പോര്‍മുഖം തുറന്ന ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ഇനിയുള്ളത് ചൈനയില്‍നിന്നുള്ള വെല്ലുവിളികളോ?

പോര്‍മുഖം തുറന്ന ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ഇനിയുള്ളത് ചൈനയില്‍നിന്നുള്ള വെല്ലുവിളികളോ?

കാന്‍ബറ: 'അണുബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്ന ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍, ഭഗവദ്ഗീതയെ ഉദ്ധരിച്ച് മുന്‍പ് പറഞ്ഞത് അടുത്തിടെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1945 ജൂലായ് 16-ന് ലോകത്തെ ആദ്യ അണുബോംബിന്റെ പരീക്ഷണ സ്ഫോടനം നടക്കുമ്പോള്‍ കൂണ്‍ ആകൃതിയില്‍ വലിയ പുക മുകളിലേക്ക് ഉയരുന്നതു കണ്ട ഓപ്പണ്‍ഹൈമറിന്റെ മനസില്‍ ആദ്യം വന്നത് ഭഗവദ് ഗീതയില്‍നിന്നുള്ള വരികളായിരുന്നു.

'ഒരായിരം സൂര്യന്മാര്‍ ഒന്നിച്ച് ആകാശത്തേക്കു പൊട്ടിത്തെറിക്കുന്നു. ഞാനിപ്പോള്‍ മരണമായി മാറിയിരിക്കുന്നു. ലോകത്തിന്റെ അന്തകന്‍.' മനുഷ്യരാശിയെ തന്നെ തുടച്ചുനീക്കാന്‍ കഴിയുന്ന ഒരു ആയുധമാണ് താന്‍ നിര്‍മിച്ചതെന്ന് ഓപ്പണ്‍ഹൈമര്‍ അതിനകം തിരിച്ചറിഞ്ഞിരുന്നു.

ചൈനക്കെതിരേ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും രൂപീകരിച്ച ത്രിരാഷ്ട്ര പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയ ആണവ ശേഷി കൈവരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വീണ്ടും ഈ വരികളെ ശ്രദ്ധേയമാക്കിയത്.

'ഞങ്ങള്‍ ഒരു പുതു യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു'; സഖ്യം രൂപീകരിച്ച ശേഷം ഓസ്‌ട്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞ വാക്കുകളാണിവ. അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ എട്ട് ആണവോര്‍ജശേഷിയുള്ള അന്തര്‍വാഹിനികള്‍ സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനി കൈവശമുള്ള ഏഴാമത്തെ രാഷ്ട്രമാകും ഓസ്ട്രേലിയ. ആഗോള തലത്തില്‍ ഓസ്‌ട്രേലിയയുടെ സൈനിക ശേഷിക്ക് വലിയ കരുത്തു പകരുന്നതാണ് ഈ തീരുമാനമെന്നതില്‍ തര്‍ക്കമില്ല.

അതേസമയം, ഈ ചരിത്രപരമായ കരാറിന്റെ ധാര്‍മികവും അധാര്‍മികവുമായ വശങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഏഷ്യ പസഫിക് മേഖലയില്‍ ഭീഷണിയായ ചൈനക്കെതിരേയാണ് കരാര്‍ എന്നതു വ്യക്തമായിയിട്ടുണ്ട്. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി വളരുന്ന ചൈനക്കെതിരേ ഇത്തരമൊരു പ്രകോപനത്തിന്റെ ആവശ്യം ഓസ്‌ട്രേലിയയ്ക്കുണ്ടോ എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കഴിഞ്ഞു.

മനുഷ്യരാശിയുടെ നിലനില്‍പ്പിനെ എന്നും ആശങ്കപ്പെടുത്തിയിട്ടുള്ള ആണവ പരീക്ഷണങ്ങള്‍ മത്സര ബുദ്ധിയോടെ നടത്തുന്നതിന് ഇത്തരം പ്രകോപനങ്ങള്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. ഒരു വശത്ത് ആണവ വിമുക്ത ലോകത്തിനായി സമാധാനപ്രേമികള്‍ കൈകോര്‍ക്കുമ്പോള്‍ മറുവശത്ത് ആണവ ശേഷി വര്‍ധിപ്പിക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളും വര്‍ധിക്കുകയാണ്.

തടസങ്ങളെല്ലാം മറികടന്ന് ഓസ്‌ട്രേലിയയും ആണവശേഷി കൈവരിക്കാനൊരുങ്ങുകയാണ്. ആണവായുധങ്ങള്‍ വഹിക്കുകയെന്ന ലക്ഷ്യത്തോടെയല്ല അന്തര്‍വാഹിനികള്‍ നിര്‍മിക്കുകയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം.

ഇന്തോ-പസഫിക് മേഖലയില്‍ ഇപ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തമായിക്കഴിഞ്ഞു. ഒരു വശത്ത് അമേരിക്കയും സഖ്യകക്ഷികളും മറുവശത്ത് ചൈനയും.

യു.എസുമായുള്ള സഖ്യമാണോ ഓസ്‌ട്രേലിയയുടെ സുരക്ഷയുടെ അടിത്തറയെന്ന ചോദ്യമാണ് മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പോള്‍ കീറ്റിംഗ് ഉയര്‍ത്തുന്നത്. 'ഓസ്‌ട്രേലിയന്‍ പരമാധികാരത്തിന്റെ നഷ്ടം' എന്നായിരുന്നു അന്തര്‍വാഹിനി കരാര്‍ പ്രഖ്യാപനത്തോടുള്ള പോള്‍ കീറ്റിംഗിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനില്‍ മുട്ടുകുത്തിയ അമേരിക്ക എങ്ങനെ ചൈനക്കെതിരേയുള്ള യുദ്ധത്തില്‍ വിജയിക്കുമെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.

ഓസ്‌ട്രേലിയ സ്വതന്ത്രമായി ചിന്തിക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

അമേരിക്കയ്ക്ക് ലോകത്തിനു മേലുള്ള സ്വാധീനം എത്ര കാലത്തോളം നിലനില്‍ക്കുമെന്നത് നിര്‍ണായക ചോദ്യമാണ്. അങ്ങനെ വന്നാല്‍ പുതിയ ലോകക്രമം രൂപപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ ഈ വര്‍ഷം ആദ്യം നടന്ന ജി 7 ഉച്ചകോടിയില്‍

നിലവില്‍ ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുന്നത് അമേരിക്കയല്ല, ചൈനയാണ്. ചൈന വലിയ ഒരു സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരികയും സമാന്തരമായി സൈനിക ശക്തിയില്‍ അത് പ്രതിഫലിക്കുകയും ചെയ്താല്‍ ലോക രാഷ്ട്രീയത്തിന്റെ ഗതിയെ അത് മാറ്റിമറിക്കും. ചൈനയുടെ അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ച ദശാബ്ദത്തിന്റെ അവസാനത്തോടെ അമേരിക്കയെ മറികടക്കുമെന്ന്് വിവിധ റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയുടെ നിലപാടുകള്‍ പുനപരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

പ്രതിരോധ രംഗത്ത് അമേരിക്ക തന്നെയാണ് ലോകത്തെ ഒന്നാം നമ്പര്‍ സൈനികശക്തി. എന്നാല്‍ ചൈന വ്യത്യസ്തമായ തന്ത്രത്തിനാണ് കോപ്പുകൂട്ടുന്നത്. പോരാടാനും ജയിക്കാനും കഴിയുമെന്നു ചൈന വിശ്വസിക്കുന്ന പ്രാദേശിക മേഖലകളിലെ യുദ്ധം. സമുദ്ര മേഖലയിലുള്ള യു.എസിന്റെ ആധിപത്യം നിര്‍വീര്യമാക്കുകയാണ് ചൈനയുടെ ആദ്യ ലക്ഷ്യം.

ചൈന മാത്രമല്ല ഭീഷണി. ആണവോര്‍ജ ശേഷിയുള്ള അന്തര്‍വാഹിനികള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം റഷ്യയാണ്. ചൈനയ്ക്കൊപ്പം, റഷ്യയെയും ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി അമേരിക്ക കരുതുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഇരു രാജ്യങ്ങളും രഹസ്യമായി ആണവശക്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക നേരത്തെതന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഈ രണ്ടു രാജ്യങ്ങളും കൂടുതല്‍ അടുക്കുന്നതിനെ ആശങ്കയോടെയാണ് അമേരിക്ക നിരീക്ഷിക്കുന്നത്. ഇതു കൂടാതെയാണ് ഉത്തര കൊറിയയും ഇറാനും ഉയര്‍ന്ന ഭീഷണി.

ചൈനയും റഷ്യയും ഇറാനുമായി സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തിയിട്ടുണ്ട്. ആണവായുധ രാജ്യങ്ങളായ ഉത്തര കൊറിയയും പാകിസ്ഥാനുമായും ചൈനയ്ക്ക് അടുത്ത ബന്ധമുണ്ട്.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളുടെ ചൈന സമീപനം വളരെ തന്ത്രപരമാണ്. പ്രകോപനമുണ്ടാക്കാത്ത വിധത്തില്‍ വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. യുഎസ്-ചൈന സ്പര്‍ദ്ധ മറികടന്ന് ലോകത്തിലെ 'മൂന്നാം തൂണ്‍' എന്ന് വിശേഷിപ്പിക്കപ്പെടാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്.

ചൈനയെ പിണക്കാതിരിക്കാന്‍ യൂറോപ്പിന് വ്യക്തമായ കാരണങ്ങളുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നിലയില്‍ ചൈന അമേരിക്കയെ മറികടന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ബൈഡന്റെ ചൈന വിരുദ്ധ നിലപാടുകളെ യൂറോപ്യന്‍ യൂണിയന്‍ ജാഗ്രതയോടെയാണ് പിന്തുണയ്ക്കുന്നത്.

ചൈനയെ ഒറ്റപ്പെടുത്തുന്നത് ഏറെ ശ്രമകരമാണ്. ചൈനയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച വലിയ സാമ്പത്തിക പദ്ധതിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷിയേറ്റീവ്. സില്‍ക്ക് റൂട്ടിന്റെ പുതിയ രൂപം. 71 രാജ്യങ്ങളാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ചൈനയുടെ സാമ്പത്തികമായ ലീഡര്‍ഷിപ്പ് ഉയര്‍ന്നുവരുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

അതേസമയം ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനുമാവില്ലെന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.