കാന്‍ബറ: ഇന്തോ-പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ഓസ്‌ട്രേലിയയും അമേരിക്കയും യു.കെയും ചേര്‍ന്ന് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി ആണവ അന്തര്‍വാഹിനി കപ്പലുകള്‍ നിര്‍മിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. റോയല്‍ ഓസ്‌ട്രേലിയന്‍ നാവികസേനയ്ക്ക് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ യു.എസ്. കൈമാറും.
എട്ട് ആണവ-അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ കരാറിലൂടെ ഓസ്ട്രേലിയയ്ക്കു കഴിയും. അഡ്ലെയ്ഡിലെ ഓസ്ബോണ്‍ നാവിക കപ്പല്‍ശാലയിലായിരിക്കും നിര്‍മാണം. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ യു.എസിന്റെ ആണവ സാങ്കേതികവിദ്യ ലഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. 1958ല്‍ ബ്രിട്ടനാണ് ആദ്യം കൈമാറിയത്.
നിലവില്‍ ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളാണ് ഓസ്‌ട്രേലിയയ്ക്കു സ്വന്തമായുള്ളത്. ഡീസല്‍ അന്തര്‍വാഹിനികള്‍ക്കു രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന്: അവയുടെ എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകുന്നു. ഈ ശബ്ദം ശത്രുവിന്റെ അന്തര്‍വാഹിനികളിലും ഉപരിതല കപ്പലുകളിലുമുള്ള സെന്‍സറുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. രണ്ട്: ഡീസല്‍ അന്തര്‍വാഹിനികള്‍ക്ക് അവയുടെ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാന്‍ രണ്ടുമൂന്നു ദിവസത്തിലൊരിക്കലെങ്കിലും ഉപരിതലത്തിലേക്കു പൊങ്ങിവരണം. ഈ സമയത്തും ശത്രുവിന്റെ കണ്ണില്‍പ്പെടാന്‍ സാധ്യതയുണ്ട്.
ഈ രണ്ടു പ്രശ്നങ്ങളും ആണവ അന്തര്‍വാഹിനിക്കില്ല. ആണവ റിയാക്ടറില്‍നിന്നാണ് അന്തര്‍വാഹിനിക്കു വേണ്ട ഊര്‍ജം ലഭിക്കുന്നത്. അന്തര്‍വാഹിനിയിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദമില്ലാത്തതിനാല്‍ ശത്രുവിന്റെ സെന്‍സറുകള്‍ക്ക് അന്തര്‍വാഹിനിയുടെ സ്ഥാനം കണ്ടെത്താനാവില്ല. ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നത് ആണവോര്‍ജം ഉപയോഗിച്ചായതിനാല്‍ അതിനായി ഉപരിതലത്തിലേക്കു പൊങ്ങിവന്നു റീചാര്‍ജ് ചെയ്യേണ്ട ആവശ്യവുമില്ല.
അതേസമയം ശബ്ദമില്ലാത്തതിനാല്‍ 2009 ല്‍, ബ്രിട്ടീഷ്, ഫ്രഞ്ച് ആണവ അന്തര്‍വാഹിനികള്‍ പരസ്പരമുള്ള സാന്നിധ്യം തിരിച്ചറിയാതെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കൂട്ടിയിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ചൈനയ്ക്ക് ആറ് ആണവ അന്തര്‍വാഹിനികള്‍ ഉണ്ട്. ഓരോന്നിനും 110 മീറ്റര്‍ നീളവും ക്രൂയിസ് മിസൈലുകളും ടോര്‍പ്പിഡോകളും വഹിക്കാനുള്ള ശേഷിയുമുണ്ട്. ഇതുകൂടാതെ 50 ഡീസല്‍/ഇലക്ട്രിക് അന്തര്‍വാഹിനികളും ഉണ്ട്. ഇത് ഓസ്ട്രേലിയയുടേതിനേക്കാള്‍ വളരെ വലുതാണ്. യുഎസിനാണ് ഏറ്റവും കൂടുതല്‍ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായുള്ളത്. റഷ്യ, ഫ്രാന്‍സ്, യുകെ, ഇന്ത്യ ഉള്‍പ്പെടെ ആഗോള ശക്തികള്‍ക്കെല്ലാം ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ സ്വന്തമായുണ്ട്.
അന്തര്‍വാഹിനികളെ പിന്തുണയ്ക്കാന്‍ കഴിവുള്ള ആഭ്യന്തര ആണവ വ്യവസായത്തിന്റെ അഭാവമാണ് ഓസ്‌ട്രേലിയയെ ഈ മേഖലയില്‍ പിന്നോട്ടടിക്കുന്നത്. ഈ കുറവാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്.
ഓസ്‌ട്രേലിയന്‍ നാവികസേനയുടെ അടുത്ത അന്തര്‍വാഹിനി കപ്പല്‍ ആണവോര്‍ജ്ജമുള്ളതാക്കുകയെന്ന ഓസ്‌ട്രേലിയയുടെ ലക്ഷ്യത്തിന് ഉര്‍ജം പകരുന്നതാണ് പുതിയ സഖ്യത്തിലെ കരാറുകള്‍. കഴിഞ്ഞ ദിവസമാണ് പ്രതിരോധ രംഗത്ത് സഹകരണം ശക്തിപ്പെടുത്താന്‍ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ചേര്‍ന്ന് സഖ്യം (ഓസ്‌കസ്) രൂപീകരിച്ചതായി വൈറ്റ് ഹൗസില്‍നിന്നു പ്രഖ്യാപനമുണ്ടായത്. സഖ്യത്തിന്റെ ആദ്യ സംരംഭമെന്ന നിലയിലാണ്, ആണവ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്.
പുതിയ കരാറിലൂടെ ഓസ്‌ട്രേലിയ പുതുയുഗത്തിലേക്കു പ്രവേശിക്കുകയാണെന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പ്രതിരോധ രംഗത്ത് സുപ്രധാന വികസനത്തിനാണ് ഓസ്ട്രേലിയ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
ലോകം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയില്‍. ഇവിടെയുണ്ടാകുന്ന വെല്ലുവിളികള്‍ നമ്മുടെ ഭാവിയെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ആണവായുധങ്ങള്‍ വഹിക്കുകയെന്ന ലക്ഷ്യത്തോടെയല്ല അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് ഓസ്‌ട്രേലിയ. പരമ്പരാഗതമായി ഉപയോഗിക്കുന്ന ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ക്കൊപ്പം ആണവോര്‍ജ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. പുതിയ കരാര്‍ ആണവ നിര്‍വ്യാപന കരാറുകളെ ലംഘിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
മൂന്നു രാജ്യങ്ങളുമായുള്ള സൗഹൃദത്തില്‍ പുതിയൊരു അധ്യായം തുറക്കുകയാണ്. ഈ പങ്കാളിത്തം ഓസ്‌ട്രേലിയയെ ആണവോര്‍ജ്ജമുള്ള അന്തര്‍വാഹിനികള്‍ സ്വന്തമാക്കാന്‍ സഹായിക്കും, ആണവായുധങ്ങള്‍ കൊണ്ട് അന്തര്‍വാഹിനികള്‍ നിറയ്ക്കുകയല്ല ലക്ഷ്യം. ആണവ റിയാക്ടറില്‍നിന്നുള്ള ഊര്‍ജത്തിലായിരിക്കും അന്തര്‍വാഹിനികള്‍ പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.