ദുബായ് : ഉഷ്ണകാലത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് സഫാരി പാർക്ക് ഇന്ന് മുതല്‍ സന്ദർശകരെ സ്വീകരിക്കും. ദുബായിലെ പ്രധാനപ്പെട്ട ആകർഷക കേന്ദ്രങ്ങളിലൊന്നാണ് ദുബായ് സഫാരി പാർക്ക്. ഇവിടെയെത്തുന്ന ഓരോ സന്ദർശകനും വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കുകയെന്നുളളതാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു.
എമിറേറ്റിലെ മികച്ച വിനോദസഞ്ചാരകേന്ദ്രമാണ് സഫാരി പാർക്ക്. എക്സ്പോ 2020 കൂടിയുളളതാണ് ഇത്തവണത്തെ പ്രത്യേകത. എക്സ്പോ സന്ദർശിക്കാനായി എത്തുന്ന സന്ദർശകരെ കൂടി മുന്നില്‍ കണ്ട്, ഇത്തവണ കൂടുതല്‍ മികച്ച പാക്കേജും സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും വ്യത്യസ്ത ഷോകളും എക്സിബിഷനുകളും പരിപാടികളും ഇത്തവണയുണ്ടെന്ന് പബ്ലിക് പാർക്സ് ആന്‍റ് റിക്രിയേഷണല്‍ ഫെസിലിറ്റി വിഭാഗം ഡയറക്ടർ അഹമ്മദ് അല്‍ സറൗനി പറഞ്ഞു. ഓരോ മൃഗങ്ങളുടെയും ആവാസവ്യവസ്ഥയും അവരുടെ സ്വഭാവ സവിശേഷതകളുമൊക്കെ കാണാനും മനസിലാക്കാനുമുളള അവസരവും സഫാരി പാർക്ക് സന്ദർശകർക്ക് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലിയോപാർഡ് എക്സിബിഷന്‍ ഇത്തവണത്തെ പ്രധാന ആകർഷണമാണ്. അണ്ണാന്‍ കുരങ്ങ്, മോന കുരങ്ങ്, അറേബ്യന്‍ ചെന്നായ, വെള്ളകവിളുകളുളള വാലില്ലാ കുരങ്ങ് എന്നിവയും പുതിയ അതിഥികളാണ്. പക്ഷികളുടെ പ്രത്യേക പ്രദർശനവും കളികളും ഇത്തവണ സന്ദർശകർക്ക് അനുഭവിച്ചറിയാം. 111 നവജാതരും സഫാരി പാർക്കിലെ പുതിയ സീസണില്‍ ഒരുങ്ങി കഴിഞ്ഞു.
സഫാരി പാർക്ക് സന്ദർശിക്കാന്‍ മുതിർന്നവർക്ക് 50 ദിർഹവും കുട്ടികള്‍ക്ക് 20 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പാർക്കിലെ അല്‍ വാദി, ആഫ്രിക്കന്‍ വില്ലേജ്, അറേബ്യന്‍ ഡെസേർട്ട് സഫാരി, ഏഷ്യന്‍ വില്ലേജ്, കിഡ്സ് ഫാം, എക്സ്പ്ലോറർ എന്നീ സ്ഥലങ്ങള്‍ ഈ ടിക്കറ്റില്‍ സന്ദർശിക്കാം.
പാക്കേജുകള്‍
സഫാരി ജേണി പാക്കേജ്
മുതിർന്നവർക്ക് 85 ദിർഹവും കുട്ടികള്‍ക്ക് 30 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പാർക്കിലെ അല്‍ വാദി, ആഫ്രിക്കന്‍ വില്ലേജ്, അറേബ്യന്‍ ഡെസേർട്ട് സഫാരി, ഏഷ്യന്‍ വില്ലേജ്, കിഡ്സ് ഫാം, എക്സ്പ്ലോറർ എന്നീ സ്ഥലങ്ങള്‍ കൂടാതെ വന്യമൃഗങ്ങളെ അടുത്തുകാണാന്‍ സാധിക്കുന്ന സഫാരി ജേണിയും ഇതിലൂടെ സന്ദർശകർക്ക് ലഭ്യമാകും.
സഫാരി ജേണി പാക്കേജ് പ്ലസ്
മുതിർന്നവർക്ക് 110 ദിർഹവും കുട്ടികള്‍ക്ക് 55 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പാർക്കിലെ അല്‍ വാദി, ആഫ്രിക്കന്‍ വില്ലേജ്, അറേബ്യന്‍ ഡെസേർട്ട് സഫാരി, ഏഷ്യന്‍ വില്ലേജ്, കിഡ്സ് ഫാം, എക്സ്പ്ലോറർ എന്നീ സ്ഥലങ്ങള്‍ കൂടാതെ വന്യമൃഗങ്ങളെ അടുത്തുകാണാന്‍ സാധിക്കുന്ന സഫാരി ജേണിയും അതോടൊപ്പം തന്നെ തല്‍സമയ ഷോ കാണാനും ട്രെയിന്‍ സൗകര്യവും ഇതില്‍ ലഭ്യമാകും
കിംഗ് ഓഫ് സഫാരി
10 പേർക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന രീതിയിലാണ് ഈ പാക്കേജ്. സ്പെഷല്‍ പാർക്കിംഗ്, സഫാരി പാർക്കിലേക്ക് കടക്കുമ്പോള്‍ തന്നെ സ്വീകരിക്കാന്‍ ജീവനക്കാരെത്തും, ഗൈഡിന്‍റെ സഹായവും ഡ്രൈവറുമുണ്ടാകും. ഫോട്ടോ ഗ്രാഫിക് ഫോട്ടോ സൗകര്യം, സ്വകാര്യവാഹനത്തിലെ സഫാരി ജേണി,തല്‍സമയ പരിപാടികള്‍ക്കുളള സീറ്റ് ബുക്കിംഗ് എന്നിവ ലഭ്യമാകും. 10 പേർക്ക് 2500 ദിർഹമാണ് നിരക്ക്.
ബിഹൈന്‍റ് ദ സീന്‍
മൃഗങ്ങളുടെയും പക്ഷികളുടെയും പരിചരണമെല്ലാം നേരിട്ട് കണ്ട് മനസിലാക്കാമെന്നുളളതാണ് ഇതിന്‍റെ പ്രത്യേകത. പരിചരിക്കുന്നവരുമായി സംസാരിക്കാനും, പക്ഷിമൃഗാദികളെ തൊടാനുമുളള അവസരമുണ്ടാകും. 10 പേർക്ക് 1200 ദിർഹമാണ് നിരക്ക്.
ബ്രേക്ക് ഫാസ്റ്റ് വിത്ത് ബേർഡ്സ്
കിളികളുടെ കൂടെ പ്രഭാത ഭക്ഷണം കഴിക്കുന്നതടക്കമുളള കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ചുളള പാക്കേജാണിത്. പുതിയ സീസണ്‍ മുതലാണ് ഇത് തുടങ്ങുന്നത്. ഏറുമാടത്തിന്‍റെ മാതൃകയില്‍ കെട്ടിയുണ്ടാക്കിയ സ്ഥലത്തിരുന്ന് സഫാരി പാർക്കിന്‍റെ ഭംഗി ആസ്വദിച്ച് വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം കഴിക്കാം. അത് കഴിഞ്ഞ് സഫാരി ജേണി ഉള്‍പ്പടെയുളള കാര്യങ്ങളും ആസ്വദിക്കാം. 10 പേർക്ക് 2500 ദിർഹമാണ് നിരക്ക്.
ഫോട്ടോ ഗ്രാഫർ പാക്കേജില്‍ പാർക്കില്‍ പ്രവേശിക്കുന്നതിനുളള ടിക്കറ്റും സഫാരി ട്രിപ്പും മൂന്ന് പേർക്കായി പ്രത്യേക വാഹനസൗകര്യവും ലഭ്യമാകും. മൂന്ന് മണിക്കൂറാണ് ഇതിന്‍റെ ദൈർഘ്യം.
നൈറ്റ് പാസ്
കാനനസൗന്ദര്യം ആസ്വദിക്കണമെങ്കില്‍ രാത്രിയിലും സഫാരി പാർക്കിലേക്ക് ചെല്ലാം 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്. പക്ഷെ മൃഗങ്ങളെ കാണാനുളള സൗകര്യമുണ്ടാകില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.