ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രാജി വച്ചു. ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തിന് രാജി കത്ത് സമര്‍പ്പിച്ച രൂപാനി രാജിക്ക് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും പറഞ്ഞില്ല. 2022ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് രാജി.
കുറച്ചു ദിവസങ്ങളായി ഗുജറാത്ത് മന്ത്രിസഭയെ ചുറ്റിപറ്റി ബിജെപിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും രുപാനിയുടെ രാജി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. രാജിയുടെ കാരണം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് ബിജെപിയില്‍ നേതൃമാറ്റം സര്‍വ സാധാരണമാണെന്നായിരുന്നു രൂപാനിയുടെ മറുപടി.
ബിജെപി സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ നേൃത്വത്തില്‍ പാര്‍ട്ടി ഉന്നതതല യോഗം ചേരുന്നതിനിടെയാണ് മുഖ്യമന്ത്രി രാജിവച്ചിരിക്കുന്നത്. ആരാണ് പുതിയ മുഖ്യമന്ത്രിയെന്നതില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും. പ്രബലമായ പട്ടേല്‍ വിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.
കോവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ളവയില്‍ ഗുജറാത്ത് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാന,കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്നതായും സൂചനയുണ്ട്.
രൂപാനിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അതൃപ്തിയുണ്ടായിരുന്നു. നേരത്തെ തന്നെ രൂപാനിയെ മാറ്റാനായി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂപാനിക്ക് വേണ്ടി നിലപാടെടുക്കുകയായിരുന്നു.
ഗുജറാത്ത് ജനതയെ സേവിക്കാന്‍ അവസരം നല്‍കിയ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ രൂപാനി കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയാണെന്നും അത് വളരെ ദീര്‍ഘമായ ഒരു കാലയളവാണെന്നും രുപാനി വ്യക്തമാക്കി.
ബി ജെ പിയുടെ ദേശീയ നേതൃത്വത്തിനു കീഴില്‍ താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ഗുജറാത്ത് ജനത ബി ജെ പിയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ താന്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും രാജി സമര്‍പ്പിച്ച ശേഷം രൂപാനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.