തിരുവനന്തപുരം: എടാ, എടീ, നീ വിളികള്‍ ഇനി വേണ്ടെന്ന് പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സഭ്യമായ വാക്കുകള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപി അനില്‍ കാന്ത് സര്‍ക്കുലര്‍ ഇറക്കിയത്.
പൊലീസുകാരുടെ പെരുമാറ്റരീതി സ്‌പെഷ്യല്‍ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായും വിനയത്തോടെയും പെരുമാറണമെന്നും ഡിജിപി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പൊലീസിന്റെ എടാ, എടീ, നീ വിളികള്‍ കീഴ്‌പ്പെടുത്താനുള്ള കൊളോണിയല്‍ മുറയുടെ ശേഷിപ്പാണെന്നാണ് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു. പരിഷ്‌കൃതവും സംസ്‌കാരവുമുള്ള സേനയ്ക്ക് ഇത്തരം പദപ്രയോഗങ്ങള്‍ ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ചേര്‍പ്പ് എസ്‌ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ആരോപിച്ച് തൃശൂര്‍ ചേര്‍പ്പ് സ്വദേശി ജെ.എസ്.അനില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
പൊലീസ് ജനങ്ങളെ എടാ, എടീ, നീ എന്നടക്കം വിളിക്കുന്നത് ഭരണഘടനാപരമായ ധാര്‍മികതയ്ക്കും രാജ്യത്തിന്റെ മനഃസാക്ഷിക്കും വിരുദ്ധമാണ്. സ്വീകാര്യമായ പദങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ സംബോധന ചെയ്യാനും അല്ലാത്ത പദങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കണമെന്നും പൊലീസ് മേധാവിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.
അതേസമയം ഹര്‍ജിക്കാരന്‍ ഉന്നയിച്ച പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ അല്ല ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു. പൗരന്‍മാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. എന്നാല്‍ ഇതുസംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതും പൊലീസ് തന്നെയായതില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. ജനങ്ങളോടു പൊലീസ് മാന്യമായി പെരുമാറണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡിജിപി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.