സൗജന്യ ചികിത്സ, ഹെല്‍ത്ത് കാര്‍ഡ്; പഞ്ചാബിൽ വൻ വാഗ്‌ദാനങ്ങളുമായി അരവിന്ദ് കെജ്രിവാൾ

സൗജന്യ ചികിത്സ, ഹെല്‍ത്ത് കാര്‍ഡ്; പഞ്ചാബിൽ വൻ വാഗ്‌ദാനങ്ങളുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബില്‍ വമ്പൻ വാഗ്‌ദാനങ്ങളുമായി ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബില്‍ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന് മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മെഗാ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

തന്റെ പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ കഴിയുമെങ്കില്‍, പഞ്ചാബിലും അതിന് സാധിക്കുമെന്ന് കെജ്രിവാൾ ഉറപ്പുനല്‍കി. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2022ലാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

പഞ്ചാബിലെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ ആരോഗ്യ പരിചരണ സൗകര്യങ്ങള്‍, എല്ലാവര്‍ക്കും സൗജന്യ ചികിത്സ, മരുന്നുകള്‍, എല്ലായ്‌പ്പോഴും മരുന്നുകള്‍ ലഭ്യമാണെന്ന് ഉറപ്പാക്കും, എല്ലാ പൗരന്മാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ്, ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്ക് മാതൃകയില്‍ സംസ്ഥാനത്തുടനീളം 16,000 'പിന്ഡ് ക്ലിനിക്ക്' തുടങ്ങിയവയാണ് ആം ആദ്മിയുടെ വാഗ്ദാനങ്ങൾ.

പഞ്ചാബിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും നവീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതേസമയം സ്ഥാനാര്‍ത്ഥി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 'സമയം വരുമ്പോൾ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു നല്ല മുഖ്യമന്ത്രിയെ നല്‍കും. അത് ആരുമാകാം. ഞങ്ങള്‍ ഇപ്പോള്‍ അതേക്കുറിച്ച്‌ ചിന്തിക്കുന്നില്ല' എന്ന് കെജ്രിവാൾ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ' വലിയ പ്രതീക്ഷകളോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ ഇന്ന് ജനങ്ങള്‍ സര്‍ക്കാരിനെ പരിഹസിക്കുന്നു. പാര്‍ട്ടിയില്‍ അധികാരത്തിനായുള്ള വൃത്തികെട്ട പോരാട്ടം നടക്കുന്നു. അവരുടെ എല്ലാ നേതാക്കളും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന്' ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.