പഞ്ചാബിന് എതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം

പഞ്ചാബിന് എതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം

ഷാര്‍ജ: ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം. സീസണില്‍ യുഎഇയിലെ മുംബൈയുടെ ആദ്യ ജയമാണ് ഇത്. 20 ഓവറില്‍ പഞ്ചാബ് കിങ്‌സിനെ 135 റണ്‍സില്‍ ഒതുക്കിയതിന് ശേഷം മുംബൈ ആറ് പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു.

ഇതോടെ പട്ടികയില്‍ 10 പോയിന്റോടെ മുംബൈ അഞ്ചാം സ്ഥാനത്താണ്. ഡല്‍ഹിക്കെതിരെ മൂന്ന് വിക്കറ്റ് ജയം പിടിച്ച കൊല്‍ക്കത്തയാണ് നാലാം സ്ഥാനത്ത്. പഞ്ചാബിന് മുന്‍പില്‍ ചെയ്‌സ് ചെയ്യവെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയിലേക്ക് മുംബൈ വീണെങ്കിലും ഹര്‍ദിക്കും സൗരഭ് തിവാരിയും ചേര്‍ന്ന് മുംബൈയെ ജയത്തിലേക്ക് എത്തിച്ചു. സൗരഭ് തിവാരി 37 പന്തില്‍ 45 റണ്‍സ് നേടി. ഹര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 40 റണ്‍സും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്‍ദീപ് സിങ്ങും രാഹുലും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ആറാം ഓവറിലാണ് പഞ്ചാബ് പതറിത്തുടങ്ങിയത്. 15 റണ്‍സെത്ത് മന്‍ദീപ് മടങ്ങി. ക്രിസ് ഗെയ്ല്‍ നാലുപന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുലിന്റെ വിക്കറ്റും വീണു. നിക്കോളാസ് പൂരനാകട്ടെ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ഹൂഡയും മാര്‍ക്രവും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ 100 കടത്തി. പക്ഷെ തൊട്ടുപിന്നാലെ മാര്‍ക്രം ക്ലീന്‍ ബൗള്‍ഡായി. 42 റണ്‍സെടുത്താണ് മാര്‍ക്രം പുറത്തായത്. ആറ് ബൗണ്ടറികള്‍ നിറഞ്ഞതായിരുന്നു ഇന്നിങ്‌സ്. പിന്നാലെ ഹൂഡയും മടങ്ങി. 28 റണ്‍സാണ് ഹൂഡ അടിച്ചെടുത്തത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും കീറണ്‍ പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.