പ്ലഗും കേബിളുമില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം; വിപ്ലവം തീര്‍ക്കാന്‍ വയര്‍ലെസ് ചാര്‍ജിംഗ് മുറികള്‍

പ്ലഗും കേബിളുമില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം; വിപ്ലവം തീര്‍ക്കാന്‍ വയര്‍ലെസ് ചാര്‍ജിംഗ് മുറികള്‍

ടോക്യോ: പ്ലഗും കേബിളും ഒന്നുമില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ തനിയേ പ്രവര്‍ത്തിക്കുന്നത് സങ്കല്‍പിക്കാനാകുമോ. ഒരു മുറിയിലെ ഫോണും ലൈറ്റും ഫാനുമൊെക്ക വയറുകളുടെ സഹായമില്ലാതെ സുരക്ഷിതമായി പ്രവര്‍ത്തിച്ചാല്‍ എന്തു സൗകര്യമായിരിക്കും. ഈ സങ്കല്‍പം യാഥാര്‍ഥ്യമാക്കി മാറ്റിയിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍. വയര്‍ലെസ് ചാര്‍ജിംഗ് റൂം എന്ന സംവിധാനമാണ് ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അവതരിപ്പിച്ചത്. ഒരു മുറിക്കുള്ളിലോ ട്രെയിനിലോ അല്ലെങ്കില്‍ കഫേയിലോ കയറുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ സ്വയം ചാര്‍ജ് ചെയ്യുന്നതിന്് ഈ പുതിയ സാങ്കേതിക വിദ്യ സഹായിക്കും. നേച്ചര്‍ ഇലക്ട്രോണിക്‌സിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ആദ്യം ഒരു മുറി മുഴുവന്‍ വയര്‍ലെസ് ചാര്‍ജറാക്കി മാറ്റിയെടുക്കുകയാണ് ഗവേഷകര്‍ ചെയ്തത്. മുറിക്കുള്ളിലെ എല്ലാ ഉപകരണങ്ങളിലേക്കും വയര്‍ലെസ് ആയി വൈദ്യുതി നല്‍കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ഗവേഷകര്‍ ഒരുക്കിയ ഈ മുറിയില്‍ കേബിളുകളോ വയറുകളോ ഒന്നുമില്ലാതെ ഫോണുകളും ഫാനുകളും ലൈറ്റുകളും ഒരേസമയം പ്രവര്‍ത്തിപ്പിക്കാനായി. ഭാവിയില്‍ വൈദ്യുതി ഉപകരണങ്ങളെ വയറുകളില്‍ നിന്ന് മോചിപ്പിക്കാനും എവിടെ നിന്നും വൈദ്യുതി വലിച്ചെടുക്കാനും കെട്ടിടങ്ങളെ വയര്‍ലെസ് ചാര്‍ജിംഗ് സോണുകളാക്കി മാറ്റിയെടുക്കാനും ഇതിലൂടെ കഴിയും.

മുറിക്കുള്ളിലെ ആളുകളെയും ഫര്‍ണിച്ചറുകളെയും അപകടകരമായി ബാധിക്കാതെതന്നെ മുറിയില്‍ എവിടെനിന്നും കറന്റ് വലിച്ചെടുത്ത് പ്രവര്‍ത്തിക്കാന്‍ ലൈറ്റും ഫാനും സെല്‍ ഫോണും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കു കഴിയുന്നതാണ് പുതിയ സാങ്കേതിക വിദ്യ.

വയര്‍ലെസ് ചാര്‍ജിംഗ് എന്നത് പുതിയ സംഭവമല്ല. വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അടുത്തകാലത്ത് പ്രചാരവും നേടുന്നുണ്ട്. പക്ഷേ അവ വളരെ ഹ്രസ്വ ദൂരത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഗവേഷണത്തില്‍, വൈദ്യുത പ്രവാഹം സാധ്യമാക്കുന്ന വൈദ്യുതകാന്തിക മണ്ഡലങ്ങള്‍ ഉപയോഗിച്ച് ഒരു മുറി മുഴുവന്‍ വയര്‍ലെസ് ചാര്‍ജറാക്കി മാറ്റിയെടുക്കുകയാണ് ജാപ്പനീസ് ഗവേഷകര്‍ ചെയ്തത്.വയറുകളുടെ സഹായമില്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശാസ്ത്രലോകം ആരംഭിച്ചിട്ട് ഒരുനൂറ്റാണ്ടിലേറെയായി. വൈദ്യുതിയുഗ'ത്തിന്റെ ശില്‍പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിക്കോളെ ടെസ്ലയാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഈ രംഗത്ത് ചില ശ്രമങ്ങള്‍ നടത്തിയത്.

അലുമിനിയം ഷീറ്റ് മെറ്റല്‍ ഹൗസിംഗ് കപ്പാസിറ്ററുകള്‍ കൊണ്ട് നിര്‍മ്മിച്ച തറയും സീലിംഗും മതിലുകളും ഉള്ള ഒരു 3 ഃ 3 ഃ 2മീറ്റര്‍ മുറിയാണ് ഗവേഷകര്‍ ആദ്യം നിര്‍മ്മിച്ചത്. കപ്പാസിറ്ററുകള്‍ ഫ്‌ളോര്‍, സീലിംഗ്, മതിലുകള്‍ എന്നിവയിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുകയും ഇത് ഒരു കാന്തിക മണ്ഡലം സൃഷ്ടിക്കുകയും ചെയ്യുന്നു.

ചെറിയ കോയില്‍ റിസീവറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ക്ക് ഈ കാന്തിക മണ്ഡലത്തിയലൂടെ വൈദ്യുതി വലിച്ചെടുക്കാനാകും. ഇതിലൂടെ ഗവേഷകര്‍ വയര്‍ലെസായി ഒരു ഫോണ്‍ ചാര്‍ജ് ചെയ്യുകയും മുറിയില്‍ ഒരു ലൈറ്റും ഫാനും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. മുറിയിലെ 98 ശതമാനം ഭാഗങ്ങളിലും വൈദ്യുതി 50 ശതമാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി പഠനത്തിനു നേതൃത്വം നല്‍കിയ തകുയ സസതാനി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.