മഞ്ഞുപാളികള്‍ കീറിമുറിക്കും; അന്റാര്‍ട്ടിക്കയിലെ ഓസ്‌ട്രേലിയന്‍ പര്യവേഷണങ്ങള്‍ക്ക് അത്യാധുനിക ഐസ് ബ്രേക്കര്‍ കപ്പല്‍

മഞ്ഞുപാളികള്‍ കീറിമുറിക്കും; അന്റാര്‍ട്ടിക്കയിലെ ഓസ്‌ട്രേലിയന്‍ പര്യവേഷണങ്ങള്‍ക്ക് അത്യാധുനിക ഐസ് ബ്രേക്കര്‍ കപ്പല്‍

സിഡ്‌നി: അന്റാര്‍ട്ടിക്കയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന അത്യാധുനിക ഐസ് ബ്രേക്കര്‍ കപ്പലായ നൂയിന സ്വന്തം നാടായ ഓസ്‌ട്രേലിയയിലേക്കു യാത്രതിരിച്ചു. നെതര്‍ലാന്‍ഡില്‍ അവസാന ടെസ്റ്റും കഴിഞ്ഞാണ് ഓസ്‌ട്രേലിയയിലേക്കു തിരിച്ചത്. 24,000 കിലോമീറ്റര്‍ യാത്രയ്ക്ക് ശേഷം ഒക്ടോബറില്‍ ഹോബാര്‍ട്ട് തുറമുഖത്തില്‍ എത്തിച്ചേരും.

160 മീറ്റര്‍ നീളമുള്ള ഐസ് ബ്രേക്കര്‍ കപ്പലിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനും അടുത്ത 30 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തിനുമായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ 1.9 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. റൊമാനിയയിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. അന്റാര്‍ട്ടിക്കയിലെ പര്യവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക്ക് ഡിവിഷന്റെ (എഎഡി) കീഴിലായിരിക്കും കപ്പല്‍ പ്രവര്‍ത്തിക്കുക.

10 വര്‍ഷമെടുത്താണ് കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് പരിസ്ഥിതി മന്ത്രി സൂസന്‍ ലേ പറഞ്ഞു. ഓസ്‌ട്രേലിയയുടെ അന്റാര്‍ട്ടിക്ക് പര്യവേഷണങ്ങളുടെ നട്ടെല്ലായി കപ്പല്‍ മാറുമെന്നും സൂസന്‍ ലേ പറഞ്ഞു. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് നൂയിന.

അന്റാര്‍ട്ടിക്കയിലെ ഗവേഷണം, സമുദ്ര ഗവേഷണം, കാലാവസ്ഥാ ഗവേഷണം എന്നിവയ്ക്ക് ഊര്‍ജം പകരാന്‍ ഈ അത്യാധുനിക കപ്പലിനു സാധിക്കും. പര്യവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അന്റാര്‍ട്ടിക്കയിലേക്കുള്ള സുരക്ഷിതയാത്ര നൂയിന സാധ്യമാക്കുമെന്ന് ലേ പറഞ്ഞു. അന്റാര്‍ട്ടിക്കയെ കൂടുതല്‍ അടുത്തറിയാന്‍ വരും തലമുറകള്‍ക്കും ഈ കപ്പല്‍ ഉപയോഗപ്രദമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



അത്യാധുനിക സാങ്കേതികവിദ്യയാണ് നൂയിനയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അന്റാട്ടിക്കയിലെ തണുത്തുറഞ്ഞ പ്രതികൂല കാലാവസ്ഥയില്‍ ഭീമാകാരമായ മഞ്ഞുപാളികള്‍ കീറിമുറിച്ച് യാത്ര ചെയ്യാന്‍ കപ്പലിനു കഴിയും. ഒരേ സമയം തുടര്‍ച്ചയായി 90 ദിവസം വരെ യാത്ര ചെയ്യാനുള്ള ശേഷിയുണ്ടിതിന്.

ദക്ഷിണ സമുദ്രത്തില്‍ വിന്യസിക്കുന്ന ഏറ്റവും അത്യാധുനികമായ കപ്പലാണിതെന്നും മന്ത്രി പറഞ്ഞു.


കപ്പലിന്റെ ഉള്‍വശം

കഴിഞ്ഞ വര്‍ഷം അവസാനമാണ് നുയിന കടലിലെ പരീക്ഷണ ഓട്ടം ആരംഭിച്ചത്. 1989 മുതല്‍ 2020 വരെ സേവനത്തിലുണ്ടായിരുന്ന അറോറ ഓസ്ട്രാലിസിന് പകരമാണ് നൂയിന എത്തുന്നത്. ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക്ക് ഡിവിഷന്റെ കീഴില്‍ അവസാന പര്യവേഷണവും പൂര്‍ത്തിയാക്കിയശേഷം അറോറ ഓസ്ട്രാലിസിനെ സിംഗപ്പൂരിലേക്കു കൊണ്ടുപോയി.

സ്‌കൂളുകളില്‍ നടന്ന മത്സരത്തിന്റെ ഭാഗമായി കുട്ടികളാണ് കപ്പലിന് നുയിന എന്ന പേരു നല്‍കിയത്. ടാസ്മാനിയന്‍ അബോര്‍ജിനല്‍സിന്റെ ഭാഷയായ പലാവ കനിയില്‍നിന്നാണ് ഈ വാക്ക് കണ്ടെത്തിയത്. തെക്കന്‍ വെളിച്ചം (സൗത്തേണ്‍ ലൈറ്റ്‌സ്) എന്നാണ് 'നൂയിന' എന്ന വാക്കിന്റെ അര്‍ത്ഥം.

കപ്പല്‍ കഴിഞ്ഞ വര്‍ഷം ഹോബാര്‍ട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കോവിഡ് മൂലം എ.എ.ഡിക്ക് കൈമാറുന്നതില്‍ കാലതാമസം നേരിട്ടു. ഇടക്കാലത്തേക്ക് എംപിവി എവറസ്റ്റ് എന്ന കപ്പല്‍ ഉപയോഗിച്ചിരുന്നെങ്കിലും ഏപ്രിലില്‍ എഞ്ചിനില്‍ തീപിടിച്ചതോടെ പ്രവര്‍ത്തനരഹിതമായി.

ഒക്ടോബറില്‍ ഹൊബാര്‍ട്ടിലെത്തിശേഷം, അന്റാര്‍ട്ടിക്കയിലെ ശാസ്ത്ര ദൗത്യം ആരംഭിക്കുന്നതിനു മുന്നോടിയായി കപ്പലിനെ കൂടുതല്‍ പരിശോധനയ്ക്കും അന്റാര്‍ട്ടിക്കയിലെ മീറ്ററുകള്‍ കനമുള്ള മഞ്ഞുപാളികളിലൂടെയുള്ള യാത്രാ പരീക്ഷണങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷനും വിധേയമാകും.



അന്റാര്‍ട്ടിക്കയിലെ ഗവേഷണ കേന്ദ്രങ്ങളിലേക്ക് ആളുകളെയും അവര്‍ക്കുള്ള സാധനങ്ങളും ഉപകരണങ്ങളും ഇന്ധനവും കൊണ്ടുപോകാനാണ് കപ്പല്‍ ഉപയോഗിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26