സ്‌റ്റൈല്‍ ആയി നടക്കാന്‍ പത്ത് വഴികള്‍

 സ്‌റ്റൈല്‍ ആയി നടക്കാന്‍ പത്ത് വഴികള്‍

ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കണം എന്നാഗ്രഹിക്കുന്നവരാണ് യുവതലമുറ. എന്നാല്‍ ഫാഷന്‍ ലോകത്തെ പുതിയ മാറ്റങ്ങള്‍ക്ക് പിറകെ സഞ്ചരിക്കുക എന്നത് മാത്രമല്ല സ്‌റ്റൈലിഷാവുക എന്നതിന് അര്‍ഥം. അല്പം വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നതും നിങ്ങള്‍ സ്വന്തമായി ഒരു വസ്ത്രധാരണ രീതി കണ്ടെത്തുന്നതും അത് അല്‍പം ഫാഷനണബിള്‍ ആകുന്നതുമെല്ലാം സ്‌റ്റൈലിഷാകുക എന്നതില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്.

പ്രിന്റുകളില്‍ വിസ്മയം തീര്‍ക്കാം:

വസ്ത്രങ്ങളില്‍ പല തരത്തിലുള്ള പ്രിന്റുകള്‍ നല്‍കുന്നത് മനോഹരമാണ്. ബോള്‍ഡ് ലുക്കില്‍ നിന്ന് മാറി അല്പം കൂളാവാന്‍ പ്രിന്റ്ഡ് വസ്ത്രങ്ങള്‍ ധരിക്കുന്നത് വഴി സാധിക്കും. എന്നാല്‍ സാധാരണ കണ്ടു വരുന്നത് പ്ലെയിന്‍ വസ്ത്രങ്ങളില്‍ അല്പം ഭാഗം പ്രിന്റ് ചെയ്യുക അല്ലെങ്കില്‍ പ്രിന്റഡ് വസ്ത്രങ്ങളില്‍ അല്പം ഭാഗം പ്ലെയിന്‍ ആയിരിക്കുക എന്നിങ്ങനെയാണ്. എന്നാല്‍ സ്‌റ്റൈലിഷാകാന്‍ ഇത് പോര, വ്യത്യസ്ത തരം പ്രിന്റുകള്‍ ഒരു വസ്ത്രത്തില്‍ വരുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം.

വലിയ പ്രിന്റുകളും ചെറിയ പ്രിന്റുകളും ചേര്‍ന്നു വരുന്ന വസ്ത്രങ്ങള്‍ എടുക്കാം. അല്ലെങ്കില്‍ വ്യത്യസ്ത ഡിസൈനുകളില്‍ ഉള്ള വലിയ പ്രിന്റുകള്‍ ഉള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാം. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നുവെങ്കില്‍ എല്ലാ കണ്ണുകളും നിങ്ങളിലേക്ക് നീളുന്നത് കാണാം. നിങ്ങള്‍ സ്‌റ്റൈലിഷായി തോന്നിക്കുന്നു എന്ന് ഈ നോട്ടങ്ങള്‍ മനസിലാക്കി തരും.

ഇവ ഒരുമിച്ച് ഉപയോഗിക്കാം:

ഒരുപാട് നാള്‍ ഉപയോഗിച്ച് പുതുമയില്ലാതായി മാറിയ പഴയ കുര്‍ത്തകള്‍ വീണ്ടും അതുപോലെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കോ നിങ്ങളെ കാണുന്നവര്‍ക്കോ വിരസതയല്ലാതെ മറ്റൊന്നും തോന്നാന്‍ വഴിയില്ല. എന്നാല്‍ പഴയ കുര്‍ത്തികളോടൊപ്പം ഒരു ഓവര്‍ കോട്ട് അല്ലെങ്കില്‍ മനോഹരമായ ഷ്രഗ് ഉപയോഗിച്ച് നോക്കൂ. പഴയ വസ്ത്രമാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നതെന്ന് ആര്‍ക്കും മനസിലാകില്ല. നിങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം തോന്നും. പല വിധത്തിലുള്ള തുണിത്തരങ്ങളില്‍ ജാക്കറ്റുകളും ഷ്രഗ്കളും ലഭിക്കും. ജോഡിയാക്കുന്ന വസ്ത്രത്തോട് ഇണങ്ങുന്ന നിറങ്ങളിലുള്ളവ ഉപയോഗിക്കാം.

സ്‌കാര്‍ഫ് ഉപയോഗിക്കാം:

പ്രിന്റുകളോ മറ്റ് ഡിസൈനുകളോ ഇല്ലാത്ത വസ്ത്രങ്ങള്‍ക്കൊപ്പം ഒരു നല്ല സ്‌കാര്‍ഫ് ധരിക്കുന്നത് നിങ്ങളെ ഏറ്റവും ആകര്‍ഷകമാക്കും. കഴുത്തില്‍ വെറുതെ ചുറ്റിയിടുകയോ മുടിയില്‍ ചുറ്റി വെയ്ക്കുകയോ ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ഒന്ന് ടൈ ചെയ്തിടുന്നതും നിങ്ങളുടെ രൂപത്തിന് കൂടുതല്‍ ആകര്‍ഷകത്വം നല്‍കും. മറ്റേതു രീതിയേക്കാളും നിങ്ങളെ മികച്ചതാക്കാന്‍ ഒരു ചെറിയ സ്‌കര്ഫിനു കഴിയുമെന്ന് തിരിച്ചറിയൂ. ആള്‍ക്കൂട്ടത്തിനിടയില്‍ നിങ്ങള്‍ എല്ലാ കണ്ണുകളെയും ആകര്‍ഷിക്കും.

പാകത്തിലുള്ളത് തിരഞ്ഞെടുക്കാം:

ട്രെന്‍ഡിങ് വസ്ത്രങ്ങള്‍ ധരിക്കുക, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുക എന്നത് മാത്രമല്ല, നിങ്ങളുടെ ശരീരത്തിന് പാകമാകുന്ന 'ഫിറ്റ്' വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. എങ്കില്‍ മാത്രമേ നിങ്ങളുടെ ശരീര ഭംഗി ആ വസ്ത്രത്തില്‍ കാണാന്‍ കഴിയൂ. അതിനാല്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ മികച്ചത് കണ്ടെത്താന്‍ ശ്രമിക്കണം. അതിനായി മറ്റുള്ളവരുടെ സഹായവും ഉപദേശവും തേടുകയും ചെയ്യാം.

പുതിയ കോമ്പിനേഷനുകള്‍ പരീക്ഷിക്കാം:

ഫാഷന്‍ ലോകത്ത് ശരി തെറ്റുകള്‍ക്ക് സ്ഥാനമില്ല എന്നതാണ് പ്രത്യേകത. മനസിനും ശരീരത്തിനും ശരിയെന്നു തോന്നുന്ന, ഇണങ്ങുന്ന വസ്ത്ര രീതി ഏത് വേണമെങ്കിലും പരീക്ഷിക്കാം. ഒരുപക്ഷെ കണ്ടു നില്‍ക്കുന്നവര്‍ വിമര്‍ശിച്ചേക്കാം, അവരുടെ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ വരെ ശ്രമിച്ചേക്കാം. എന്നാല്‍ നിങ്ങളുടെ താല്പര്യവുമായി മുന്നോട്ട് പോകുക എന്നത് മാത്രമാണ് ഏകവഴി. നിറങ്ങളിലും പാറ്റെണുകളിലും നിങ്ങളുടെ ഭാവനകള്‍ വിരിയട്ടെ.

ഷൂകളിലും വേണം ഒരു കണ്ണ്:

വസ്ത്രത്തോളം തന്നെ പ്രധാനമാണ് കാലിലെ ഷൂ എന്ന കാര്യം എല്ലായ്‌പ്പോഴും ഓര്‍മ വേണം, ധരിക്കുന്ന വസ്ത്രത്തിനോട് അനുയോജ്യമായ രീതിയില്‍ തന്നെ വേണം ഷൂ ധരിക്കാന്‍. ഇതിലും വ്യത്യസ്തതകള്‍ കൊണ്ടുവരാം. ആളുകളുടെ ശ്രദ്ധ ആകര്ഷിക്കുന്നതാകണം നിങ്ങളുടെ കാലുകളും.

ഭംഗി കൂട്ടും ആക്‌സസറീസ്:

വസ്ത്രത്തോടൊപ്പം അനുയോജ്യമായ ആക്‌സസറീസ് ഉപയോഗിക്കുന്നതും വളരെ പ്രധാനമാണ്. അതുകൊണ്ട് വസ്ത്രം വാങ്ങാന്‍ വലിയ തുക ചെലവഴിക്കുമ്പോള്‍ നിങ്ങളുടെ മനം കവരുന്ന ആക്‌സസറീസ് കൂടി ഉപയോഗിക്കാന്‍ ശ്രമിക്കൂ. അതിനായി കുറച്ചു പണം മാറ്റി വെയ്ക്കൂ..നിങ്ങളെ അല്പം സ്റ്റയിലിഷാക്കാന്‍ അവ സഹായിക്കും.

മാറ്റ് കൂട്ടാന്‍ ഹാറ്റ്:

നിങ്ങളെ ആകര്‍ഷകമാക്കാനുള്ള എല്ലാ കാര്യങ്ങളും ഒരുക്കി കഴിഞ്ഞാല്‍ ഒരു ഹാറ്റ് കൂടി വെച്ചോളൂ. ഇതിനോളം നിങ്ങളെ മികച്ചതാക്കാന്‍ മറ്റെന്തിനു കഴിയും? ആദ്യമായാണ് ഹാറ്റ് ഉപയോഗിക്കുന്നതെങ്കില്‍ വലിപ്പം കുറഞ്ഞവ ഉപയോഗിച്ച് തുടങ്ങാം. പിന്നീട് വളരെ ആത്മവിശ്വാസത്തോടെ വലിയ ഹാറ്റ് ഉപയോഗിക്കൂ.

ബാഗില്‍ പരീക്ഷണങ്ങള്‍ നടത്തൂ:

ധരിക്കുന്ന വസ്ത്രത്തിനോട് യോജിക്കുന്ന ബാഗുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചില വസ്ത്രങ്ങള്‍ക്ക് സൈഡ് ബാഗ് ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ മറ്റ് ചിലതിന് ബാക്ക് പാക്ക് ആകും കൂടുതല്‍ ഇണങ്ങുക. ഇക്കാര്യം പരിഗണിച്ചുകൊണ്ട് ബാഗില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ആള്‍ക്കൂട്ടത്തില്‍ തിളങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ.

സണ്‍ ഗ്ലാസ് നല്‍കും ബോള്‍ഡ് ലുക്ക്:

വസ്ത്രത്തോടൊപ്പം സണ്‍ ഗ്ലാസ് ധരിക്കുന്നത് നിങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കും. സ്ഥിരം ഫ്രെയിമുകളില്‍ നിന്ന് മാറിയും നിറങ്ങള്‍ മാറ്റി പരീക്ഷിച്ചും നിങ്ങള്‍ക്ക് വ്യത്യസ്തരാകാം. മുഖത്തിനോട് ചേരുന്ന ഗ്ലാസ്സുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കൂ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.