കര്‍ണാലില്‍ ഇന്ന് കര്‍ഷക മഹാ പഞ്ചായത്ത്: കനത്ത പൊലീസ് വിന്യാസം; ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

കര്‍ണാലില്‍ ഇന്ന് കര്‍ഷക മഹാ പഞ്ചായത്ത്: കനത്ത പൊലീസ് വിന്യാസം; ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

ന്യൂഡല്‍ഹി: കര്‍ണാലിലെ പൊലീസ് നടപടിയ്‌ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും.

കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് മഹാ പഞ്ചായത്ത് ചേരുക. കര്‍ഷക പ്രതിഷേധം ശക്തമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കര്‍ണാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാലടക്കം ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമരക്കാരെ തടയാന്‍ 40 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെ കര്‍ണാലിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. കേന്ദ്ര സേനയെയും നഗരത്തിന്റെ പലയിടങ്ങളിലും എത്തിച്ചിട്ടുണ്ട്. ജലപീരങ്കികളും തയാറാക്കിയിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കും.

ഓഗസ്റ്റ് 28ന് നടന്ന ലാത്തി ചാര്‍ജിനിടെ സമരക്കാരുടെ തലപൊട്ടിക്കാന്‍ ഉത്തരവിട്ട അന്നത്തെ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് ആയുഷ് സിന്‍ഹയ്‌ക്കെതിരെ നടപടിയെടുക്കില്ലെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും ഭരണകൂടം നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.

കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപണം ഉയര്‍ന്ന എസ്ഡിഎമ്മിന് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എസ്ഡിഎമ്മിനെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.

മരിച്ച കര്‍ഷകനും പൊലിസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കും സഹായ ധനം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഇന്ന് മഹാ പഞ്ചായത്ത് ചേരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.