'സീക്രെട് ടെറർ' അലട്ടിയിരുന്ന പേടകത്തിലെ മൂന്നാമൻ; മൈക്കിൾ കോളിൻസ്
അപ്പോളോ 11, ചന്ദ്രപര്യടന ദൗത്യതിൽ ഉൾപ്പെട്ടിരുന്നതു മൂന്നു പേർ. എന്നാൽ കൂടുതൽ പറഞ്ഞു കേൾക്കുന്ന പേരുകൾ രണ്ടുപേരുടേതു മാത്രം;നീൽ ആംസ്‌ട്രോങ്ങും ബസ്സ് ആൽഡ്രിനും. മൂന്നാമൻ എപ്പോഴും നിശബ്ദനായിരുന്നു. ആരാണ് ആ മൂന്നാമൻ? അദ്ദേഹം അവഗണിക്കപ്പെട്ടുവോ? പലപ്പോഴും ആലോചിക്കുമ്പോ വളരെ ദുഃഖം തോന്നുന്ന ഒരു കാര്യമാണ് ഇത്. എനിക്ക് തോന്നാറുണ്ട് ,ഒരു ത്യാഗം അല്ലെ ആ മൂന്നാമൻ ചെയ്തത് എന്ന്? ചന്ദ്രൻവരെ എത്തിയിട്ട് ,അവിടെ ഒന്ന് കാല് കുത്താൻ പോലും അവസരം ലഭിച്ചില്ല. ഇദ്ദേഹം എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ചന്ദ്രനിൽ ഇറങ്ങാൻ സാധിക്കില്ല എന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം ആ ഉത്തരവാദിത്വം ഏറ്റെടുത്തത്. മറ്റു രണ്ടുപേരേക്കാൾ , അധ്വാനമോ ഉത്തരവാദിത്വമോ ഒട്ടും കുറവല്ല ;അവരോടുമോപ്പമോ അതിൽ കൂടുതലോ ഉത്തരവാദിത്വം ഏറ്റെടുത്ത ആൾ ! എങ്കിലും ലോകത്തിന്റെ മുൻപിൽ ആ പേര് അധികം പറഞ്ഞു കേൾക്കാറില്ല; മറ്റു രണ്ടു പേർക്ക് കിട്ടുന്ന പ്രശംസയും അംഗീകാരവും അദ്ദേഹത്തിന് കിട്ടിയിട്ടുമില്ല! പലർക്കും അറിയില്ല ആ മൂന്നാമനെ. ടെസ്റ്റ് പൈലറ്റ് ആയി മിലിറ്ററിയിൽ ജോലി തുടങ്ങി. 1953ൽ നാസ അദ്ദേഹത്തെ ബഹിരാകാശ ഗവേഷകനായി തെരഞ്ഞെടുത്തു. അപ്പോളോ മിഷൻ പദ്ധതി രൂപകൽപന ചെയ്തപ്പോൾ 'കമാൻഡ് മൊഡ്യൂൾ പൈലറ്റ് ' ആയി അദ്ദേഹത്തെ നിയമിച്ചു( പേടകത്തിന് ലൂണാർ മൊഡ്യൂൾ- ചന്ദ്രനിൽ ഇറങ്ങുന്ന ഭാഗം-കമ്മാൻഡ് മൊഡ്യൂൾ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഉള്ളത് )പേടകത്തിന്റെ കമാൻഡ് മൊഡ്യുളിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ചന്ദ്രനിൽ ഇറങ്ങുന്ന തന്റെ സഹപ്രവർത്തകർക്കു വേണ്ട സാങ്കേതിക സഹായം ചെയ്തു കൊടുക്കുക, ചന്ദ്രോപരിതലത്തിലെ അവരുടെ ദൗത്യം പൂർത്തിയായിക്കഴിയുമ്പോൾ അവരെ കൂടെ കൂട്ടി, ഭൂമിയിലേക്ക് തിരിക്കുക തുടങ്ങിയവ മൈക്കിൾ കോളിൻസ് എന്ന ഈ മൂന്നാമന്റെ ഗൗരവമേറിയ ദൗത്യങ്ങളിൽ ചിലതു മാത്രം.
ബഹിരാകാശ പേടകത്തിന്റെ 'ലൂണാർ മൊഡ്യൂളി'ൽ ആയിരുന്ന മറ്റുരണ്ടുപേരും ചന്ദ്രനിൽ ഇറങ്ങിയപ്പോൾ, മൈക്കിൾ തന്റെ കമാൻഡ് മോഡ്യുളിൽ, ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു; ചന്ദ്രപ്രതലത്തിൽനിന്നും 60 മൈൽ ഉയരത്തിൽ. ചില സന്ദർഭങ്ങളിൽ ഭൂമിയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചന്ദ്രന്റെ ഇരുട്ടുമൂടിയ മറു വശത്തുകൂടി, ആരുമായും ഒരു ബന്ധവും ഇല്ലാതെ തനിയെ പറക്കേണ്ടിവന്നു. ആ സമയത്തൊക്കെ തനിച്ചു ഭയം തോന്നിയില്ലേ എന്ന ചോദ്യത്തിന് മൈക്കിളിന്റെ മറുപടി, അദ്ദേഹത്തിനു ഭയം ഉണ്ടായിരുന്നില്ല , എന്നാൽ ഒരു' സീക്രെട് ടെറർ ' അദ്ദേഹത്തെ അലട്ടിയിരുന്നു എന്നാണ്. ആല്ഡ്രിനെയും ആമസ്ട്രോങ്ങിനെയും നഷ്ടപ്പെടുമോ, ഭൂമിയിലേക്ക് തനിച്ചു തിരികെ പോരേണ്ടി വരുമോ എന്നുള്ള ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നുവത്രേ . ആൽഡ്രിന്റെയും ആംസ്‌ട്രോങ്ങിന്റെയും ചന്ദ്രോപരിതലത്തിലെ ദൗത്യം പൂർത്തിയായിക്കഴിയുമ്പോൾ, കൂടെ കൂട്ടേണ്ട ഉത്തരവാദിത്വം ആണ് മൈക്കിളിന്റേത്. അവർ ചന്ദ്രനിൽ ഇറങ്ങിയ പേടകം ( ലൂണാർ മൊഡ്യൂൾ) പറന്നുയരണം; ചന്ദ്രനെ ചുറ്റി നിർത്താതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മൈക്കിളിന്റെ പേടകവുമായി ബന്ധിപ്പിക്കണം . ആ ഒരു 'പ്രോസസ്സിൽ' എവിടെയെങ്കിലും അപാകത സംഭവിച്ചാൽ, ലൂണാർ മോഡ്യൂളിനെ കമാൻഡ് മൊഡ്യുളുമായി ബന്ധിപ്പിക്കാൻ സാധിക്കില്ല . അങ്ങനെ വന്നാൽ അത് ഒരു വല്യ ദുരന്തമായി മാറും. ആൽഡ്രിനും ആംസ്‌ട്രോങ്ങും ചന്ദ്രനിൽ പെട്ടുപോകും. മൈക്കിളിനെ അലട്ടിയിരുന്നതു, ഈ ഒരു ചിന്ത ആയിരുന്നു . വളരെ നിർണ്ണായകമായ ഒരു ദൗത്യം വഹിച്ച മൈക്കിളിനെ , എല്ലാവരും മറന്നു. പലരും അതേപ്പറ്റി, പല ഇന്റർവ്യൂവിലും അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടില്ല, താൻ ഏറ്റെടുത്ത ദൗത്യത്തിൽ പൂർണ്ണ സന്തോഷവാനാണെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.
വളരെ വിചിത്രമായ ഒരു വെളിപ്പെടുത്തൽ അദ്ദേഹം നടത്തി . എത്ര അധികം പരീക്ഷകളും പരീക്ഷണങ്ങളും കഴിഞ്ഞാണ് നാസ ഒരു ശാസ്ത്രജ്ഞനെ തെരഞ്ഞെടുക്കുന്നതു. വീണ്ടും എത്രപേരുമായി മത്സരിച്ചാണ്, ചന്ദ്രപര്യടനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത്. എത്ര ഘട്ടം പരീക്ഷകൾ കടക്കണം !! ഇതെല്ലാം കഴിഞ്ഞിട്ടും, മൈക്കിൾ പറയുന്നു , ചന്ദ്ര യാത്ര തുടങ്ങിയപ്പോൾ 'ക്ലസ്ട്രോഫോബിയ' ( ഇടുക്കു സ്ഥലങ്ങളോടുള്ള ഭയം ) ഉണ്ടായി എന്ന് . എന്നാൽ അത് അപ്പോൾ ആരോടും പറഞ്ഞില്ല , പിന്നീട് ആണ് അദ്ദേഹം ആ യാഥാർഥ്യം വെളിപ്പെടുത്തിയത് .
മൂവരും പേടകത്തിൽ, ഭൂമിയിൽ വന്നിറങ്ങിയത്, പാരച്യൂട്ടിൽ; പസഫിക്ക് സമുദ്രത്തിൽ . അവിടെനിന്നും ഹെലികോപ്റ്ററിൽ ക്വാറന്റൈൻ സെന്ററിലേക്ക്. മൂന്നുപേരും 21 ദിവസം, ക്വാറന്റൈനിൽ. ചന്ദ്രനിൽ നിന്നും മാരകകാരണങ്ങളായ ഏതെങ്കിലും രോഗാണുക്കളെ കൂടെ കൂട്ടിയിട്ടുണ്ടെങ്കിലോ !!
ഈ ത്രിമൂർത്തികളിൽ ഒരാൾ ഈ ലോകത്തോട് യാത്ര പറഞ്ഞു . " ഫസ്റ്റ് മാൻ ഇൻ ദി മൂൺ ' നീൽ ആംസ്ട്രോങ് ആണ് 2012 ൽ തന്റെ ഓട്ടം പൂർത്തി ആക്കി, മടങ്ങിയത് .
നിങ്ങൾക്കറിയുമോ, നാലു ലക്ഷത്തിലധികം പേരാണ് ഈ ദൗത്യം വിജയത്തിൽ എത്തിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചത് !
ചന്ദ്ര പര്യടനവുമായി ബന്ധപ്പെട്ട കൗതുകകരമായ വാർത്തകൾ തല്ക്കാലം ഇവിടെ അവസാനിക്കുന്നു.
വ്യോമ യാത്രികന്റെ പോക്കറ്റോളം ചെറുതായ ദിവ്യകാരുണ്യം (ഭാഗം 1)
വ്യോമ യാത്രികന്റെ പോക്കറ്റോളം ചെറുതായ ദിവ്യകാരുണ്യം (ഭാഗം 2)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26