അഡ്ലെയ്ഡ്: ഓസ്‌ട്രേലിയന്‍ നഗരമായ അഡ്ലെയ്ഡില്‍ വൈദ്യുത ലൈനുകളിലെ തകരാറുകള്‍ കണ്ടെത്താന്‍ റോബോട്ടിക് നായ്ക്കള്‍. നിരപ്പല്ലാത്ത പ്രതലങ്ങളിലും വേഗത്തിലോടാന്‍ കഴിയുന്ന അത്യാധുനിക റോബോട്ടാണ് സ്‌പോട്ട് എഐ ഡോഗ്. സൗത്ത് ഓസ്‌ട്രേലിയയിലെ വൈദ്യുതി വിതരണ കമ്പനിയായ എസ്.എ പവര്‍ നെറ്റ്വര്‍ക്‌സ് ആണ് ലൈനുകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ വൈദഗ്ധ്യമുള്ള റോബോട്ടുകളെ ഉപയോഗിക്കുന്നത്. 360 ഡിഗ്രി കാമറ ഉള്‍പ്പെടെ 14 കിലോഗ്രാം വരെ ഉപകരണങ്ങള്‍ വഹിക്കാന്‍ ഇതിനു ശേഷിയുണ്ട്.
ഒരു യഥാര്‍ഥ നായയെപ്പോലെ തെരുവുകളിലൂടെയും മലമുകളിലൂടെയും ഓടിയും നടന്നും മലര്‍ന്നു കിടന്നും വൈദ്യുത ലൈനുകള്‍ നിരീക്ഷിക്കുകയും അതു റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ഇവയുടെ പ്രാഥമിക ദൗത്യം. റോഡരുകിലെ വൈദ്യുതി പോസ്റ്റുകളും തൂണുകളും അടക്കമുള്ള തടസങ്ങള്‍ റോബോട്ടിക് ഡോഗില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ തിരിച്ചറിഞ്ഞ് ഒഴിവാക്കി നീങ്ങും. ഇനി തട്ടി വീണാലും സ്വയം എഴുന്നേറ്റു നടക്കും.
സങ്കീര്‍ണമായ ഭൂപ്രദേശത്ത് തകരാറുകള്‍ ഉണ്ടായാല്‍ ഈ റോബോട്ടുകള്‍ക്ക് ആദ്യം എത്താനും പ്രദേശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി അയച്ച് ജീവനക്കാരെ അപകടം കൂടാതെ കൃത്യമായി അവിടെ എത്തിക്കാനും സഹായിക്കാന്‍ കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.
ജീവനക്കാരെ മാറ്റി സ്ഥാപിക്കുകയല്ല തകരാറുകള്‍ പരിഹരിക്കാനും സുരക്ഷയും ഡാറ്റ ശേഖരണവും മെച്ചപ്പെടുത്താനുമാണ് ഈ റോബോട്ടിക് ഡോഗ് സഹായിക്കുകയെന്ന് എസ്.എ പവര്‍ നെറ്റ്വര്‍ക്‌സ് വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26