ബുഡാപെസ്റ്റ് : വിശ്വാസത്തിന്റെ പേരില്‍ 13 ക്രിസ്ത്യാനികള്‍ വീതം ഓരോ ദിവസവും ലോകത്ത് കൊല ചെയ്യപ്പെടുന്നുണ്ടെന്ന് ഹംഗറി ഡെപ്യൂട്ടി പ്രധാനമന്ത്രിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ സോള്‍ട്ട് സെംജെന്‍.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്നു വരുന്ന അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ആരംഭിച്ച ''ക്രോസ് ഇന്‍ ഫയര്‍: പേഴ്‌സിക്യൂഷന്‍ ഓഫ് ക്രിസ്ത്യന്‍സ് ഇന്‍ കോണ്‍ഫ്‌ളിക്റ്റ് സോണ്‍സ്'' എന്ന പൊതു പ്രദര്‍ശനം ബുഡാപെസ്റ്റിലെ നാഷണല്‍ മ്യൂസിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും പ്രത്യേകിച്ച് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനവും വിവേചനവുമാണ് എക്‌സിബിഷന്റെ മുഖ്യ പ്രമേയം.
ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം ഇന്നത്തെ ഒരു മാനുഷിക പ്രതിസന്ധിയാണ്. വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലെന്നും രക്തസാക്ഷികള്‍ ആകുന്നില്ലെങ്കില്‍ പോലും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ജോലികള്‍ നഷ്ടപ്പെടാറുണ്ടെന്നും സെംജെന്‍ പറഞ്ഞു.
കഴിഞ്ഞ 400 വര്‍ഷങ്ങളായി ഹംഗേറിയന്‍ ജനത ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുകയാണ്. കാര്‍പാത്ത്യന്‍ അടിവാരത്തില്‍ 'ശരിഅത്ത്' നിയമങ്ങളുടെ നിഴലില്‍ ജീവിക്കാതിരിക്കുവാന്‍ ദക്ഷലക്ഷകണക്കിന് ഹംഗറിക്കാര്‍ ജീവന്‍ ബാലിദാനം ചെയ്തിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന മതപീഡനം ആഗോള ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കുറിച്ച് പരാമര്‍ശിക്കാതെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണം സാധ്യമല്ലെന്ന് എസ്റ്റര്‍ഗോം-ബുഡാപെസ്റ്റ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് നമ്മള്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തണമെന്നും നമ്മുടെ കഴിവിനനുസരിച്ച് അവരെ സഹായിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.