അനുനയന ശ്രമം ഉപേക്ഷിച്ചു: പഞ്ചാബ് പി.സി.സിക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞ് ഹൈക്കമാന്റ്

അനുനയന ശ്രമം ഉപേക്ഷിച്ചു: പഞ്ചാബ് പി.സി.സിക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞ് ഹൈക്കമാന്റ്

ന്യുഡല്‍ഹി: പഞ്ചാബ് പി.സി.സിയിലേക്ക് പുതിയ അധ്യക്ഷനെ നിയമിക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ദുവിനെ മുന്നില്‍ നിറുത്തി പോകാന്‍ കഴിയില്ലെന്നും പുതിയ നേതാവിനെക്കുറിച്ചുള്ള ആലോചന നടക്കുന്നുവെന്നുമാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഏറെ താമസിയാതെ പഞ്ചാബ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉണ്ടാകുമെന്നുള്ള സൂചനകളും പുറത്തു വരുന്നത്. നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും ഇനി അത് വേണ്ടെന്ന നിലപാടിലാണ്.

അനുനയ ചര്‍ച്ചയുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിലേക്ക് അയക്കാന്‍ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. കാര്യങ്ങള്‍ നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദുവിന്റെ നിലപാടിനൊപ്പമല്ല പാര്‍ട്ടി എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഹൈക്കമാണ്ടിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടാകുന്നത്.

അതേസമയം രാജിയില്‍ ഉറച്ച് നില്‍ക്കുന്നതായി നവ് ജ്യോദ് സിങ് സിദ്ദു അറിയിച്ചിരുന്നു. പഞ്ചാബിന് വേണ്ടിയാണ് തീരുമാനമെന്നും സത്യത്തിനായി പോരാടുമെന്നും സിദ്ദു പറഞ്ഞിരുന്നു. പഞ്ചാബിനായി എന്തും ത്യജിക്കാന്‍ തയാറാണെന്നും സിദ്ദു വ്യക്തമാക്കിയിരുന്നു.

പഞ്ചാബില്‍ പുതുതായി ചുമതലയേറ്റ ചന്നി സര്‍ക്കാരില്‍ തന്റെ അനുയായികളായ എംഎല്‍എമാരെ ഉള്‍പ്പെടുത്താതിരുന്നതില്‍ സിദ്ദുവിന് കടുത്ത അമര്‍ഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ സിദ്ദുവിനെ എഐസിസി നേതൃത്വം പൂര്‍ണമായും മാറ്റി നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. കഴിഞ്ഞ ജൂലൈയില്‍ ആണ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.