വെല്ലിംഗ്ടണ്‍: ഡെല്‍റ്റയേക്കാള്‍ അപകടകാരിയായ കൊറോണ വൈറസിന്റെ പുതിയ വകഭേദം ന്യൂസിലന്‍ഡ് അതിര്‍ത്തിയിലും കണ്ടെത്തി. പുതിയ വകഭേദത്തിന് സി. 1.2 എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. വാക്സിനുകളെ അതിജീവിക്കാനും അതിവേഗം പടരാനും ശേഷിയുള്ള ഈ വൈറസിനെ ഈ വര്‍ഷം മേയില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്.
ദക്ഷിണാഫ്രിക്കയിലെ പുമലംഗ, ഗോട്ടെങ് പ്രവിശ്യകളിലാണ് വൈറസ് വകഭേദം ആദ്യം കണ്ടെത്തുന്നത്. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. പിന്നീട് ഇത് ആഫ്രിക്ക, ഓഷ്യാനിയ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കു പുറമേ, ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
സി.1 വകഭേദത്തില്‍നിന്ന് പരിണമിച്ചുണ്ടായ സി.1.2ന് ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാണ് കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ നല്‍കുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താനുള്ള ശേഷി ഈ വകഭേദത്തിന് ഉള്ളതായും ഗവേഷകര്‍ പറയുന്നു.
ന്യൂസിലന്‍ഡ് അതിര്‍ത്തിയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ ജൂണ്‍ അവസാനത്തോടെയാണ് ഓക്ക്ലാന്‍ഡ് അതിര്‍ത്തിയില്‍ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഇന്ന് രാവിലെ സ്ഥിരീകരിച്ചു.
സി 1.2 ബാധിച്ച വ്യക്തി വിദേശത്തുനിന്നാണ് എത്തിയത്. ഇദ്ദേഹത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായും വകഭേദം സമൂഹത്തില്‍ പടര്‍ന്നിട്ടില്ലെന്നും വക്താവ് പറഞ്ഞു.
ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാള്‍ പുതിയതിന് കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ വകഭേദത്തിന് മ്യൂട്ടേഷന്‍ നിരക്ക് 41.8 ആണ്. ഇത് മറ്റ് വകഭേദങ്ങളുടെ നിലവിലെ ആഗോള മ്യൂട്ടേഷന്‍ നിരക്കിനേക്കാള്‍ ഇരട്ടി വേഗതയുള്ളതാണെന്നും പഠനത്തില്‍ പറയുന്നു. വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്സിന്‍കൊണ്ട് ആര്‍ജിക്കുന്ന പ്രതിരോധശേഷിയെ പൂര്‍ണ്ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കുമെന്നുമാണ് ഗവേഷകരുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.