1961 മെയ് 25, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി, രാജ്യത്തോട് ഇങ്ങനെ ആഹ്വാനം ചെയ്തു "അടുത്ത ഒരു ദശാബ്ദം അവസാനിക്കും മുൻപ്, മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചു, സുരക്ഷിതമായി തിരിച്ചു ഭൂമിയിൽ എത്തിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം."
എട്ട് വർഷത്തിനു ശേഷം, ആ ആഹ്വാനത്തിനുള്ള മറുപടിയുമായി നാസ എത്തി. 1969 ജൂലൈ 16നു മൂന്ന് ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുകൊണ്ട് ‘അപ്പോളോ 11’ ചന്ദ്രനിലേക്ക് കുതിച്ചു. എല്ലാവരുടെയും ശ്രദ്ധ അപ്പോളോ 11 ലേക്ക്. മനുഷ്യൻ ആദ്യമായി ചന്ദ്രനെ കീഴടക്കാൻ പോകുന്ന നിമിഷം. 1969 ജൂലൈ 20ന് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. മനുഷ്യന്റെ കാല്പപാടുകൾ ആദ്യമായി ചന്ദ്രന്റെ പ്രതലത്തിൽ പതിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ, നീൽ ആംസ്ട്രോങ് പേടകത്തിൽ നിന്നും ,ഗോവണി വഴി താഴേക്ക് ഇറങ്ങി, അവസാനത്തെ പടിയിൽ വന്നു നിന്നു. അടുത്ത ചുവടു ചന്ദ്രപ്രതലത്തിൽ വയ്ക്കും മുൻപ് , റേഡിയോയിൽ കൂടി ഒരു സന്ദേശം കൊടുത്തു ലോകത്തിനായി, " മനുഷ്യൻ ചന്ദ്രനിൽ നിന്നും ഒന്നോ രണ്ടോ ഇഞ്ചു മാത്രം അകലെ" ലോകം മുഴുവൻ നിശ്ചലമായി നോക്കി നിന്ന നിമിഷങ്ങൾ. ഇത് പറഞ്ഞിട്ട് ആംസ്റ്റ്രൊങ്ങ് താഴേക്ക് ചാടി , 'ബൗൺസ് ' ചെയ്തു, ഗുരുത്വാകർഷണ ബലം കുറവുള്ള ചന്ദ്രപ്രതലത്തിൽ നിലയുറപ്പിക്കാതെ നടന്നു . തൊട്ടു പിന്നാലെ , എഡ്‌വിൻ ആൽഡ്രിനും ഇറങ്ങി . രണ്ടുപേരും കുട്ടികളെപ്പോലെ ചന്ദ്രോപരിതലത്തിൽ ഒഴുകി നടന്നു. സങ്കീർത്തനം 8 ആലേഖനം ചെയ്ത ഒരു ഫലകം ചന്ദ്രനിൽ സ്ഥാപിച്ചു, ഒപ്പം അമേരിക്കയുടെ ഒരു പതാകയും. 1969 ജൂലൈ 21 നു, മൂവർ സംഘം ഭൂമിയിലേക്ക് യാത്രയായി. ജൂലൈ 24നു പസഫിക് സമുദ്രത്തിൽ, പാരചൂട്ടിൽ വന്നു ഇറങ്ങിയതോടുകൂടി അപ്പോളോ 11 മിഷൻ പൂർത്തിയായി.
ഇത് ലോകം കണ്ടതും അറിഞ്ഞതുമായ കഥ. എന്നാൽ, ലോകത്തിൽ അധികം ആരും അറിയാതെ പോയ മറ്റൊരു മഹാസംഭവം ആ പേടകത്തിനുള്ളിൽ നടന്നു. പേടകം നിശ്ചയിച്ചിരുന്നതുപോലെ ചന്ദ്രനിൽ ഇറങ്ങി; പേടകത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങും മുൻപ്, 5 മണിക്കൂർ വിശ്രമ സമയം വൈമാനികർക്കു ഉണ്ടായിരുന്നു . വിശ്രമവേളയുടെ തുടക്കത്തിൽ, ആൽഡ്രിൻ ഒരു പ്രവർത്തി ചെയ്തു. തന്റെ സ്പേസ് സൂട്ടിന്റെ വലത്തേ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു തുറന്നു. അതിൽ നിന്നും മൂന്നു വസ്തുക്കൾ പുറത്തെടുത്തു. ഒരു ചെറിയ വെള്ളിക്കാസ, ഒരു തിരുവോസ്തി പിന്നെ ഒരു ചെറിയ കുപ്പിയിൽ കരുതിയിരുന്ന വീഞ്ഞും . കൂടെ ഉള്ള നീൽ ആംസ്ട്രോങ്ങിനോട്, താൻ ഒരു കാര്യം ചെയ്യാൻ പോവുകയാണെന്നു അറിയിച്ചു. "ദിസ് ഈസ് സംതിങ്ങ് ഐ വാണ്ട് ടു ഡു" (ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു) ആൽഡ്രിൻ പറഞ്ഞു. ആംസ്ട്രോങ് കാഴ്ചക്കാരനായി നോക്കി നിന്നതു മാത്രം, പങ്കെടുത്തില്ല. എന്നിട്ടു റേഡിയോയിൽക്കൂടി ഒരു സന്ദേശം ഭൂമിയിലേക്ക് കൈമാറി, "നിങ്ങൾ ആരൊക്കെ എവിടെ ഒക്കെ ആയിരിക്കുന്നുവോ, അവിടെ ആയിരുന്നുകൊണ്ടു നമ്മൾ ഇപ്പോൾ കടന്നുപൊക്കോണ്ടിരിക്കുന്ന ഈ കാര്യങ്ങളെ ധ്യാനിച്ച്, നിങ്ങളുടേതായ രീതിയിൽ നന്ദി പറയുവിൻ" എന്നിട്ടു, കയ്യിൽ കരുതിയിരുന്ന ഒരു കഷണം കടലാസ് പുറത്തെടുത്തു. സ്വന്തം കൈപ്പടയിൽ എഴുതി കൊണ്ടുവന്ന ഒരു ബൈബിൾ വാക്യം സ്വയം വായിച്ചു. "ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. " (യോഹന്നാന്‍ 15:5). അതിനുശേഷം വീഞ്ഞിന്റെ കുപ്പി തുറന്ന് , വെള്ളിക്കാസയിലേക്കു വീഞ്ഞ് പകർന്നു. ഭൂമിയുടെ ആറിൽ ഒന്ന് മാത്രം ഗുരുത്വാകർഷണ ബലമുള്ള ചന്ദ്രനിൽ, വീഞ്ഞ് കാസയുടെ രണ്ടു വശങ്ങളിൽ കൂടി മുകളിലേക്ക് ഒഴുകി എന്ന് ആൽഡ്രിൻ സാക്ഷ്യപ്പെടുത്തുന്നു. ഭൂമിയിൽ നിന്നും 240,000 മൈൽ അകലത്തിൽ ഇരുന്നുകൊണ്ട് അപ്പവും വീഞ്ഞും ഉൾകൊണ്ട ആൽഡ്രിൻ പറയുന്നു, ചന്ദ്രനിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഭക്ഷണവും പാനീയവും, ആ ഓസ്തിയും വീഞ്ഞും ആയിരുന്നു എന്ന്. ഉയർച്ചയുടെ കൊടുമുടിയിൽ പോലും സൃഷ്ടാവിനെ ഓർക്കാൻ മറക്കാത്ത എളിമയുടെ വ്യക്തിത്വം .
എന്തുകൊണ്ട് ആൽഡ്രിൻ ലോകത്തോട് പറഞ്ഞില്ല താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന്. എന്തുകൊണ്ട് എല്ലാവരോടും മൗനമായി നന്ദി പറയാൻ മാത്രം ആവശ്യപ്പെട്ടു?
കാരണം മറ്റൊന്നുമല്ല, ലോകത്തോട് അത് വെളിപ്പെടുത്തുന്നതിൽ നിന്നും ആൽഡ്രിനെ നാസ വിലക്കിയിരുന്നു. അതിന്റെ വിശദാംശങ്ങൾ അടുത്തതിൽ. അതുപോലെ തന്നെ 3 പേരടങ്ങിയ ആ സംഘത്തിലെ മൂന്നാമനെപ്പറ്റി അധികം കേൾക്കാറില്ല. അദ്ദേഹം ആര്? എന്തായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം? അതും അടുത്ത തവണ എഴുതാം.
സിസിലി ജോൺ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26