ന്യൂഡൽഹി: അപകടം കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സര്‍വീസുകള്‍ കാര്യക്ഷമമാക്കാനും ട്രെയിനുകളില്‍ ഉപഗ്രഹ സാങ്കേതിക വിദ്യയായ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) രാജ്യത്താകെ നടപ്പാക്കുന്നു. റെയില്‍വേ നേരത്തേ സമര്‍പ്പിച്ച പദ്ധതി പടിപടിയായി നടപ്പാക്കാന്‍ കേന്ദ്ര ധനവകുപ്പ് തീരുമാനിച്ചു. പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
പശ്ചിമ റെയില്‍വേ പരീക്ഷിച്ച ജി.പി.എസ് പദ്ധതി വിജയിച്ചതോടെയാണ് രാജ്യവ്യാപകമാക്കുന്നത്. നിലവില്‍ 2,700 ഇലക്‌ട്രിക് ലോക്കോമോട്ടീവുകളിലും 3,800 ഡീസല്‍ ലോക്കോമോട്ടീവുകളിലും ജി.പി.എസ് ഉണ്ട്. ഇക്കൊല്ലം ഡിസംബറോടെ 6000 ലോക്കോമോട്ടീവുകളില്‍ കൂടി ജി.പി.എസ് ഘടിപ്പിക്കും. ഇപ്പോള്‍ അബ്സൊല്യൂട്ട് ബ്ലോക്ക് സിസ്റ്റത്തിലുള്ള ഡിവിഷനുകളെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സിസ്റ്റത്തിലേക്കും പിന്നീട് ജി.പി.എസിലേക്കും മാറ്റും.
ഉപഗ്രഹ സാങ്കേതിക വിദ്യയായ ജി.പി.എസിലൂടെ ട്രെയിനുകള്‍, എന്‍ജിനുകള്‍, മെയിന്റനന്‍സ് വെഹിക്കിളുകള്‍ തുടങ്ങിയവ തത്സമയം നിരീക്ഷിക്കാൻ സാധിക്കും. കൂടാതെ ജി.പി.എസിനെ കംപ്യൂട്ടറുകൾ, സെന്‍സറുകള്‍, കമ്മ്യൂണിക്കേഷന്‍ സങ്കേതങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ച് റെയില്‍ സുരക്ഷ ഉറപ്പാക്കാൻ കഴിയും. സിഗ്നലിംഗ് കുറ്റമറ്റതാക്കി ട്രെയിന്‍ അപകടങ്ങള്‍ 70 ശതമാനം വരെ കുറയ്ക്കാനും ട്രെയിന്‍ സര്‍വീസുകള്‍ കാര്യക്ഷമമാക്കാനും ജി.പി.എസ് സംവിധാനത്തിലൂടെ സാധിക്കും.
ഗേറ്റുകള്‍ അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക, ലെവല്‍ക്രോസ് അപകടങ്ങള്‍ തടയുക, ലൈനുകളിലൂടെ കൂടുതല്‍ ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കാം സാധിക്കുക എന്നിവയും ജി.പി.എസ് സംവിധാനത്തിലൂടെ സാധ്യമാണ്.
പാളങ്ങള്‍ പരിശോധിക്കുന്ന പട്രോളിംഗ് ട്രോളിയില്‍ ജി.പി.എസ് ട്രാക്കര്‍ ഘടിപ്പിച്ചു വരികയാണ്. ഇതിലൂടെ ട്രാക്കില്‍ വിള്ളല്‍ ഉണ്ടായാല്‍, വരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റിനും കണ്‍ട്രോള്‍ റൂമിലേക്കും ജി.പി. എസിലൂടെ വിവരങ്ങള്‍ കൈമാറാം. പാളത്തില്‍ വെള്ളം കയറിയാലും മണ്ണിടിഞ്ഞാലും വിവരം ട്രെയിനുകളില്‍ ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.