ദുബായ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോയ പതിനാലാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പുനരാരംഭിക്കുന്നു. 29 മത്സരങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നെങ്കിലും പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ ഇനി 31 മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഞായറാഴ്ച മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.
ഏപ്രിലില്‍ ഇന്ത്യയില്‍ തുടങ്ങിയ പതിന്നാലാമത് ഐ.പി.എല്‍, കോവിഡ് രോഗം ബാധിച്ചുതുടങ്ങിയതോടെ മേയ് ആദ്യം നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് രണ്ടാംഘട്ട മത്സരങ്ങള്‍ യു.എ.ഇ.യിലേക്ക് മാറ്റി.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഇനിയുള്ള മത്സരങ്ങള്‍ നടക്കുക. ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന സീനിയര്‍ താരങ്ങള്‍ ഒഴികെയുള്ളവര്‍ നേരത്തേ ദുബായിലെത്തിയിരുന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ എന്നിവരുള്‍പ്പെടെ എല്ലാവരും കഴിഞ്ഞദിവസം ദുബായില്‍ എത്തിയതോടെ ടൂര്‍ണമെന്റിന്റെ രണ്ടാംഭാഗത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രിക്കും പരിശീലക സംഘത്തിലുള്ളവര്‍ക്കും കോവിഡ് ബാധിച്ചതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചിരുന്നു.
പ്രാഥമിക ഘട്ടത്തിലെ പകുതി മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എട്ട് കളിയില്‍ ആറു വിജയവുമായി (12 പോയന്റ്) ഡല്‍ഹി ക്യാപിറ്റല്‍സ് മുന്നില്‍ നില്‍ക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് (10), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (10), മുംബൈ ഇന്ത്യന്‍സ് (8), രാജസ്ഥാന്‍ റോയല്‍സ് (6), പഞ്ചാബ് കിങ്‌സ് (6), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (4), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ സ്ഥാനം.
പകുതി മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനാണ് ഒന്നാമത്. എട്ട് മത്സരങ്ങളില്‍ നിന്ന് 380 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഏഴുമത്സരങ്ങളില്‍ നിന്ന് 331 റണ്‍സെടുത്ത പഞ്ചാബ് കിങ്സ് നായകന്‍ കെ.എല്‍. രാഹുല്‍ രണ്ടാമതും 320 റണ്‍സ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഫാഫ് ഡുപ്ലെസി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും മലയാളിയുമായ സഞ്ജു സാംസണ്‍ പട്ടികയില്‍ അഞ്ചാമതുണ്ട്. ഏഴുമത്സരങ്ങളില്‍ നിന്ന് 260 റണ്‍സാണ് സഞ്ജു നേടിയത്.
ബൗളര്‍മാരുടെ പട്ടികയില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഹര്‍ഷല്‍ പട്ടേലാണ് ഒന്നാമത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 14 വിക്കറ്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സിനെ ആവേശ് ഖാന്‍ രണ്ടാമതും ക്രിസ് മോറിസ് മൂന്നാം സ്ഥാനത്തുമുണ്ട്.
പാതി സീസണ്‍ പിന്നിട്ടപ്പോഴേക്കും മൂന്ന് ബാറ്റ്സ്മാന്‍മാര്‍ ഐ.പി.എല്ലില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. സഞ്ജു സാംസണ്‍ (119), ജോസ് ബട്ലര്‍ (124), ദേവ്ദത്ത് പടിക്കല്‍ (101) എന്നിവരാണ് സെഞ്ചുറി കുറിച്ചത്. രണ്ട് തവണ അഞ്ചുവിക്കറ്റ് പ്രകടനം ബൗളര്‍മാര്‍ പുറത്തെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരേ ആന്ദ്രെ റസ്സല്‍ രണ്ടോവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചുവിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
അതിനിടെ പരിക്കും മറ്റു പ്രശ്നങ്ങളും കാരണം ചില പ്രധാന താരങ്ങള്‍ ഐ.പി.എലില്‍നിന്ന് പിന്‍മാറി. ഇതിനു പകരം പുതിയ ആളുകളെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
രാജസ്ഥാന്‍ റോയല്‍സ്
ടീം വിട്ടവര്‍ - ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ആന്‍ഡ്രൂ ടൈ
പുതിയ താരങ്ങള്‍ - ഗ്ലെന്‍ ഫിലിപ്‌സ്, ടബ്രിയാസ് ഷംസി, എവിന്‍ ലൂയിസ്, ഒഷെയ്ന്‍ തോമസ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ടീം വിട്ടവര്‍ - കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, ഡാനിയല്‍ സാംസ്, ഫിന്‍ അലന്‍, വാഷിങ്ടണ്‍ സുന്ദര്‍
പുതിയ താരങ്ങള്‍ - ജോര്‍ജ് ഗാര്‍ട്ടണ്‍, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ടിം ഡേവിഡ്, ആകാശ് ദീപ്
പഞ്ചാബ് കിങ്‌സ്
ടീം വിട്ടവര്‍ - ജൈ റിച്ചാര്‍ഡ്‌സണ്‍, ഡേവിഡ് മാലന്‍, റിലേ മെറെഡിത്ത്
പുതിയ താരങ്ങള്‍ - ആദില്‍ റഷീദ്, നഥാന്‍ എല്ലിസ്, എയ്ഡന്‍ മര്‍ക്രം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ടീം വിട്ടവര്‍ - പാറ്റ് കമ്മിന്‍സ്
പുതിയ താരങ്ങള്‍ - ടിം സൗത്തി
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ടീം വിട്ടവര്‍ - ജോണി ബെയര്‍സ്റ്റോ
പുതിയ താരങ്ങള്‍ - ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്
ഡല്‍ഹി ക്യാപിറ്റല്‍സ്
ടീം വിട്ടവര്‍ - ക്രിസ് വോക്സ്
പുതിയ താരങ്ങള്‍ - ബെന്‍ ഡ്വാര്‍ഷ്യുസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.