കോണ്‍ഗ്രസിന് കനമേകാന്‍ കനയ്യയും ജിഗ്‌നേഷും: പാര്‍ട്ടി പ്രവേശനം ചൊവ്വാഴ്ച

കോണ്‍ഗ്രസിന് കനമേകാന്‍ കനയ്യയും ജിഗ്‌നേഷും:  പാര്‍ട്ടി പ്രവേശനം ചൊവ്വാഴ്ച

ന്യൂഡല്‍ഹി: സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാര്‍ട്ടിയിലെത്തുന്നത്. ഇരുവര്‍ക്കുമൊപ്പം അടുത്ത അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു നേരത്തെ വാര്‍ത്തകളെങ്കിലും ഭഗത് സിംഗ് ദിനമായ സെപ്തംബര്‍ 28ന് പാര്‍ട്ടി അംഗത്വമെടുക്കാനാണ് ഇരുവരുടേയും തീരുമാനം.

ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എയായ ജിഗ്‌നേഷ് മേവാനിയെ കോണ്‍ഗ്രസിന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആക്കിയേക്കുമെന്നാണ് അറിയുന്നത്. സ്വന്തം സംസ്ഥാനമായ ബിഹാറില്‍ പാര്‍ട്ടിയെ ശക്തിപ്പടുത്തുകയെന്നതായിരിക്കും കനയ്യ കുമാറിന്റെ ചുമതല.

കനയ്യ കുമാര്‍ ഇതിനോടകം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായി ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തന്റെ സ്ഥാനം എന്തായിരിക്കുമെന്ന ഉറപ്പിന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരെയും തങ്ങളുടെ പാളയത്തില്‍ എത്തിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് ചോര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. മാത്രമല്ല ഇവര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.