ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും ആരോഗ്യ ഐഡി കാര്‍ഡ് ലഭിക്കും. മൂന്ന് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു എയിംസ് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതോടെ ആരോഗ്യ രംഗവും ഡിജിറ്റലാവുകയാണ്. എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ചികിത്സാ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകള്‍ ഡിജിറ്റൽ രൂപത്തിലാക്കി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ കണക്ക് കൂട്ടല്‍.
ആരോഗ്യ ഐഡി കാര്‍ഡ് ഓരോരുത്തരുടെയും ആരോഗ്യ അക്കൗണ്ടായാണ് പ്രവര്‍ത്തിക്കുക. 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പരാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഐഡിയില്‍ ഉണ്ടാകുക. യുണിക് ഹെല്‍ത്ത് ഐഡിയാണിത്. ഇതിലേക്ക് ആശുപത്രിയില്‍ എത്തുന്നതിന്‍റെയും പരിശോധനകള്‍ നടത്തുന്നതിന്‍റെയും വിവരങ്ങളും പരിശോധന ഫലങ്ങളും ഡോക്ടറുടെ നിഗമനങ്ങളും കൂട്ടിച്ചേര്‍ക്കും. വ്യക്തികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഒരുപോലെ ഇവ ഉപയോഗിക്കാനാകും. കൂടാതെ എളുപ്പത്തില്‍ ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ ലഭ്യമാകും.
ആധാര്‍ ഇല്ലാതെ തന്നെ ഐഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം. ആരോഗ്യ അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതോടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാകുന്നതില്‍ നിന്നും ഒരു ക്ലിക്ക് അകലെയായിരിക്കും പൗരന്മാര്‍ എന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവകാശവാദം. പണത്തിന്റെയും സാമൂഹ്യ പിന്നോക്കവസ്ഥയുടെയും പേരില്‍ രാജ്യത്ത് ആര്‍ക്കും വിദഗ്ദ ചികിത്സ ലഭിയ്ക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.