അമേരിക്കയുടെ പിന്മാറ്റത്തില്‍ താലിബാനെക്കാള്‍ ആഹ്‌ളാദിക്കുന്നത് 'ഖൊറസാന്‍' ഭീകരര്‍

അമേരിക്കയുടെ പിന്മാറ്റത്തില്‍ താലിബാനെക്കാള്‍ ആഹ്‌ളാദിക്കുന്നത് 'ഖൊറസാന്‍' ഭീകരര്‍


കാബൂള്‍: ഭീകരസംഘങ്ങളുടെ ആവാസഭൂമിയായി അഫ്ഗാനിസ്താന്‍ മാറുമെന്ന ആശങ്ക രൂക്ഷമായി നില്‍ക്കവേ അവിടെ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം ഇന്ത്യയും പാകിസ്ഥാനും ചൈനയും ഉള്‍പ്പെടെ ഈ മേഖലയിലെ മിക്ക രാജ്യങ്ങളും ഉറ്റുനോക്കുന്നത് വ്യത്യസ്ത ചിന്തകളോടെ. താലിബാന്‍ ഉയര്‍ത്തുന്ന ഭീഷണി അഫ്ഗാനിസ്താനില്‍ മാത്രമായി ഒതുങ്ങുമെന്ന നിരീക്ഷണമല്ല അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. ഐ എസും ലഷ്‌കറും പോലുള്ള അതിഭീകര പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് അഫ്ഗാനില്‍ സജ്ജമായിട്ടുള്ളതെന്ന് അവര്‍ പറയുന്നു.പ്രത്യയശാസ്ത്രത്തിലെ ചില്ലറ വ്യത്യാസങ്ങളുടെയും അതിന്റെ നടപ്പാക്കലിലെ നിഷ്ഠുരതയുടെ ഏറ്റക്കുറച്ചിലിന്റെയും പേരില്‍ ഭിന്നിച്ചുനില്‍ക്കുന്ന ഭീകരസംഘങ്ങളുടെ ആവാസഭൂമിയായി അഫ്ഗാനിസ്താന്‍ മാറുമോ എന്നതാണ് നിര്‍ണ്ണായക ചോദ്യം.

ആഗോള അംഗീകാരവും സഹായവും നേടിയെടുക്കാന്‍ തത്രപ്പെടുന്ന താലിബാന്‍ ദേശീയവാദ പ്രസ്ഥാനമായി പുനരവതരിക്കാനുള്ള ശ്രമത്തിലാണ്. അന്താരാഷ്ട്രസമൂഹം താലിബാന് കല്പിച്ചിരുന്ന ഭ്രഷ്ട് ഒഴിവായേക്കുമെന്നതിന്റെ ആദ്യസൂചന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍നിന്ന് വന്നുകഴിഞ്ഞു. കാബൂള്‍ വിമാനത്താവള ആക്രമണത്തെ അപലപിച്ചുകൊണ്ടിറക്കിയ പ്രസ്താവനയില്‍ അഫ്ഗാനിസ്താനിലെ ഭീകരസംഘടനകളെ പരാമര്‍ശിച്ചപ്പോള്‍ താലിബാന്റെ പേര് രക്ഷാസമിതി ഒഴിവാക്കി. രക്ഷാസമിതിയുടെ അധ്യക്ഷപദവി വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഒപ്പിട്ടിറക്കിയ പ്രസ്താവനയാണിത്.



താലിബാനോട് രാഷ്ട്രങ്ങള്‍ മൃദുസമീപനം പുലര്‍ത്തുന്നത് അഫ്ഗാനിസ്താനിലെ അവരുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ജിഹാദി സംഘങ്ങള്‍ക്ക് ഉത്സാഹം പകരുമെന്നു തീര്‍ച്ച. അഫ്ഗാനിസ്താനും പാകിസ്താനും വിവിധ മധ്യേഷ്യന്‍ രാജ്യങ്ങളുമുള്‍പ്പെട്ട ഖൊറസാന്‍ പ്രവിശ്യയ്ക്കായി പോരാടുന്ന ഐ.എസ്.കെ.പി.ക്കുതന്നെയും സഹായകമാകുമത്. അഫ്ഗാനിസ്താനുള്ളില്‍ വളരുന്ന ഇത്തരം ഛിദ്രശക്തികളും താലിബാനെ ചെറുക്കുന്ന മറ്റുസംഘങ്ങളും കരുത്താര്‍ജിച്ചാല്‍ അത് ആ രാജ്യത്തിന്റെ മാത്രമല്ല, ഈ മേഖലയുടെയും വിവിധ രാജ്യങ്ങളുടെയും സുരക്ഷയെയാണ് ബാധിക്കുക.കാഷ്മീരില്‍ പുതിയ വെല്ലുവിളികളുണ്ടാകാനും അതിടയാക്കിയേക്കാം.

അഫ്ഗാനിസ്താന്റെ മണ്ണില്‍നിന്ന് മറ്റുരാജ്യങ്ങള്‍ക്കുനേരെ ഭീകരാക്രമണം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നാണ് അധികാരം പിടിച്ചശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍വക്താവ് പറഞ്ഞത്. ആ പ്രഖ്യാപനത്തിന്റെ ചൂടാറുംമുമ്പാണ് കാബൂളില്‍ അമേരിക്കന്‍ സൈനികരുടെയും അഫ്ഗാന്‍കാരുടെയും ചുടുചോര വീണത്. തങ്ങള്‍ വെറുക്കുന്ന അമേരിക്കയെ മാത്രമല്ല, അപ്രിയമുള്ള താലിബാനെയും നാണംകെടുത്തുകയായിരുന്നു ആ ആക്രമണത്തിലൂടെ ഐ എസ് ഓഫ് ഖൊറസാന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി.) ലക്ഷ്യമിട്ടത്.

കാബൂള്‍ വിമാനത്താവളത്തിനുപുറത്ത് സുരക്ഷയൊരുക്കേണ്ടത് താലിബാനായിരുന്നു. അവരുടെ സുരക്ഷാപരിശോധനയെ ആശ്രയിച്ചായിരുന്നു വിമാനത്താവളത്തിലെ അമേരിക്കയുടെ നീക്കമെന്ന് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞിട്ടുണ്ട്. താലിബാന്റെ കണ്ണുവെട്ടിച്ചാണ് ചാവേര്‍ അകത്തെത്തിയത്. അഫ്ഗാനിസ്താന്റെ പരമാധികാരികളാകാന്‍ തയ്യാറെടുക്കുന്ന താലിബാന് വരുംനാളുകളില്‍ ഏറ്റവും വലിയ ഭീഷണിയാവുക അവരുടെ അപ്രമാദിത്വത്തെ അംഗീകരിക്കാത്ത ഐ.എസ്.കെ.പി.യാകുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

അമേരിക്കയുടെ പിന്‍മാറ്റത്തിനുശേഷമുള്ള അഫ്ഗാനിസ്താന്‍ ഏതു രീതിയിലുള്ളതാകുമെന്നതിന്റെ സൂചനയാണ് വ്യാഴാഴ്ചയും ഞായറാഴ്ചയും കാബൂള്‍ വിമാനത്താവളത്തിലും പരിസരത്തുമുണ്ടായ സ്‌ഫോടനങ്ങളും റോക്കറ്റാക്രമണവും.ഐ എസ് ഓഫ് ഖൊറസാന്‍ പ്രൊവിന്‍സ് ആദ്യ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിന്റെ ആസൂത്രകരെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചു. അമേരിക്ക വിതച്ച് അമേരിക്ക കൊയ്യുന്നുവെന്നുപറഞ്ഞ് മാറിനില്‍ക്കാന്‍ കഴിയാത്തവിധം ഭീഷണമാവുകയാണ് ആഗോള ഭീകരതയെന്നതിന്റെ ഉദാഹരണമായി ഈ സംഭവം.

സിറിയന്‍ ആഭ്യന്തരയുദ്ധം പാകപ്പെടുത്തിയ ഭൂമിയിലാണ് ഇസ്‌ലാമിക് സ്റ്റേറ്റ് വളര്‍ന്നുപടര്‍ന്നത്. ആ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആശയവും ഊര്‍ജവുമുള്‍ക്കൊണ്ട്, അതിനോട് കൂറുപ്രഖ്യാപിച്ച് 2015-ല്‍ രൂപപ്പെട്ടതാണ് ഐ.എസ്.കെ.പി. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ ജിഹാദിസംഘങ്ങളിലെ അസംതൃപ്തരെല്ലാം ഉള്‍പ്പെട്ട ഭീകരസംഘടന. അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും താലിബാന്‍, ലഷ്‌കറെ തൊയ്ബ, ജമാ അത്തുദ്ദവ, ഹഖാനി ശൃംഖല, ഇസ്‌ലാമിക് മൂവമെന്റ് ഓഫ് ഉസ്‌ബെക്കിസ്താന്‍ എന്നിവയില്‍നിന്ന് ഐ.എസ്.കെ.പി.ക്ക് അംഗങ്ങളുണ്ടായി. മതമൗലികവാദം തലയ്ക്കുപിടിച്ച യുവാക്കള്‍ കേരളത്തില്‍നിന്നുള്‍പ്പെടെ ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നും ഈ സംഘടനയിലെത്തി. താലിബാനും അല്‍ ഖായിദയ്ക്കും വേരോട്ടമുണ്ടായിരുന്ന അഫ്ഗാന്‍ മണ്ണില്‍ ആറു വര്‍ഷംകൊണ്ട് സ്വന്തമായ ഇടമൊരുക്കിയെടുക്കുകയായിരുന്നു അവയെക്കാള്‍ ഭീഷണമായ ആശയങ്ങളുള്ള ഐ.എസ്.കെ.പി. അഫ്ഗാനിസ്താന്റെ അധികാരികളായെത്തിയ താലിബാന് ഭീഷണിയായി അവരിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.