കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്ക് കയറി വനിതകള്‍

കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്ക് കയറി വനിതകള്‍

കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നത് സ്ത്രീകളാണ്. ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയിരിക്കുകയാണ് 12 വനിതകള്‍.

'എന്റെ കുടുംബത്തെ സഹായിക്കുന്നതിനായി എനിക്കു പണം വേണം. എനിക്കു വീട്ടിലിരുന്നിട്ട് കടുത്ത സമ്മര്‍ദ്ദമായിരുന്നു, കടുത്ത ദുഃഖം അനുഭവപ്പെട്ടു. ഇപ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു' നേവി ബ്ലൂ സ്യൂട്ടും മേക്കപ്പും ധരിച്ചു വിമാനത്താവളത്തില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം റാബിയ ജമാല്‍ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. 35 വയസ്സുകാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ റാബിയ ഈ പന്ത്രണ്ടു പേരില്‍ ഒരാളാണ്.

താലിബാന്‍ കാബൂള്‍ കീഴടക്കും മുന്‍പ് എണ്‍പതിലധികം സ്ത്രീകളാണു വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്നത്. അതില്‍ 12 പേര്‍ മാത്രമാണു തിരികെയെത്തിയത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പ്രവേശിക്കരുതെന്നാണു മിക്കവര്‍ക്കും താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വളരെ കുറച്ചു പേരെ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുള്ളൂ.

'എന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും നല്ല ഭയമുണ്ട്. അവരെന്നോടു തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടെന്നു പറഞ്ഞതാണ്. പക്ഷെ ഞാനിപ്പോള്‍ സന്തോഷവതിയാണ്, ആശ്വാസം തോന്നുന്നു' എന്നാണ് ജോലിയില്‍ പ്രവേശിച്ച ശേഷം റാബിയയുടെ സഹോദരി ഖുദ്‌സിയ ജമാല്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്.

അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്ത 1996-2001 കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസവും തൊഴിലും നിരസിച്ചിരുന്നു. എന്നാല്‍ അത്ര ഭീകരമാകില്ല താലിബാന്റെ രണ്ടാം വരവെന്നാണു ജനം കരുതുന്നത്. നിലവില്‍ സ്ത്രീകളെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് മറച്ചാണ് ഇരുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.