അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 16
എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ഉത്തരാഫ്രിക്കയില്‍ ജീവിച്ചിരുന്ന ക്രിസ്തീയ ലേഖകനും കാര്‍ത്തേജിലെ ബിഷപ്പുമായിരുന്നു വിശുദ്ധ സിപ്രിയന്‍. പ്രമുഖ അഭിഭാഷകനായിരുന്ന സിപ്രിയന്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ച് പുരോഹിതനായി. താമസിയാതെ കാര്‍ത്തേജിലെ മെത്രാന്‍ പദവിയിലെത്തി.
കാര്‍ത്തേജിലെ അഭിഭാഷകര്‍ക്കിടയില്‍ പേരെടുത്തിരുന്ന സിപ്രിയന്‍ അറിവിന്റേയും വാക്ചാതുരിയുടേയും കുലീനമായ പെരുമാറ്റത്തിന്റെയും പേരില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മധ്യ വയസിലെത്തിയ ശേഷമാണ് അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചത്. ധനിക കുടുംബ പശ്ചാത്തലമുണ്ടായിരുന്ന സിപ്രിയന്‍ ജ്ഞാനസ്‌നാനത്തെ തുടര്‍ന്ന് സ്വത്തെല്ലാം വിറ്റ്, കിട്ടിയ പണം ദരിദ്രര്‍ക്കു ദാനം ചെയ്തു. ക്രിസ്തുമതം സ്വീകരിച്ച അദ്ദേഹം ക്രിസ്തീയ ലിഖിതങ്ങള്‍ നിരന്തരം വായിക്കുകയും അങ്ങനെ ആധ്യാത്മിക ജീവിതത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നു.
മെത്രാന്‍ എന്ന നിലയില്‍ അദ്ദേഹം ക്രിസ്തീയ സമൂഹത്തില്‍ മെത്രാന്‍ പദവിക്കുള്ള പ്രാധാന്യത്തെ നിര്‍വചിച്ചുറപ്പിക്കുകയും മെത്രാന്മാര്‍ക്കിടയിലുള്ള സമത്വത്തിന് ഉന്നല്‍ കൊടുക്കുകയും ചെയ്തു. ഉത്തരാഫ്രിക്കന്‍ സഭക്കെതിരെയുള്ള റോമന്‍ സാമ്രാജ്യത്വത്തിന്റെ മതപീഡനങ്ങളുടെ കാലമായിരുന്നു അത്. പീഡനം ഭയന്ന് വിശ്വാസ ത്യാഗം നടത്തിയവരുടെ പുനപ്രവേശനത്തിനുള്ള വ്യവസ്ഥകള്‍ അദ്ദേഹം കര്‍ക്കശമാക്കിയത് വലിയ വിവാദമായിരുന്നു.
വിശ്വാസ ത്യാഗം പൊറുത്ത് കൈവയ്പിലൂടെ അവരെ തിരികെ കൊണ്ടുവരാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ചില വിശ്വാസ പ്രഘോഷകര്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ സിപ്രിയന്‍ സ്വീകരിച്ച നിലപാട് കൂടുതല്‍ കര്‍ക്കശമായിരുന്നു. സഭാ സമൂഹത്തില്‍ വിശ്വാസ ത്യാഗികളുടെ പുനപ്രവേശം പരസ്യമായ കുറ്റസമ്മതത്തിനു ശേഷമുള്ള പുനര്‍ജ്ഞാനസ്‌നാനത്തിലൂടെ മാത്രമേ അനുവദിക്കാനാകൂ എന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.
അതിന് അനുവാദം നല്‍കാന്‍ മെത്രാനു മാത്രമേ അധികാരമുള്ളു എന്നും സിപ്രിയന്‍ നിലപാടെടുത്തു. സ്വയം വിശ്വാസ ത്യാഗം നടത്തിയ പുരോഹിതന്മാര്‍ നല്‍കുന്ന ജ്ഞാനസ്‌നാനത്തിനു സാധുതയില്ലെന്നും സിപ്രിയന്‍ വദിച്ചു. പീഡനങ്ങള്‍ക്കിടയില്‍ വിശ്വാസത്തില്‍ പതറാതെ നിന്ന പുരോഹിതന്മാര്‍ നല്‍കുന്ന ജ്ഞാനസ്‌നാനത്തിനു മാത്രമേ അദ്ദേഹം സാധുത കല്‍പ്പിച്ചൊള്ളൂ. സഭയുടെ ഔപചാരിക ശ്രേണിയുമായി ഭിന്നിച്ചു നില്‍ക്കുന്നവര്‍ ക്രിസ്ത്യാനികളല്ലെന്നും സഭയെ മാതാവായി കരുതാത്തവര്‍ക്ക് ദൈവം പിതാവല്ലെന്നും സിപ്രിയന്‍ വിധിച്ചു.
ലത്തീന്‍ ഭാഷയിലെ ക്രൈസ്തവ സാഹിത്യത്തിന്റെ പ്രാരംഭകരില്‍ പ്രമുഖനാണ് സിപ്രിയന്‍. ആദ്യത്തെ പ്രമുഖ ലത്തീന്‍ ക്രിസ്തീയ ലേഖകനായ തെര്‍ത്തുല്യന്റെ പിന്‍ഗാമിയായി അദ്ദേഹം കരുതപ്പെടുന്നു. നാലു മുതല്‍ ആറ് വരെ നൂറ്റാണ്ടുകളിള്‍ ജെറോം, അംബ്രോസ്, ആഗസ്തീനൊസ്, ഗ്രിഗോറിയോസ് എന്നിവരുടെ രചനകള്‍ പ്രചരിക്കുന്നതു വരെ പാശ്ചാത്യ ക്രിസ്തീയതയില്‍ ഏറ്റവുമേറെ വായിക്കപ്പെട്ടിരുന്ന ലേഖകര്‍ തെര്‍ത്തുല്യനും സിപ്രിയനുമായിരുന്നു. ലത്തീന്‍ സഭാപിതാക്കന്മാരുടെ രചനകളുടെ സമാഹാരമായ 'പട്രോലോജിയ ലത്തീന'യുടെ മൂന്നും നാലും വാല്യങ്ങളാണ് സിപ്രിയന്റെ രചനകള്‍ ഉള്‍ക്കൊള്ളുന്നത്.
എ.ഡി 253ല്‍ ഡെഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനം അവസാനിച്ചതോടെ കാര്‍ത്തേജിലെ സഭയ്ക്ക് താരതമ്യേന ശാന്തി ലഭിച്ചു. അതേവര്‍ഷം ഉണ്ടായ പ്ലേഗ് ബാധ മറ്റൊരു ദുരിതമായപ്പോള്‍ സിപ്രിയന്‍ വിശ്വാസികളെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പ്രേരിപ്പിച്ചു. ക്രിസ്ത്യാനികള്‍ക്കും അല്ലാത്തവര്‍ക്കും ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഫലം ലഭിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.
നാലു വര്‍ഷത്തിനു ശേഷം വലേരിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ആഫ്രിക്കന്‍ ക്രിസ്തീയത വീണ്ടും റോമന്‍ പീഡനത്തിനു വിധേയമായി. അതില്‍ പിടികൂടപ്പെട്ട ബിഷപ്പ് സിപ്രിയനെ ഒരു വലിയ ജന സഞ്ചയത്തിന്റെ സാന്നിധ്യത്തില്‍ 258 ല്‍ തലവെട്ടി കൊല്ലുകയായിരുന്നു. സിപ്രിയനെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട ആരാച്ചാര്‍ക്ക് മനചാഞ്ചല്യം ഉണ്ടായതിനാല്‍ തല ഉടലില്‍ നിന്നു വിടുവിച്ചത് അയാളുടെ മേലുദ്യോഗസ്ഥനായ ശതാധിപന്‍ ആയിരുന്നെന്നും പറയപ്പെടുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. കാല്‍സെഡോണില്‍ വച്ച് തീയില്‍ ദഹിപ്പിക്കപ്പെട്ട എവുഫേമിയാ
2. കാംബ്രെയിലെ കുനിബെര്‍ട്ടു
3. മോന്തെസ്‌കിനോയിലെ വിക്ടര്‍ തൃതീയന്‍ പാപ്പാ
4. വില്‍ട്ടണിലെ എഡിത്ത്
5. റോമായിലെ അബൂന്തിയോസ്, അബൂന്താന്‍സിയൂസ്, മാര്‍സിയന്‍, ജോണ്‍
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.