വാക്സിനിലും വ്യാജന്‍: ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

വാക്സിനിലും വ്യാജന്‍: ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വ്യാജ വാക്‌സിനില്‍ ജാഗ്രതപുലര്‍ത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര വിപണിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം. വ്യാജന്മാരെ പെട്ടെന്നു തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ പട്ടികയും കേന്ദ്രം പുറത്തു വിട്ടു.
കോവിഡ് വാക്‌സിനുകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിരുന്നു. കോവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക്-വി എന്നിവയെ വ്യാജന്മാരില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവയുടെ ലേബല്‍, കളര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നിരീക്ഷിച്ചാണ് തിരിച്ചറിയാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജന്‍ പ്രചാരത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും വ്യാജ കോവിഡ് വാക്‌സിനുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡബ്‌ള്യു.എച്ച്.ഒ. മുന്നറിയിപ്പു നല്‍കിയത്
കോവിഡ് മഹാമാരി പടരുന്നതിന് ഇനിയും ശമനമുണ്ടാകാത്ത ഘട്ടത്തില്‍ വാക്‌സിനുകളുടെ വ്യാജന്മാര്‍ വിപണിയിലെത്തുന്നത് രോഗികള്‍ക്കും ലോകത്തെ ആരോഗ്യസംവിധാനത്തിനും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.