പ്രകൃതി ദുരന്തങ്ങള്‍ ഏറുമ്പോഴും ജീവാപായ നിരക്ക് താഴേക്ക്; കൃത്യസമയത്തെ മുന്നറിയിപ്പിന്റെ വിജയം

 പ്രകൃതി ദുരന്തങ്ങള്‍ ഏറുമ്പോഴും ജീവാപായ നിരക്ക് താഴേക്ക്; കൃത്യസമയത്തെ മുന്നറിയിപ്പിന്റെ വിജയം

ജനീവ:കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളുടെ എണ്ണം കുതിച്ചുയരുമ്പോഴും കൃത്യസമയത്ത് മുന്നറിയിപ്പുകള്‍ കൊടുക്കാനാകുന്നതിനാല്‍ ജീവാപായം ഉള്‍പ്പെടെയുള്ള ആഘാതത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതിലുള്ള നേരിയ ആശ്വാസം പങ്കിട്ട് ഐക്യരാഷ്ട്ര സമിതിയുടെ മേല്‍നോട്ടത്തിലുള്ള അവലോകന റിപ്പോര്‍ട്ട്.

വെള്ളപ്പൊക്കം, ഉഷ്ണതരംഗം എന്നിവ പോലുള്ള ദുരന്തങ്ങള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ അഞ്ച് മടങ്ങായി വര്‍ദ്ധിച്ചു. ഈ ദുരന്തങ്ങളില്‍ രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് മരണപ്പെട്ടതെന്ന വിവരവുമുണ്ട് ലോക മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനും (ഡബ്‌ളിയു.എം.ഒ) യു.എന്‍ ഓഫീസ് ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക്് റിഡക്ഷനും (യുഎന്‍ഡിആര്‍ആര്‍) ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍. 3.64 ട്രില്യണ്‍ ഡോളറിന്റെ നഷ്ടവും ലോകത്താകമാനമായുണ്ടായി.

1970 മുതല്‍ 2019 വരെ ലോകവ്യാപകമായുണ്ടായ വന്‍ ദുരന്തങ്ങളുടെ 50 ശതമാനവും കാലാവസ്ഥാ വ്യതിയാനത്താല്‍ വന്നു പെട്ട പ്രകൃതി ദുരന്തങ്ങളാണ്.മുഖ്യമായും ആഗോളതാപനത്താലാണ് തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകുന്നത്. ദുരന്തങ്ങള്‍ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ 45 ശതമാനവും പ്രകൃതി ദുരന്തങ്ങളിലേതാണ്. 74 ശതമാനവും സാമ്പത്തിക നഷ്ടങ്ങളും ഇതു മൂലം തന്നെ. അതേസമയം, പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള മരണങ്ങളുടെ 91 ശതമാനത്തിലധികം സംഭവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. ദരിദ്ര രാജ്യങ്ങളെ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ആനുപാതികമായി ബാധിക്കുന്നില്ലെന്ന നിരീക്ഷണവുമുണ്ട് റിപ്പോര്‍ട്ടില്‍


1979-2019 കാലഘട്ടത്തില്‍ നടന്ന 11,000 ദുരന്തങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നു. 1983 ല്‍ എത്യോപ്യയില്‍ ഉണ്ടായ വരള്‍ച്ച യില്‍ മരണം 300,000 കവിഞ്ഞിരുന്നു.ജീവനഷ്ടത്തിനപ്പുറം നാശത്തിന്റെ ഏറ്റവും വ്യാപക കാരണം കൊടുങ്കാറ്റുകളാണ്. ഇതുമൂലം ലോകമെമ്പാടുമായി ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളാണുണ്ടായത്.1970 കളില്‍ ഹാര്‍വി, മരിയ, ഇര്‍മ തുടങ്ങിയ കൊടുങ്കാറ്റുകള്‍ അമേരിക്കയില്‍ ആഞ്ഞടിച്ചപ്പോള്‍ വന്ന നഷ്ടം 1.38 ട്രില്യണ്‍ ഡോളറായിരുന്നു. 163.61 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കിയ 2005 ലെ കത്രീന ചുഴലിക്കാറ്റിന്റെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് കൊടുക്കാനായാല്‍ ദുരന്തനിരക്ക് ഗണ്യമായി താഴ്ത്താനാകുമെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ പെറ്റേരി ടാലസ് പറഞ്ഞു.എന്നാല്‍, ഡബ്ല്യുഎംഒയുടെ 193 അംഗരാജ്യങ്ങളില്‍ പകുതിയോളം രാജ്യങ്ങളില്‍ മാത്രമേ ഏറ്റവും കാര്യക്ഷമമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളുള്ളൂ. ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും ചില ഭാഗങ്ങളില്‍ കടുത്ത പോരായ്മയാണ് ഇപ്പോഴും ഇക്കാര്യത്തിലുള്ളത്.

1970 -നും 2019 -നും ഇടയില്‍ പ്രകൃതി ദുരന്തങ്ങളാലുള്ള മരണങ്ങളുടെ എണ്ണം താഴാന്‍ കാരണം മെച്ചപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങളാണെന്ന് പെറ്റേരി ടാലസ് പറഞ്ഞു. 50,000 ല്‍ നിന്ന് 20,000 ല്‍ താഴെയായി മരണ സംഖ്യ.അതേസമയം, ദുരന്തങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സാമ്പത്തിക നഷ്ടങ്ങള്‍ ഉയരുകയാണ്. പക്ഷേ, വ്യക്തമായ സ്ഥിതിവിവരക്കണക്കുകള്‍ പ്രത്യാശയുടെ ഒരു സന്ദേശം നല്‍കുന്നുണ്ട്. മെച്ചപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങള്‍ മരണനിരക്ക് ഇനിയും കുറയ്ക്കും. ജീവന്‍ രക്ഷിക്കുന്നതില്‍ നമ്മള്‍ മുമ്പത്തേക്കാള്‍ മികച്ച നിലയിലാണ്-ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ പറഞ്ഞു.

വ്യാപകമായ വരള്‍ച്ച പോലുള്ള തീവ്രമായ കാലാവസ്ഥ ലോകമെമ്പാടും കര്‍ഷകര്‍ക്കിടയില്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. 10 വന്‍ വരള്‍ച്ചകള്‍ ഈ കാലയളവിലുണ്ടായി. ഇവ 650,000 മരണങ്ങള്‍ക്ക് ഇടയാക്കി. കൊടുങ്കാറ്റുകള്‍ മൂലം സംഭവിച്ചത് 577,232 മരണങ്ങളാണ്.വെള്ളപ്പൊക്കം 58700 ജീവനുകള്‍ എടുത്തു. അത്യുഷ്ണത്താല്‍ 55,736 പേര്‍ മരിച്ചു. ഇതിനിടെ, സാമ്പത്തിക നഷ്ടം 1970 മുതല്‍ 2010 വരെ ഏഴ് മടങ്ങ് വര്‍ദ്ധിച്ചു. ആഗോള തലത്തില്‍ പ്രതിദിന ശരാശരി നഷ്ടം 49 മില്യണ്‍ ഡോളറില്‍ നിന്ന് 383 മില്യണ്‍ ഡോളറായി.

.പ്രകൃതി ദുരന്തങ്ങളാല്‍ 1970 മുതല്‍ 2019 വരെ ലോകമെമ്പാടുമുണ്ടായ മൊത്തം സാമ്പത്തിക നഷ്ടത്തിന്റെ 35 ശതമാനം വരും 2017 ല്‍ സംഭവിച്ച മൂന്ന് ചുഴലിക്കാറ്റുകളുടേത്. അമേരിക്കയില്‍ ഹാര്‍വി ചുഴലിക്കാറ്റ് 96.9 ബില്യണ്‍ ഡോളര്‍ അപഹരിച്ചു. കരീബിയന്‍ പ്രദേശത്തെ മരിയ 69.4 ബില്യണും കേപ് വെര്‍ഡെയിലെ ഇര്‍മ 58.2 ബില്യണും ഡോളര്‍ നാശത്തിനിടയാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകത്തിന്റെ പല ഭാഗങ്ങളിലും ചൂട് ഇനിയും കഠിനമാകും. അതിനര്‍ത്ഥം യൂറോപ്പിലും വടക്കേ അമേരിക്കയിലും അടുത്തിടെ കണ്ടതുപോലുള്ള അത്യുഷ്ണവും വരള്‍ച്ച, കാട്ടുതീ എന്നിവയുമുണ്ടാകാം -ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ പറഞ്ഞു.

അന്തരീക്ഷത്തിലെ നീരാവിയുടെ അമിത സാന്നിധ്യം അതിശക്തമായ മഴയും വെള്ളപ്പൊക്കവും വര്‍ദ്ധിപ്പിച്ചു. സമുദ്രങ്ങള്‍ ചൂടാകുന്നത് ഏറ്റവും തീവ്രമായ ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ ആവൃത്തിയും വ്യാപ്തിയും അധികരിപ്പിച്ചെന്നും ഡബ്ല്യുഎംഒ മേധാവി വിശദീകരിച്ചു.സമുദ്ര നിരപ്പ് ഉയര്‍ന്നുവരുന്നതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളുടെ ദുര്‍ബലത ഏറിവരുന്നു. അമിതമായ മനുഷ്യ സ്വാധീനമാണിതിനു കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.