ഗൂഗിള്‍ വഴിയും ഇനി മുതൽ കോവിഡ് വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം

ഗൂഗിള്‍ വഴിയും ഇനി മുതൽ കോവിഡ് വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ഗൂഗിളിൽ സെര്‍ച്ച്‌ ചെയ്യതാൽ ഇനി മുതൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിന്‍ രജിസ്ട്രേഷൻ ലഭ്യമാകും. കൊവിന്‍ ആപ്പ്, പോര്‍ട്ടല്‍ എന്നിവ കൂടാതെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ 'കോവിഡ് വാക്‌സിന്‍ നിയര്‍ മി' (covid vaccine near me) എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താൽ അനായാസം സ്ലോട്ടുകള്‍ എടുക്കാനാകും.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഈ കാര്യം അറിയിച്ചത്. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്ലോട്ട് ബുക്കിംഗ്, വാക്സിന്‍ ലഭ്യത തുടങ്ങിയവയെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍നല്‍കാന്‍ ഗുഗിള്‍ തീരുമാനിച്ചിരിക്കുന്നത്.

ഗൂഗിള്‍ സെര്‍ച്ച്‌, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റ് തുടങ്ങിയ മൂന്ന് പ്ലാറ്റ്‌ഫോമിലൂടെയായി രാജ്യത്തെ 13,000 കേന്ദ്രങ്ങളിലെ വാക്സിന്‍ ലഭ്യത, അപ്പോയിന്റ്മെന്റുകള്‍ എന്നിവയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. സേവനങ്ങള്‍ ഈയാഴ്ച തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സേവനം ലഭ്യമാകും. വാക്‌സിന്‍ ലഭ്യത, സെന്ററുകള്‍ തുടങ്ങിയവയും അറിയാനാകും.

വാക്‌സിൻ ബുക്ക്‌ ചെയ്യേണ്ടത് ഇപ്രകാരമാണ് ഗൂഗിള്‍ സെര്‍ച്ചിലോ ഗൂഗില്‍ മാപ്പിലേക്കോ പോകുക. ഗൂഗിളിലെ എഴുതാനുള്ള ബോക്‌സില്‍ covid vaccine near me എന്ന് ടൈപ്പ് ചെയ്ത് തിരയുക. ശേഷം സ്ലോട്ടുകളുടെ ലഭ്യതയും മറ്റും പരിശോധിക്കുക. 'ബുക്ക് അപ്പോയിന്റ്‌മെന്റ്' ഫീച്ചറിലേക്കുള്ള ഒരു ഓപ്ഷന്‍ നിങ്ങള്‍ കാണും. നിങ്ങള്‍ക്ക് സമീപമുള്ള ഒരു സ്ലോട്ട് ബുക്ക് ചെയ്യാന്‍ അതില്‍ ക്ലിക്ക് ചെയ്യുക. സെര്‍ച്ച്‌ ചെയ്യുമ്പോൾ വരുന്ന കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ കോവിന്‍ എപിഐകളില്‍ നിന്നുള്ള തത്സമയ ഡാറ്റയാണ് നല്‍കുന്നത്.

കൂടാതെ ഓരോ കേന്ദ്രത്തിലെയും അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളുടെ ലഭ്യത, വാക്‌സിനുകളും ഡോസുകളും (ഡോസ് 1 അല്ലെങ്കില്‍ ഡോസ് 2), വിലനിര്‍ണ്ണയം (പണമടച്ചതോ സൗജന്യമോ) തുടങ്ങിയ വിവരങ്ങളും ഇതില്‍ കാണിക്കും. കൂടാതെ ബുക്കിംഗിനായി കോവിന്‍ വെബ്‌സൈറ്റിന്റെ ഒരു ലിങ്കും ഉള്‍പ്പെടുന്നുണ്ട്.

ഗൂഗിള്‍ സെര്‍ച്ച്‌, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയില്‍ ഉപയോക്താക്കള്‍ അവരുടെ അടുത്തുള്ള വാക്‌സിന്‍ സെന്ററുകളോ മറ്റോ തിരയുമ്പോൾ വിവരങ്ങള്‍ സ്വയമേ ദൃശ്യമാകുന്ന തരത്തിലാണ് ഗൂഗിള്‍ സജ്ജീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.