍വീനറെ തള്ളി കെപിസിസി:  കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് നേതാക്കള്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.

അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമാണെന്നും പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് തങ്ങളുടെ നിലപാട്. കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നല്‍കാന്‍ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ദിലീപിന് നീതി കിട്ടിയെന്ന അടൂര്‍ പ്രകാശിന്റെ വാക്കുകള്‍ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് എന്നും അതിജീവിതക്ക് നീതി കിട്ടണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. തങ്ങള്‍ എന്തിന് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നും പള്‍സര്‍ സുനിയുമായി തങ്ങള്‍ക്ക് എന്ത് ബന്ധമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നേരിട്ട് തെറ്റു ചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. എല്ലാ വിധികളും പൂര്‍ണ തൃപ്തി ഉണ്ടാകണമെന്നില്ല.

പൂര്‍ണമായി നീതി കിട്ടിയില്ലെന്ന് അതീജീവിതക്ക് അഭിപ്രായം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണം. അടൂര്‍ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനെ രാഷ്ട്രീയമായി കൂട്ടിയോജിപ്പിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

യുഡിഎഫിന്റെ പേരില്‍ അത്തരം അഭിപ്രായങ്ങള്‍ വേണ്ടെന്ന് അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെ പരാമര്‍ശിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. എന്നും അതീജീവിതക്കൊപ്പമാണെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു.

കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും രാവിലെ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയതോടെ അടൂര്‍ പ്രകാശ് മലക്കം മറിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു മലക്കം മറിച്ചില്‍. മുഖ്യമന്ത്രി പിണറായി വിജയനക്കം അടൂര്‍ പ്രകാശിന്റെ പ്രസ്താവന ആയുധമാക്കി രംഗത്തെത്തിയതോടെയാണിത്.

അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് താന്‍ പറഞ്ഞത്. നീതിന്യായ കോടതിയില്‍ നിന്നും ഒരു വിധിയുണ്ടാകുമ്പോള്‍ കോടതിയെ തള്ളി പറയുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതീജീവിതയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം.

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണ്. പ്രോസിക്യൂഷന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് പറയണം. അതീജിവിതയോടൊപ്പം തന്നെയാണ് കോണ്‍ഗ്രസും യുഡിഎഫും. അപ്പീല്‍ ഒരു കള്ളക്കളിയാണെന്നാണ് താന്‍ സൂചിപ്പിച്ചതെന്നും ഉച്ചയോടെ അടൂര്‍ പ്രകാശ് തിരുത്തി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.