കാക്കനാട്: പതിനൊന്നാം ശമ്പള കമ്മീഷൻ സംസ്ഥാന സർക്കാരിന് നൽകിയ ശുപാര്‍ശകളില്‍ ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതും എയ്ഡഡ് സംവിധാനത്തെ തകർക്കുന്നതുമായ നിർദ്ദേശങ്ങൾ ഉൾപ്പെട്ടത് തികച്ചും പ്രതിഷേധാർഹമാണെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതോ അതിനായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നതോ അംഗീകരിക്കാൻ സാധിക്കില്ലെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെപ്റ്റംബർ നാല് ശനിയാഴ്ച ഓൺലൈനിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു.
ഇന്ത്യൻ ഭരണഘടന 29, 30 അനുച്ഛേദങ്ങൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭാസാവകാശങ്ങൾ നൽകിയിരിക്കുന്നത് അവരുടെ തനതായ സംസ്കാരവും പാരമ്പര്യവും ആചാരരീതികളും തലമുറകളിലേക്കു പകർന്നു കൊടുക്കുന്നതിനും അങ്ങനെ അവ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയാണ്. അതിനാൽ തന്നെ അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും നിയമനത്തിൽ മാനേജ്മെൻ്റിൻ്റെ അവകാശ അധികാരങ്ങൾ നഷ്ടപ്പെടുത്തുന്ന ഏതൊരു നടപടിയെയും ശക്തിയുക്തം എതിർക്കുമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ തിരുമാനിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൻ്റെ വിദ്യാഭാസ പുരോഗതിക്ക് കാരണമായി തീരുന്നത് പൊതു വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന എയ്ഡഡ് സംവിധാനമാണ്. സർക്കാർ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യയന നിലവാരം ഉയർത്തുവാനും സംരക്ഷിക്കുവാനും എയ്ഡഡ് സ്ഥാപനങ്ങൾക്കു സാധിക്കുന്നത് സ്കൂളുകളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മേൽ മാനേജ്മെൻ്റിന് നിയന്ത്രണാധികാരമുള്ളതുകൊണ്ടാണ്. ഇതു നഷ്ടപ്പെട്ടാൽ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ നിലവാര തകർച്ചയായിരിക്കും പരിണിതഫലം.
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളെ സർക്കാരിൻ്റെ സഹായം കൈപ്പറ്റുന്നവരായി മാത്രം കണക്കാക്കരുത്. തങ്ങൾക്ക് സ്വന്തമായിട്ടുള്ളതും വിവിധ രീതിയിൽ ഉപയോഗയോഗ്യവുമായ സ്ഥലവും കെട്ടിടവും സർക്കാരിൻ്റെ ഉത്തരവാദിത്തമായ പൊതുവിദ്യാഭ്യാസത്തിനു വേണ്ടി മാറ്റി വയ്ക്കുകയും വർഷംതോറും ലക്ഷക്കണക്കിനു രൂപ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സ്വന്തമായി ചെലവഴിക്കുകയും ചെയ്താണ് ഇവർ വിദ്യാലയങ്ങളെ സംരക്ഷിച്ചു പോരുന്നത്. പല എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ ആവശ്യപ്രകാരം തന്നെ ആരംഭിച്ചിട്ടുള്ളവയാണ്.
എയ്ഡഡ് വിദ്യാലയങ്ങൾ സർക്കാരും സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളും തമ്മിലുള്ള പരസ്പര സഹായത്തിൻ്റെയും സഹകരണത്തിൻ്റെയും മേഖലയാണ് എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ടും ചരിത്രത്തെയും ഭരണഘടനാതത്വങ്ങളെയും അവഗണിച്ചുകൊണ്ടും ഉള്ള ചർച്ചകളിലും തീരുമാനങ്ങളിലും നയരൂപീകരണങ്ങളിലും നിന്ന് സർക്കാരുകളും അനുബന്ധ സമിതികളും പിൻമാറേണ്ടതാണെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, കേരളത്തിലെ 13 സീറോമലബാർ രൂപതകളിൽ നിന്നുള്ള വൈദികരും അത്മായരുമടങ്ങുന്ന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സർക്കാരിൻ്റെ തുടർ തീരുമാനങ്ങൾക്കനുസൃതമായി പ്രതിഷേധ നടപടികൾ സ്വീകരിക്കാനും ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങൾ സംബന്ധിച്ചും സഭാംഗങ്ങളിൽ കൂടുതൽ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.