വൈകി വന്ന വസന്തം

വൈകി വന്ന വസന്തം

വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കു ശേഷമാണ് ആ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. നന്ദി പറയുവാനായ് അവർ ആശ്രമ ദേവാലയത്തിൽ വന്നു. അവരുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞുനിന്നിരുന്നു. "അച്ചനോർമയുണ്ടോ നാലു വർഷങ്ങൾക്കു മുമ്പ് ഞങ്ങളിവിടെ പ്രാർത്ഥിക്കാൻ വന്നത്?" "ഓർമയുണ്ട്.... അന്ന് നിങ്ങൾ നിരാശയിലും ദുഃഖത്തിലുമായിരുന്നല്ലോ?" "ഞങ്ങളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന ദൈവം കേട്ടു. ഇരട്ട കുഞ്ഞുങ്ങളെയാണ് ദൈവം നൽകി അനുഗ്രഹിച്ചത്.'' "ഇവരെ രണ്ടു പേരെയും എങ്ങിനെയാണ് നോക്കുന്നത്?" "ഒന്നും പറയണ്ട... എത്ര രാത്രികൾ ഞങ്ങൾ ഉറങ്ങാതിരുന്നിട്ടുണ്ടെന്നറിയുമോ? ഒരാൾ ഉറങ്ങുമ്പോഴായിരിക്കും മറ്റേയാൾ ഉണരുന്നത്. അയാളെ എങ്ങനെയെങ്കിലും ഉറക്കുമ്പോഴേക്കും ഉറങ്ങിയ ആൾ എഴുന്നേറ്റിട്ടുണ്ടാകും.സത്യത്തിൽ ഒരു സ്ത്രീ അമ്മയാകുമ്പോൾ മാത്രമേ മക്കളെ വളർത്താൻ സ്വന്തം അമ്മ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് മനസിലാവൂ." ആ സ്ത്രീ പറഞ്ഞ വാക്കുകൾ എത്രയോ അർത്ഥവത്താണ്. നമ്മുടെ അമ്മയും അപ്പനുമെല്ലാം
നമ്മെ വളർത്താനായി എത്ര രാത്രികൾ പകലാക്കിയവരാണ്. കുഞ്ഞിൻ്റെ ചെറിയ അനക്കം പോലും അവർ തിരിച്ചറിയുന്നത് ഉറക്കത്തിലും ഉണർവ് സൂക്ഷിക്കുന്നതിനാലാണ്. ആ ഉണർവ് ജീവിതകാലം മുഴുവനും അവർക്കുണ്ടെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് എത് പാതിരാത്രിയിലും അമ്മേ... അപ്പാ... എന്നു വിളിച്ചാൽ, വിളിച്ചത് മകനാണോ മകളാണോ എന്നവർ തിരിച്ചറിയുന്നതും ചാടിയെഴുന്നേൽക്കുന്നതും.

നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലും ഇങ്ങനെയൊരുണർവാണ് നമുക്കാവശ്യം. അതെക്കുറിച്ച് ക്രിസ്തു പറയുന്നത് ശ്രദ്ധിക്കൂ: "യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്‍മാര്‍ ഭാഗ്യവാന്‍മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്‌ഷണത്തിനിരുത്തുകയും അടുത്തുചെന്ന്‌ അവരെ പരിചരിക്കുകയും ചെയ്യും. നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്‌ഷിക്കാത്ത മണിക്കൂറിലാണ്‌ മനുഷ്യപുത്രന്‍ വരുന്നത്‌" (ലൂക്കാ 12 : 37,40). സഭയിലും സമൂഹത്തിലും ഉണർവോടെ ഇരിക്കേണ്ടതിൻ്റെ അനിവാര്യത ഏറിവരുന്ന ഇക്കാലയളവിൽ സാത്താൻ്റെ തന്ത്രങ്ങൾക്കെതിരെ ഉണർവുള്ളവരാകാൻ നമുക്ക് പരിശ്രമിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.