താലിബാനെ പുകഴ്ത്തി പരിഹാസ താരമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി

താലിബാനെ പുകഴ്ത്തി പരിഹാസ താരമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി

ഇസ്‌ളാമബാദ്: താലിബാനെ പുകഴ്ത്താന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹാസവും കോപവും പിടിച്ചുപറ്റുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. 'ഇക്കുറി വളരെ നല്ല ലക്ഷ്യത്തോടെയാണ് താലിബാന്‍ അധികാരം പിടിച്ചിരിക്കുന്ന'തെന്നും അവര്‍ സ്ത്രീകള്‍ക്കും ക്രിക്കറ്റിനും അനുകൂലമാണ് എന്നുമാണ് അഫ്രീദിയുടെ വാക്കുകള്‍.'അവര്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്'

ഭീകരരുടെയും അവരുടെ ഭരണത്തിന്റെയും ക്രൂരതയില്‍ നിന്നു രക്ഷ നേടാന്‍ അഫ്ഗാനിസ്ഥാന്‍ ജനത പലായനം തുടരുന്നതിനിടെയാണ് താലിബാനെ പ്രശംസിച്ച് അഫ്രീദിയുടെ വീഡിയോ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഏറ്റവും തിളക്കമാര്‍ജിച്ച താരങ്ങളിലൊരാളായ അഫ്രീദി 37 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 അന്താരാഷ്ട്ര ടി 20കളും കളിച്ചിട്ടുണ്ട്.


ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്നും അഫ്ഗാന്‍ താരങ്ങളുടെ പരാതികള്‍ കേള്‍ക്കുമെന്നും താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റിന് ഒരുതരത്തിലുമുള്ള വിലക്കുണ്ടാകില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഫ്ഗാന്‍ നേതാവ് അനസ് ഹഖ്വാനി അഫ്ഗാന്‍ താരങ്ങളും ഒഫീഷ്യല്‍സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ തലവന്‍ അസീസുള്ള ഫസ്ലിയെ ബോര്‍ഡിന്റെ ആക്ടിംഗ് ചെയര്‍മാനായി താലിബാന്‍ നിയമിച്ചിട്ടുണ്ട്.

'രാഷ്ട്രീയത്തിലടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സ്ത്രീകളെ താലിബാന്‍ അനുവദിക്കുന്നു. താലിബാന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു. അവര്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്' എന്നും അഫ്ഗാന്‍ ജനത കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നതു ഗൗനിക്കാതെ ഷാഹിദ് അഫ്രീദി പറയുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ വരുന്ന എഡിഷനില്‍ ക്വറ്റാ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കാന്‍ താല്‍പര്യമുണ്ട് എന്നും അഫ്രീദി അറിയിച്ചു. ബയോ-ബബിളില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ ക്രിക്കറ്റ് ടീമിന്റെ ഭാവിയെപ്പറ്റി സ്‌പോര്‍ട്‌സ് പ്രേമികള്‍ ആശങ്ക പങ്കിട്ടിരുന്നു.. അതേസമയം, പുരുഷ ടീം തുടരുന്നതില്‍ താലിബാന് എതിര്‍പ്പില്ലെന്നും വനിതാ ടീമിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നുമാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മീഡിയ മാനേജര്‍ ഹിക്മത് ഹസ്സനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്രിക്കറ്റുമായി ബന്ധപ്പെട്ട് താലിബാന് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ഹിക്മത് പറയുന്നു. ഇതുവരെ തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകന്‍ താലിബാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതുപ്രകാരം കാബൂളില്‍ രണ്ട് പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പുരുഷ ക്രിക്കറ്റിന് പ്രശ്നങ്ങളൊന്നും തന്നെ നിലവിലില്ല. എന്നാല്‍ വനിതാ ക്രിക്കറ്റിന്റെ ഭാവിയില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.



അടുത്തിടെ 15 വനിതാ താരങ്ങള്‍ക്ക് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നു. ഇവരുടെ പ്രതിഫലവും നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് കളിക്കാന്‍ കഴിയില്ലെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. ഭാവിയില്‍ എന്താകുമെന്ന് അറിയില്ലെന്നും ഹിക്മത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനം താലിബാന്‍ ഭീകര സംഘം സന്ദര്‍ശിച്ചിരുന്നു. കാബൂളിലുള്ള അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്വാട്ടേഴ്സിലാണ് താലിബാന്‍ സംഘം എത്തിയത്. മുന്‍ അഫ്ഗാന്‍ താരം അബ്ദുള്‍ മസാരിയും താലിബാന്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.കോണ്‍ഫറന്‍സ് ഹാളില്‍ ഇരിക്കുന്ന ആയുധധാരികളായ ഭീകരരുടെ ചിത്രങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.