കാബൂള്‍: പിഎച്ച്ഡി ഉള്‍പ്പെടെ ഉന്നത യോഗ്യതകളുള്ള കാബൂള്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ നീക്കി പകരം താലിബാന്‍ നിയമിച്ചത് കഷ്ടിച്ച് ബി എ വിജയിച്ചയാളെ.മുഹമ്മദ് ഉസ്മാന്‍ ബാബുരിയെ പുറത്താക്കിയാണ് മുഹമ്മദ് അഷ്‌റഫ് ഗൈറത്തിനെ നിയമിച്ചത്. അസിസ്റ്റന്റ് പ്രൊഫസര്‍മാരും പ്രൊഫസര്‍മാരും ഉള്‍പ്പെടെ 70 ഓളം അധ്യാപകര്‍ രാജിവച്ച് പ്രതിഷേധമാരംഭിച്ചു.നേരത്തെ, മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിച്ച് താലിബാന്റെ ഇഷ്ടം നേടിയ ആളാണ് ഗൈറത്ത്.
ബുദ്ധിമാനും പരിചയസമ്പന്നനുമായ പിഎച്ച്ഡിക്കാരനു പകരം യുവ ബിരുദധാരിയെത്തന്നെ അഫ്ഗാനിസ്ഥാനിലെ ആദ്യ സര്‍വകലാശാലയുടെ മേധാവിയായി നിയമിച്ചതില്‍ ജനങ്ങള്‍ രോഷാകുലരാണെന്ന് ഖമാ പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചില താലിബാന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നടപടിയെ വിമര്‍ശിക്കുകയും അദ്ദേഹത്തേക്കാള്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ ഉണ്ടെന്ന് പറയുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അഷ്‌റഫ് ഗൈറത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്നു. അഫ്ഗാനിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സര്‍വകലാശാലകളുടെ വിലയിരുത്തല്‍ സമിതിയുടെ തലവനായിരുന്നുവെന്നതാണിപ്പോഴത്തെ പ്രധാന യോഗ്യത. മുന്‍ അഫ്ഗാന്‍ പ്രസിഡന്റും അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനുമായ ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ പേരിലായിരുന്നു കാബൂള്‍ സര്‍വകലാശാല ഇതുവരെ.എന്നാല്‍ കഴിഞ്ഞ ദിവസം പേര് കാബൂള്‍ വിദ്യാഭ്യാസ സര്‍വകലാശാലയെന്ന് താലിബാന്‍ ഔദ്യോഗികമായി മാറ്റി.
ഇതിനിടെ, ഇസ്ലാം മതത്തില്‍ സംഗീതം ഹറാമാണെന്ന് പുതിയ ചാന്‍സലര്‍ ഗൈരാത് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗൈരാതിന്റെ വിവാദ പരാമര്‍ശം.ഇസ്ലാമിക വിരുദ്ധമായതൊന്നും ക്യാമ്പസില്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ തുടര്‍ വിദ്യാഭ്യാസത്തിന് അനുവദിക്കുമെങ്കിലും ഇസ്ലാം മതം അനുശാസിക്കുന്ന രീതിയിലേ സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്താന്റെ വികസനത്തില്‍ ഏറ്റവും പ്രധാന്യമുള്ള ഘടകമാണ് വിദ്യാഭ്യാസം. എന്നാല്‍ തങ്ങള്‍ക്ക് മതപഠനമാണ് വലുത്. ആധുനിക ശാസ്ത്രമെല്ലാം ഇതിന് താഴെയാണ്. ഇസ്ലാമിക രാജ്യമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും. ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം ക്ലാസുകള്‍ സജ്ജമാക്കുമെന്നും ഗൈരാത് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.