സൗരയൂഥത്തിലെ നിഗൂഢ ഗ്രഹമായ ബുധന്റെ ചിത്രങ്ങള്‍ പകര്‍ത്തി ബെപി കൊളംബോ

സൗരയൂഥത്തിലെ നിഗൂഢ ഗ്രഹമായ ബുധന്റെ ചിത്രങ്ങള്‍ പകര്‍ത്തി ബെപി കൊളംബോ

പാരീസ്: യൂറോപ്യന്‍-ജാപ്പനീസ് സ്‌പേസ് ഏജന്‍സികളുടെ സംയുക്ത ദൗത്യമായ ബെപി കൊളംബോ ബഹിരാകാശ പേടകം സൂര്യന്റെ ഏറ്റവും അടുത്ത ഗ്രഹമായ ബുധന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ഗ്രഹത്തിന്റെ ഉപരിതലത്തില്‍നിന്ന് 200 കിലോമീറ്റര്‍ അകലെനിന്നുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് ബെപി കൊളംബോയിലെ കാമറകള്‍ പകര്‍ത്തിയത്.

ഗ്രഹത്തിന്റെ വടക്കന്‍ അര്‍ദ്ധഗോളത്തില്‍നിന്നുള്ള ചിത്രങ്ങളാണ് പേടകം വെള്ളിയാഴ്ച രാത്രി 11.34 ന് പകര്‍ത്തിയത്. ബുധന്റെ സ്വഭാവ സവിശേഷതകള്‍ ചിത്രത്തില്‍ പ്രകടമാണ്. 166 കിലോമീറ്റര്‍ വീതിയുള്ള ലെര്‍മോണ്ടോവ് എന്ന വലിയ ഗര്‍ത്തവും കാണാം.

ബുധന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറച്ച് കൂടുതല്‍ നിയന്ത്രണം സാധ്യമാക്കിയാണ് ചിത്രം എടുത്തത്. 2025-ല്‍ ബുധന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പായി ആറു തവണ അടുത്തുകൂടി പറത്താനാണു ശാസ്ത്രലോകം ലക്ഷ്യമിടുന്നത്. അതില്‍ ആദ്യത്തെ ശ്രമത്തിലാണ് ചിത്രം പകര്‍ത്തിയത്.

യൂറോപ്യന്‍ ഏജന്‍സിയുടെയും ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെയും സംയുക്ത സംരംഭമായ ബെപി കൊളംബോ 2018-ലാണ് വിക്ഷേപിച്ചത്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനിലേക്കുള്ള യാത്രയ്ക്കിടെ ഭൂമിയെയും രണ്ട് തവണ ശുക്രനെ മറികടന്നു. നേരത്തെ ശുക്രന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ബെപികൊളംബോ പകര്‍ത്തിയിരുന്നു.

സമീപത്തുകൂടി പലതവണ പറക്കാതെ ബുധനിലേക്കെത്തുന്നത് ബുദ്ധിമുേട്ടറിയ പ്രക്രിയയാണ്. പേടകത്തിന്റെ വേഗം കുറച്ച് ഭ്രമണപഥത്തിലേക്കു പ്രവേശിപ്പിക്കാന്‍ ഇനി അഞ്ചു തവണ കൂടി ഗ്രഹത്തിന്റെ അടുത്തു കൂടി പറക്കേണ്ടതുണ്ട്. ഇതുവരെയുള്ള ഗ്രഹാന്തര ദൗത്യങ്ങളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഇത്. 150 കോടി യൂറോയാണ് ചെലവ്.

തീവ്ര താപനില, സൂര്യനില്‍ നിന്നുള്ള തീവ്രതയേറിയ ഗുരുത്വാകര്‍ഷണം, സൗരവികിരണം തുടങ്ങിയ കാരണങ്ങളാല്‍ നരക തുല്യ അവസ്ഥയാണ് ബുധനിലുള്ളത്. സൗരയൂഥത്തിന്റെ മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് പരിമിതമായ അറിവു മാത്രമേ ശാസ്ത്രലോകത്തിന് ബുധനെക്കുറിച്ച് ലഭിച്ചിട്ടുള്ളൂ.

സൗരയൂഥത്തിലെ ഏറ്റവും നിഗൂഢമായ ഗ്രഹത്തിന്റെ കാമ്പ് മുതല്‍ ഉപരിതലത്തിലെ പ്രവര്‍ത്തനങ്ങള്‍ വരെ പഠനവിധേയമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ബുധന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഇതിലൂടെ സാധ്യമാകും.

ബെപിയില്‍ രണ്ട് ബഹിരാകാശ പേടകങ്ങളാണുള്ളത്. 2025-ല്‍ പേടകം രണ്ട് ഭാഗങ്ങളാകുകയും മെര്‍ക്കുറി പ്ലാനറ്ററി ഓര്‍ബിറ്റര്‍ എന്ന യൂറോപ്യന്‍ ദൗത്യം ബുധന്റെ ഉള്‍ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. അതേസമയം, ജപ്പാന്‍ നിര്‍മിച്ച മിയോ ദൗത്യം വിദൂരത്ത് നിന്ന് ബുധന്റെ വിവരങ്ങള്‍ ശേഖരിക്കും.

ബുധന്റെ ഉപരിതലം ഉല്‍ക്കാ പതനം മൂലമുള്ള നിരവധി ഗര്‍ത്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ചന്ദ്രനോടാണ് കൂടുതല്‍ സാദൃശ്യം. നിരപ്പായ സമതലങ്ങളും ബുധനില്‍ കാണാം. ഗ്രഹത്തിന്റെ ഉപരിതല താപനില -180 മുതല്‍ +430 വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു.

ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞനും എന്‍ജിനീയറുമായ ഗ്യൂസെപ്പെ (ബെപി) കൊളംബോയുടെ പേരിലാണ് ദൗത്യം അറിയപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.