കാലങ്ങള്‍ക്കിടയില്‍ കണ്ണിയാകുന്ന കുരിശിന്റെ അതുല്യ മഹത്വം ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കാലങ്ങള്‍ക്കിടയില്‍ കണ്ണിയാകുന്ന കുരിശിന്റെ അതുല്യ മഹത്വം ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ബുഡാപെസ്റ്റ്: ഭൂതകാലത്തെ ഭാവികാലവുമായി ബന്ധിപ്പിക്കുന്ന കുരിശിന്റെ മാഹാത്മ്യം ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കുര്‍ബാനയര്‍പ്പണത്തോടനുബന്ധിച്ചുള്ള സമാപന പ്രാര്‍ത്ഥനയ്ക്കു മുമ്പായി ഹംഗേറിയന്‍ ജനതയ്ക്കു നന്ദി പറഞ്ഞു നല്‍കിയ സന്ദേശത്തിലാണ് രാജ്യം കടന്നു വന്ന കരിശിന്റെ വഴി ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള പാപ്പായുടെ നിരീക്ഷണം.

'52 -ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെയും ബുഡാപെസ്റ്റ് സന്ദര്‍ശനത്തിന്റെയും സമാപനത്തോടനുബന്ധിച്ച്, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' മാര്‍പ്പാപ്പ പറഞ്ഞു.'മഹത്തായ ഹംഗേറിയന്‍ ക്രിസ്ത്യന്‍ കുടുംബ' ത്തിന് തദ്ദേശിയ ഭാഷയില്‍ തന്നെ നന്ദി പറഞ്ഞ പാപ്പ, രാജ്യം പൂര്‍ണ്ണ ഐക്യത്തിലുള്ള യാത്ര തുടരണമെന്ന് ആഹ്വാനം ചെയ്തു.ദിവ്യകാരുണ്യത്തില്‍ ഉള്‍ച്ചേരുന്ന നന്ദിയുടെ ദീപ്തി പാപ്പ ചൂണ്ടിക്കാട്ടി.

കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ വൈസിയോസ്‌കിയും ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് ക്രൂസിന്റെ സ്ഥാപകയായ എലിസബത്ത് സാക്കായും വാഴ്സയില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നതിലുള്ള ചാരിതാര്‍ത്ഥ്യം ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവച്ചു. 'രണ്ടുപേര്‍ക്കും കുരിശുമായി നേരിട്ട് പരിചയമുണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത പോളണ്ടിലെ കര്‍ദ്ദിനാള്‍ വൈസിസ്‌കി ക്രിസ്തുവിന്റെ ഹൃദയത്തിനനുസരിച്ച് എപ്പോഴും പ്രവര്‍ത്തിച്ച ധീരനായ വൈദിക ശ്രേഷ്ഠനും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യ അന്തസ്സിന്റെയും വക്താവുമായിരുന്നു. കുട്ടിയായിരിക്കവേ കാഴ്ച നഷ്ടപ്പെട്ട സിസ്റ്റര്‍ എലിസബത്ത് അന്ധരെ സഹായിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു,' മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.



'ഞാന്‍ ആരാണു നിനക്കെ'ന്ന യേശുവിന്റെ ചോദ്യം തിരിച്ചറിയാനും അതിനനുസൃതമായ അര്‍ത്ഥപൂര്‍ണ്ണ ജീവിതത്തിലൂടെ മറുപടി നല്‍കാനും ഓരോ ക്രൈസ്തവനും സാധ്യമാകണമെന്ന് നേരത്തെ വചന പ്രഘോഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു. ശിഷ്യന്മാരായി സ്വയം പുതുക്കുന്ന പ്രക്രിയയാണിതിലൂടെ നിരന്തരം സംഭവിക്കുകയെന്ന് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

'ഞാന്‍ ആരാണെന്നാണ്് നിങ്ങള്‍ പറയുന്നത്?' എന്ന ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യം കേന്ദ്രീകൃതമായുള്ള സുവിശേഷ ഭാഗം വിശദീകരിച്ചുകൊണ്ടായിരുന്നു ഫാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം.'ശിഷ്യന്മാരോടുള്ള ആ ചോദ്യം നമ്മില്‍ ഓരോരുത്തരെയും വ്യക്തിപരമായി അഭിസംബോധന ചെയ്യുന്നു. വേദശാസ്ത്ര പഠനത്തില്‍ ഊന്നിയുള്ള ഉത്തരത്തില്‍ ഒതുങ്ങുന്നതാവരുത് ആ ചോദ്യത്തിനുള്ള മറുപടി. സുപ്രധാന വ്യക്തിഗത പ്രതികരണമാണാവശ്യം.'

യേശുവിനെ പ്രഖ്യാപിക്കുക, യേശുവിനെ തിരിച്ചറിയുക, യേശുവിനെ പിന്തുടരുക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജീവിത ബന്ധിയായ വ്യക്തിഗത പ്രതികരണത്തിലൂടെ ശിഷ്യന്മാരായി സ്വയം പുതുക്കുന്ന പ്രക്രിയയെന്ന് ഫാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.സെന്റ് പീറ്ററിനെപ്പോലെ യേശുവിനെ മിശിഹായായി അംഗീകരിക്കുന്നതില്‍ ഒതുങ്ങുന്നതല്ല, യേശുവിനെ പ്രഖ്യാപിക്കുക എന്ന ആദ്യപടി. പുനരുത്ഥാനത്തിന്റെ മഹത്വത്തിനു മുമ്പായുള്ള കുരിശിന്റെ കഷ്ടപ്പാടുകളുടെ പ്രഖ്യാപനവും ഇതിന്റെ അനിവാര്യ ഭാഗമാണ്.


ശിഷ്യന്മാരെപ്പോലെ നമ്മളും 'ക്രൂശിക്കപ്പെട്ട സേവകനേക്കാള്‍ ശക്തനായ മിശിഹായെയാണ് ഇഷ്ടപ്പെടുന്നത്,' മാര്‍പ്പാപ്പ പറഞ്ഞു. ദൈവം ആരാണെന്നു ബോധ്യപ്പെടുത്തി യേശു നമ്മുടെ രക്ഷയ്ക്കായി മരണം സ്വീകരിച്ചു എന്ന് ഓര്‍മ്മിപ്പിക്കുന്ന ഓരോ ദിവ്യബലിയിലൂടെയും 'ഞാന്‍ ആരാണു നിനക്കെ'ന്ന ആ ഭയപ്പെടുത്തുന്ന വാക്കുകള്‍ക്കു നാം മറുപടി നല്‍കിക്കൊണ്ടേയിരിക്കണം.കുരിശാരോഹണത്തില്‍ കര്‍ത്താവിനെ ബാഹ്യമായി വരിക്കുന്നതില്‍ പോലും പൂര്‍ണ്ണമായ പിന്തുടരല്‍ യാഥാര്‍ത്ഥ്യമാക്കിയ സെന്റ് പീറ്ററിനെപ്പോലെ, നമുക്കും കര്‍ത്താവിനെ ഹൃദയത്തില്‍ സ്ഥിരപ്പെടുത്താം. ലോകത്തോടൊപ്പം നില്‍ക്കുന്നതിനുപകരം, തന്റെ പക്ഷം പിടിക്കാന്‍ യേശു ആഗ്രഹിക്കുന്നു.ദിവ്യബലിക്കുമുമ്പ് ആരാധനയ്ക്കും സമയം കണ്ടെത്താന്‍ പാപ്പാ ആഹ്വാനം ചെയ്തു.സ്വയം നല്‍കുവാനുള്ള തുറവി അതുവഴി ഹൃദയങ്ങള്‍ക്കു കൈവരും.

'കര്‍ശനമായ ആജ്ഞ'യിലൂടെ പത്രോസിനെ യേശു തന്നിലേക്കു കൂടുതല്‍ അടുപ്പിച്ചതെങ്ങനെയെന്ന് പാപ്പാ വിശദമാക്കി.'സാത്താനേ, എന്റെ പിന്നിലേക്കു മാറൂ!' എന്നായിരുന്നു ആ വാക്കുകള്‍. യേശുവിനെക്കുറിച്ചുള്ള സ്വന്തം സങ്കല്‍പ്പത്തിനപ്പുറമുള്ള 'യഥാര്‍ത്ഥ യേശുവിനെ' പത്രോസിനു കാണാനായത് അതിനു ശേഷമാണ്. 'യേശുവിന്റെ പിന്നിലേക്കു മാറുക' എന്നാല്‍ 'ദൈവത്തിലുള്ള ആത്മവിശ്വാസത്തോടെ ജീവിതത്തിലൂടെ മുന്നേറുക' എന്നാണര്‍ത്ഥം. സേവിക്കപ്പെടാനല്ലാതെ ശുശ്രൂഷിക്കുവാന്‍ വന്ന യേശുവിനെ അനുകരിക്കല്‍. ദൈനംദിന ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനുള്ള ഉദ്‌ബോധനം തന്നെയാണിതെന്ന് പാപ്പാ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു: 'ഈ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഒരു യാത്രയുടെ അവസാനമാണ്. അതിലും പ്രധാനമായി, മറ്റൊരു യാത്രയുടെ തുടക്കവും. എപ്പോഴും മുന്നോട്ട് നോക്കി യേശുവിന്റെ പുറകെയുള്ള യാത്ര. അതുവഴി ലഭ്യമാകുന്ന കൃപയെ സ്വാഗതം ചെയ്യുക. ശിഷ്യന്മാരോടുള്ള കര്‍ത്താവിന്റെ ചോദ്യം ഓരോ ദിവസവുംആവര്‍ത്തിക്കപ്പെടുന്നുണ്ട്്: ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?' ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപനച്ചടങ്ങിനു ശേഷം മാര്‍പാപ്പ ഹംഗറിയില്‍ നിന്ന് സ്‌ളോവാക്യന്‍ സന്ദര്‍ശനത്തിനു യാത്രയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26