മരിച്ചെന്ന കിംവദന്തികള്‍ക്കിടയില്‍ അല്‍ ഖ്വയ്ദ നേതാവിന്റെ വീഡിയോ ഭീകരാക്രമണ വാര്‍ഷികത്തില്‍ പുറത്ത്

മരിച്ചെന്ന കിംവദന്തികള്‍ക്കിടയില്‍ അല്‍ ഖ്വയ്ദ നേതാവിന്റെ വീഡിയോ ഭീകരാക്രമണ വാര്‍ഷികത്തില്‍ പുറത്ത്

കാബൂള്‍: കഴിഞ്ഞ ഡിസംബറില്‍ മരിച്ചെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയുടെ ഒരു മണിക്കൂര്‍ നീണ്ട വീഡിയോ പുറത്ത്. അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ഭീകരാക്രണത്തിന്റെ വാര്‍ഷികദിനത്തിലാണ് വിഡിയോ പുറത്തുവന്നത്. സവാഹിരിയുടെ പ്രസ്താവന ഉള്‍പ്പെട്ട വീഡിയോ അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് പുറത്തുവിട്ടത്.

ജിഹാദി ഗ്രൂപ്പുകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന യുഎസ് ആസ്ഥാനമായുള്ള സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് അല്‍ ഖ്വയ്ദ പുറത്തുവിട്ട ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഈജിപ്ത് വംശജനായ അല്‍ ഖ്വയ്ദ നേതാവാണ് അയ്മാന്‍ അല്‍ സവാഹിരി. ജെറുസലേമിനെ ജൂതവത്ക്കരില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൊല്ലപ്പെട്ട നിരവധി അല്‍ ഖ്വയ്ദ ഭീകരരെ വീഡിയോയില്‍ അനുസ്മരിക്കുന്നുണ്ട്. അതേസമയം അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും പുതിയ താലിബന്‍ സര്‍ക്കാരിനെക്കുറിച്ചൊന്നും വീഡിയോയില്‍ സവാഹിരി പരാമര്‍ശിച്ചിട്ടില്ലെന്ന് സൈറ്റ് ഡയറക്ടര്‍ റീത്ത കാറ്റ്‌സ് അഭിപ്രായപ്പെട്ടു.

പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ സംരക്ഷണയില്‍ കറാച്ചിയില്‍ ഒളിവിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ഡിസംബറില്‍ മരിച്ചതായി കിംവദന്തികള്‍ പരന്നത്. 2001-ല്‍ അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സേന അല്‍ ഖ്വയ്ദയെ തുരത്തിയതു മുതല്‍ സവാഹിരിയെ പാകിസ്താന്‍ സംരക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താനിലെ അബട്ടാബാദില്‍ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അല്‍ ഖ്വയ്ദ മേധാവിയായിരുന്ന ഒസാമ ബിന്‍ ലാദന്‍ 2011 മേയ് രണ്ടിനു യു.എസ് കമാന്‍ഡോകളുടെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിന്‍ ലാദനു ശേഷം അല്‍ ഖ്വയ്ദയെ നയിച്ചതു സവാഹിരിയാണ്.

വീഡിയോയില്‍ പൂര്‍ണ ആരോഗ്യവാനായാണ് സവാഹിരി പ്രതികരിക്കുന്നത്. സവാഹിരി എഴുതിയ 852 പേജുകളുള്ള പുസ്തകവും ടെലഗ്രാമിലൂടെ അല്‍ ഖ്വയ്ദ പുറത്തുവിട്ടിട്ടുണ്ട്. 2021 ഏപ്രിലിലാണ് പുസ്തകം എഴുതിയതെന്നാണ് വിവരം. അല്‍ ഖ്വയ്ദയുടെ ഭാവിയെക്കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.