'ലോകത്തോടു സംസാരിക്കണം' : യു. എന്നില്‍ സ്വന്തം പ്രതിനിധിയെ നിയമിക്കാന്‍ താലിബാന്റെ നീക്കം

 'ലോകത്തോടു സംസാരിക്കണം' : യു. എന്നില്‍ സ്വന്തം പ്രതിനിധിയെ നിയമിക്കാന്‍ താലിബാന്റെ നീക്കം

ന്യൂയോര്‍ക്ക് :തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അഫ്ഗാന്‍ പ്രതിനിധിക്ക് യു. എന്‍ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി താലിബാന്‍. താലിബാന്റെ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വക്താവ് സുഹൈല്‍ ഷഹീന് ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാനിലെ പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി താലിബാന്‍ നേതാവായ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുട്ടാഖി യുഎന്‍ മേധാവി അന്റോണിയോ ഗുട്ടേറസിന് കത്ത് നല്‍കി.

തിങ്കളാഴ്ച അവസാനിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നത തല യോഗത്തില്‍ ലോക നേതാക്കളോട് സംസാരിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ അഫ്ഗാന്‍ പ്രതിനിധിയായി ഐക്യരാഷ്ട്ര സഭയിലുള്ളത് ഗുലാം ഇസാക്സായി ആണ്. എന്നാല്‍ ഇസാക്സായിയെ താലിബാന്റെ പ്രതിനിധിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് യുഎന്നിന് താലിബാന്‍ നല്‍കിയ കത്തില്‍ പറയുന്നു. അഷറഫ് ഗാനി സര്‍ക്കാര്‍ കാലത്ത് നിയമിച്ച ഇസാക്സായിയെ സ്ഥാനത്ത് നിന്നും നീക്കാന്‍ വേണ്ടിയാണ് താലിബാന്‍ ആവശ്യം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ താലിബാന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് വരെ യുഎന്നിലെ അഫ്ഗാന്‍ അംബാസഡറായി ഇസാക്സായി തുടരാനും തീരുമാനമായി. സെപ്റ്റംബര്‍ 27 ന് അവസാനിക്കുന്ന യോഗത്തില്‍ അദ്ദേഹം ലോക നേതാക്കളെ അഭിസംബോധന ചെയ്യും. താലിബാന്റെ അപേക്ഷ ഏതെങ്കിലും ലോകരാജ്യങ്ങള്‍ അംഗീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഈ വിഷയം തിങ്കളാഴ്ചയ്ക്ക് മുന്‍പ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.