വാഷിംഗ്ടണ്‍: പസഫിക് മേഖലയിലെ നിര്‍ണായക ശക്തികളായ ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സഖ്യത്തിന്റെ യോഗം അമേരിക്കയില്‍ 24-ന് ചേരും. ചൈന ഉയര്‍ത്തുന്ന നയതന്ത്ര-സൈനിക ഭീഷണികളുടെ പശ്ചാത്തലത്തിലും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത സാഹചര്യത്തിലും ചേരുന്ന യോഗത്തിന് അതീവ പ്രാധാന്യമുണ്ട്.
വൈറ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ജാപ്പനീസ് പ്രധാനമന്ത്രി യോഷിന്‍ഡെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
നാലു രാജ്യങ്ങള്‍ക്കിടയിലെ കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. കോവിഡ് പ്രതിരോധ നടപടികളും വാക്സിനേഷന്റെ വേഗത വര്‍ധിപ്പിക്കുന്നതിന് ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും.
ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന ഇന്തോ-പസഫിക് മേഖലയിലെ പ്രതിരോധ സഹകരണം, സൈബര്‍ സുരക്ഷ, കടല്‍ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.
അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തോടെ അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അമേരിക്ക വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭരണവും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരും. 30-ന് കാലാവധി അവസാനിക്കുമെങ്കിലും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ക്വാഡ് രാജ്യങ്ങളിലെ രാഷ്ട്ര തലവന്‍മാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഓണ്‍ലൈനായി നടത്തിയ ഉച്ചകോടിയുടെ പുരോഗതിയും നേതാക്കള്‍ വിലയിരുത്തും.
ഏഷ്യയില്‍ വിവിധ മേഖലകളില്‍ ചൈനയുടെ ആധിപത്യം പ്രതിരോധിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തും. ചൈനയുടെ വന്‍കിട അടിസ്ഥാന വികസന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന് ബദലായി ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിക്കുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണു സൂചന.
നാലു നേതാക്കളും ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 76-ാം വാര്‍ഷിക സമ്മേളനത്തിലും പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം 75-ാം സഭ വെര്‍ച്ച്വലായിട്ടാണ് സംഘടിപ്പിക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.